അബ്ദുൾ റഹീമിന് വേണ്ടി ജാതിമതഭേദമന്യേ കേരളം കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപ

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എ.പി.അബ്ദുൽ റഹീമിൻ്റെ മോചനത്തിനായി ജാതിമതഭേദമന്യേ കേരളം കൈകോർത്തു. അദ്ദേഹത്തിന്റെ വധശിക്ഷ ഒഴിവാക്കാനും ജയില്‍ മോചനം ഉറപ്പാക്കാനും വേണ്ടിവരുന്ന 34 കോടി രൂപയാണ് സമാഹരിച്ചത്. മുഴുവൻ തുകയും അടയ്‌ക്കാനുള്ള സമയപരിധിക്ക് മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ധനസമാഹരണം പൂർത്തിയാക്കിയത്. 34,45,46,568 രൂപയാണ് ചാരിറ്റി ഫണ്ട് കളക്ഷൻ കമ്മിറ്റിക്ക് ഇതുവരെ ലഭിച്ചത്.

പിരിച്ചെടുത്ത പണം എംബസി വഴി സൗദിഅറേബ്യന്‍ അധികൃതര്‍ക്ക് കൈമാറും. ലോകമെമ്പാടുമുള്ള മലയാളികളും സാധാരണക്കാരുമെല്ലാം ധനസമാഹരണത്തിൽ പങ്കാളികളായി. ഏപ്രിൽ 16ന് അബ്‌ദുൾ റഹീമിന്‍റെ വധശിക്ഷ നടപ്പാക്കുമെന്നാണ് സൗദി അധികൃതര്‍ അറിയിച്ചത്.

സൗദി അറേബ്യയിൽ 18 വർഷമായി ജയിലിൽ കഴിയുകയാണ് അബ്ദുല്‍ റഹീം. സൗദി പൗരന്‍ 15 കാരനായ അനസ് അൽ-ഷാഹ്‌രിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് അബ്ദുൾ റഹീമിന് സൗദി കോടതി വധശിക്ഷ വിധിച്ചത്.
2006 ഡിസംബറിൽ ഹൈപ്പർ മാർക്കറ്റിലേക്ക് പോകുന്നതിനിടെ ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാൻ അനസ് റഹീമിനെ നിർബന്ധിച്ചു. ആവശ്യം അംഗീകരിക്കാതിരുന്ന റഹീമിന്‍റെ മുഖത്ത് തുപ്പിയ അനസിനെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ അനസിന്‍റെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷാ ഉപകരണത്തിൽ കൈ തട്ടിയാണ് മരണം സംഭവിച്ചത്.

റഹീമിന്‍റെ സ്പോൺസറായ ഫായിസ് അബ്‌ദുള്ള അബ്‌ദുറഹ്മാൻ അൽശഹ്രിയുടെ മകനാണ് അനസ്. ചലന ശേഷിയില്ലാത്ത അനസിനെ ശുശ്രൂഷിക്കലായിരുന്നു റഹീമിന്‍റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. ജോലിക്കായി അബ്‌ദുൾ റഹീം റിയാദിലെത്തി 28-ാമത്തെ ദിവസമാണ് അനസിന്‍റെ മരണം.

തുടര്‍ന്ന് ജയിലിലായ റഹീമിന്റെ വധശിക്ഷ ഏപ്രിൽ 16 ന് നടപ്പാക്കുമെന്ന് സൗദി സർക്കാർ പ്രഖ്യാപിച്ചിരുന്നു. അതിന് മുൻപ് ബ്ലഡ് മണിയായി 34 കോടി രൂപ നൽകിയാൽ ഇയാളെ വെറുതെ വിടുമെന്നും ഭരണകൂടം അറിയിച്ചിരുന്നു. തുടർന്നാണ് കേരളത്തിൽ ധനസമാഹരണം ആരംഭിച്ചത്. ഒരു കോടി രൂപ നൽകിയ ബോബി ചെമ്മണ്ണൂർ തുക സമാഹരിക്കാനായി തിരുവനന്തപുരം മുതൽ കാസർകോട് വരെ യാചകയാത്രയും ആരംഭിച്ചിരുന്നു.

ഈദ് ദിനത്തില്‍ മലപ്പുറം ജില്ലയിൽ പലയിടത്തും ഈദ്ഗാഹുകളിലും പള്ളികളിലും പ്രത്യേക പണപ്പിരിവ് നടത്തി. കാളികാവ് അഞ്ചച്ചവിടി എൻഎസ്‌സി ക്ലബ്ബ് പ്രവർത്തകർ പെരുന്നാളിന് വിനോദയാത്ര പോകാറുണ്ട്. ഇത്തവണ പതിവ് യാത്ര മാറ്റി ധനസമാഹരണത്തിനായി റോഡിലിറങ്ങി.

വാണിയമ്പലം റെയിൽവേ ഗേറ്റിനു സമീപം നടത്തിയ പിരിവിൽ അഞ്ച് മണിക്കൂർ കൊണ്ട് 67,000 രൂപയാണ് സമാഹരിച്ചത്. അങ്ങിനെ ഒരു മണിക്കൂറിൽ ഒരു ലക്ഷം രൂപ വരെ അക്കൗണ്ടിലേക്ക് എത്തിയ സന്ദർഭം വരെ ഉണ്ടായി.

 

Print Friendly, PDF & Email

Leave a Comment

More News