വിവേകാനന്ദനും സാദ്ധ്വിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ

പരമഹംസാചര്യ ശിഷ്യൻ വിവേകാനന്ദൻ
ഭാരത ഖണ്ഡത്തിന്റെസമ്പത്തും സൗഭാഗ്യവും!
സംപൂജ്യൻ സമാരാദ്ധ്യൻ അഗാധ പാണ്ഡിത്യത്തിൻ
സമ്പുടം സഹർഷം തൻ ശിരസ്സിൽ പേറുന്നവൻ!

ആർഷ ഭാരത പരി പാവന സംസ്കാരത്തെ
ആഗോള പ്രശസ്തമായ് മാറ്റിയ മഹാരഥൻ!
വിജ്ഞാന പ്രദായിയാം ആത്മീയ ഗ്രന്ഥങ്ങളും
വിവിധ സൂക്തങ്ങളും പാരിനു സമ്മാനിച്ചോൻ!

ഒരുനാളൊരു മാന്യ മഹതി യശസ്വിയാം
ഗുരു വിവേകാനന്ദ സ്വാമിയോടിദം ചൊന്നാൾ:
“സ്വാമിജീ! സമർത്ഥനാംഅവിടുന്നെനിയ്ക്കൊരു
സാത്ത്വിക ഗുണമുള്ള പുത്രനെ തരേണമേ”!

സാദ്ധ്വിയാമവളിദം അഞ്ജലി കൂപ്പി ചൊൽകെ
സാധുവാം തപോധനൻസ്വാമിജി ചൊന്നാനുടൻ:
“ഭവതീ! എന്നിൽ നിന്നും വേണ്ടതുസൽപുത്രനേൽ
അവശ്യം നൽകാം തെല്ലും കാല വിളംബമെന്യേ”!

“നിശ്ചലമൊരു മാത്ര മിഴികൾ പൂട്ടി മുന്നിൽ
നിൽക്കുകിൽ അഭിലാഷം സാധിയ്ക്കും സുനിശ്‌ചയം”!
സുസ്മിതം തൂകി വിവേകാനന്ദനിദം ചൊൽകെ
വിസ്മയം പ്രതീക്ഷിച്ചാ സ്ത്രീരത്നം നിന്നാൾ ചാരെ!

“അക്ഷികൾ തുറന്നിനിയാശങ്കയെന്യേയുടൻ
വീക്ഷിയ്ക്ക ജഗദീശൻ തന്നൊരീ വരദാനം!
സാത്ത്വിക ഗുണമെഴും സൽപുത്ര നില്ലാദുഃഖം
സത്വരം മറഞ്ഞമ്മ ആനന്ദ ബാഷ്പം തൂകും”!

വാചാമ ഗോചരമാം ആനന്ദത്തോടാ നാരീ
വിളംബമെന്യേ തന്റെ അക്ഷികൾ തുറന്നപ്പോൾ,
കൈതവ മൽപ്പം പോലുമേശാത്ത സ്മിതം തൂകി
കൈ കൂപ്പി വിനമ്രനായ് സ്വാമിജി നിൽപ്പൂ മുന്നിൽ!

“അമ്മയാവശ്യപ്പെട്ടസൽപുത്ര നിതാ നിൽപ്പൂ
സന്മനോ ഭാവത്തോടെ സ്വീകരിച്ചാലും മാതേ”!

Print Friendly, PDF & Email

One Thought to “വിവേകാനന്ദനും സാദ്ധ്വിയും (കവിത): തൊടുപുഴ കെ ശങ്കർ മുംബൈ”

  1. Prof.Dr. Mohan Vamadevan

    വളരെ നല്ല രചനയും സമ്പുഷ്ടമായ വിഷയവും അഭിനന്ദനങ്ങൾ സാർ ആദരങ്ങൾ

Leave a Comment

More News