നവകേരള സദസ്സ്: തങ്ങളുടെ ബുദ്ധി പിആർ ഏജൻസിക്ക് പണയം വെച്ചവരുടെ പ്രതികരണമാണ് യുഡി‌എഫിന്റേതെന്ന് മുഖ്യമന്ത്രി

കണ്ണൂർ: നവകേരള സദസിനെതിരായ രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പി ആര്‍ ഏജന്‍സിയുടെ കൈകളില്‍ ബുദ്ധി പണയം വെച്ചവരുടെ പ്രതികരണം മാത്രമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് സർക്കാർ പരിപാടിയാണ്. ഈ പരിപാടിയിൽ യുഡിഎഫ് സഹകരിക്കുന്നില്ലെന്നു മാത്രമല്ല അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

25,000 പേരെ ഒരുമിച്ച് കാണാൻ കഴിയില്ലെന്ന് എല്ലാവർക്കും അറിയാം. അവർക്കുവേണ്ടിയാണ് ഓരോ പ്രതിനിധിയും ഇവിടെ ഇരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരിപാടിയിലെ തിരക്ക് മൂലമുണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കുന്നതിന് വേദികളിൽ നിവേദനം നൽകാനുള്ള സംവിധാനം ഒരുക്കുന്നതിന് ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

കാസർകോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 14,232 അപേക്ഷകൾ ലഭിച്ചു. മഞ്ചേശ്വരം – 1908, കാസർകോട് – 3,451, ഉദുമ – 3,733, കാഞ്ഞങ്ങാട് – 2,840, തൃക്കരിപ്പൂർ – 23,000. രണ്ട് ദിവസത്തെ അനുഭവത്തിന് ശേഷം നവകേരള സദസ് നടക്കുന്ന വേദികളെ സംബന്ധിച്ച നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്നതിന് ഓരോ കേന്ദ്രത്തിലും ഇരുപതോളം കൗണ്ടറുകൾ ഇന്ന് മുതൽ പ്രവർത്തിക്കുന്നുണ്ട്.

ഭവനരഹിതരില്ലാത്ത കേരളം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധതയോടെയാണ് മുന്നോട്ട് പോകുന്നതെന്നും ലൈഫ് മിഷന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം 71,861 വീടുകളുടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ 1,41,257 വീടുകൾ നിർമാണത്തിന് കരാർ നൽകിയത്. ഇതിൽ 15,518 വീടുകൾ പൂർത്തീകരിച്ചു. ലക്ഷ്യത്തേക്കാൾ ഇരട്ടി വീടുകളാണ് നിർമിക്കുന്നത് എന്നത് ലൈഫ് മിഷന്‍ തകർന്നെന്ന് ബോധപൂർവം പ്രചരിപ്പിക്കുന്നവർക്കുള്ള മറുപടിയാണ്. എല്ലാവരും സുരക്ഷിത ഭവനത്തിൽ താമസിക്കണമെന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ രൂപീകരിച്ചത്. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും ഗൗരവതരമാണ്. എത്ര വലിയ വെല്ലുവിളികൾ നേരിട്ടാലും ലൈഫ് പദ്ധതിയുടെ ലക്ഷ്യം പൂർത്തീകരിക്കുന്നതിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ മുഴുവൻ മന്ത്രിമാരും സർക്കാർ സംവിധാനങ്ങളും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന നവകേരള സദസ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ജില്ലയിലെ പതിനൊന്ന് നിയോജക മണ്ഡലങ്ങളിൽ മൂന്ന് ദിവസങ്ങളിൽ ആയാണ് പരിപാടി. രാവിലെ 10ന് പയ്യന്നൂര്‍ പൊലീസ് മൈതാനിയിലാണ് ജില്ലയിലെ ആദ്യ പരിപാടി. ഉച്ചയ്ക്ക്‌ മൂന്നിന് പഴയങ്ങാടി മാടായിപ്പാറ പാളയം ഗ്രൗണ്ടിലും 4.30ന് തളിപ്പറമ്പ് ഉണ്ടപ്പറമ്പിലും ആറിന് ശ്രീകണ്‌ഠാപുരം ബസ് സ്റ്റാൻഡിന് സമീപവുമാണ് സദസ്.

നവംബർ 21 : പകല്‍ 11ന് ചിറക്കല്‍ പഞ്ചായത്ത് മന്ന മിനി സ്റ്റേഡിയത്തിലും മൂന്നിന് കണ്ണൂര്‍ കലക്‌ടറേറ്റ് മൈതാനിയിലും 4.30ന് പിണറായി കണ്‍വൻഷൻ സെന്‍റര്‍ പരിസരത്തും ആറിന് തലശേരി കോണോര്‍ വയല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലുമാണ് സദസ്.

നവംബർ 22 : പകല്‍ 11ന് പാനൂര്‍ പൂക്കോം റോഡിലെ വാഗ്ഭടാനന്ദ നഗറിലും പകല്‍ മൂന്നിന് മട്ടന്നൂര്‍ വിമാനത്താവളം ഒന്നാംഗേറ്റിന് സമീപവും 4.30ന് ഇരിട്ടി പയഞ്ചേരിമുക്ക് തവക്കല്‍ മൈതാനത്തുമാണ് പരിപാടി.

എല്ലാ സ്ഥലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് കലാപരിപാടികൾ ആരംഭിക്കും. സ്വാതന്ത്ര്യ സമര സേനാനികൾ, വിവിധ മേഖലകളിലെ പ്രമുഖർ, വനിതകൾ, യുവജന, കോളേജ് യൂണിയനുകളുടെ തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, പട്ടികജാതി-പട്ടികവർഗ പ്രതിഭകൾ, കലാകാരന്മാർ, പ്രശസ്തർ, അവാർഡ് ജേതാക്കൾ, തെയ്യം കലാകാരന്മാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരന്മാരുടെ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ മണ്ഡല സദസിൽ വിശിഷ്ടാതിഥികളാണ്.

 

Print Friendly, PDF & Email

Leave a Comment

More News