നവകേരള സദസ് ബസ്സിനു കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സിപി‌എം പ്രവര്‍ത്തകരുടെ മര്‍ദ്ദനം; മാധ്യമ പ്രവര്‍ത്തകരരെ ഭീഷണിപ്പെടുത്തി

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച നവകേരള സദസ് ബസിന് നേരെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സിപിഎം-ഡിവൈഎഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചു. കല്യാശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്താണ് കരിങ്കൊടി പ്രതിഷേധം നടന്നത്. നവകേരള സദസിനും ബസിനുമെതിരായ ആദ്യ പ്രതിഷേധമാണിത്. ഈ ദൃശ്യങ്ങൾ പകർത്തിയ മാധ്യമ പ്രവർത്തകരും ആക്രമിക്കപ്പെട്ടു.

പ്രതിഷേധക്കാരെ പോലീസ് മർദിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കരിങ്കൊടി കാട്ടി പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വളഞ്ഞിട്ട് മർദിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹൻ, സുധീഷ് വെള്ളച്ചാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മര്‍ദ്ദനത്തില്‍ പരിക്കേറ്റവരെ തളിപ്പറമ്പിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഘര്‍ഷത്തെ തുടര്‍ന്ന് കരിങ്കൊടി കാണിച്ചവരുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സി.പി.എം പ്രവര്‍ത്തകരും സ്ഥലത്ത് തടിച്ചുകൂടി. ചില പ്രവർത്തകർ സ്റ്റേഷനിൽ അതിക്രമിച്ചു കയറി. ഇവരെ പോലീസ് പിന്തിരിപ്പിച്ചു. ഈ ദൃശ്യങ്ങൾ പുറത്ത് നിന്ന് പകർത്തിയ കോൺഗ്രസ്-ലീഗ് പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാർ മർദിച്ചു. പോലീസ് നോക്കി നിൽക്കെയാണ് ക്രൂര മർദനം.

Print Friendly, PDF & Email

Leave a Comment

More News