ഹള്റതു സാലികീൻ: മർകസിൽ ദർസുകൾക്ക് പഠനാരംഭം കുറിച്ചു

കോഴിക്കോട്: വിശുദ്ധ റമളാനിലെ വാർഷിക അവധിക്ക് ശേഷം അദ്ധ്യനമാരംഭിക്കുന്ന കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ദർസുകൾക്ക് മർകസിൽ പഠനാരംഭം കുറിച്ചു. ശൈഖ് സൈനുദ്ധീൻ മഖ്ദൂം രണ്ടാമൻ രചിച്ച വിശ്വപ്രസിദ്ധ കർമശാസ്ത്ര ഗ്രന്ഥമായ ഫത്ഹുൽ മുഈൻ ചൊല്ലിക്കൊടുത്ത് സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പഠനാരംഭത്തിന് നേതൃത്വം നൽകി. മതപരമായ അറിവുകൾ പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സമൂഹമധ്യേ മാതൃകായോഗ്യമായ ജീവിതം നയിക്കണമെന്നും ദർസുകൾ പൊതുജനങ്ങൾക്ക് ഉപകാരപ്പെടും വിധം സജ്ജീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളമുള്ള 40 ദർസുകളിലെ അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽ സംബന്ധിച്ചു.

രാവിലെ പത്തോടെ മർകസ് കൺവെൻഷൻ സെന്ററിൽ സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച പഠനാരംഭ ചടങ്ങ് സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കെ.കെ അഹ്‌മദ്‌ കുട്ടി മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് സന്ദേശ ഭാഷണം നടത്തി. വി.പി.എം ഫൈസി വില്യാപ്പള്ളി, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല, അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ, അബ്ദുലത്തീഫ് മുസ്‌ലിയാർ കുറ്റിക്കാട്ടൂർ, അബ്ദു സത്താർ കാമിൽ സഖാഫി, സയ്യിദ് ജസീൽ കാമിൽ സഖാഫി സംബന്ധിച്ചു. കുഞ്ഞിമുഹമ്മദ് സഖാഫി പറവൂർ സ്വാഗതവും സി. പി ഉബൈദുല്ല സഖാഫി നന്ദിയും പറഞ്ഞു.

ഫോട്ടോ: മർകസിൽ നടന്ന ദർസ് പഠനാരംഭത്തിന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകുന്നു.

Print Friendly, PDF & Email

Leave a Comment

More News