സിഖ് വിഘടനവാദി നേതാവ് നിജ്ജാറിൻ്റെ കൊലപാതകം: മൂന്ന് ഇന്ത്യൻ പൗരന്മാരെ കനേഡിയൻ പോലീസ് അറസ്റ്റ് ചെയ്തു

ഒട്ടാവ: 2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ കനേഡിയൻ പോലീസ് വെള്ളിയാഴ്ച അറസ്റ്റു ചെയ്തു.

2023 ജൂൺ 18-ന് സറേയിലെ ഗുരു നാനാക് സിഖ് ഗുരുദ്വാരയുടെ പാർക്കിംഗ് ലോട്ടിൽ വെച്ച് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിനും കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതിനും മൂന്ന് പേരെ അറസ്റ്റു ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തതായി റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (RCMP) വെള്ളിയാഴ്ച അറിയിച്ചു .

കരൺ ബ്രാർ (22), കമൽപ്രീത് സിംഗ് (22), കരൺപ്രീത് സിംഗ് (28) എന്നിവരാണ് അറസ്റ്റിലായത്. മൂന്നുപേരും എഡ്മണ്ടനിൽ താമസിച്ചിരുന്ന ഇന്ത്യൻ പൗരന്മാരാണ്. വെള്ളിയാഴ്ച വിവിധ സമയങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങളില്ലാതെയാണ് മൂവരേയും കസ്റ്റഡിയിലെടുത്തതെന്ന് RCMP സൂപ്രണ്ട് മൻദീപ് മൂക്കർ പറഞ്ഞു.

Hardeep Singh Nijjar

ഇന്ത്യാ ഗവണ്മെന്റിന് കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പോലീസ് ഇപ്പോഴും അന്വേഷിക്കുന്നുണ്ട്. എന്നാൽ, ഇന്ത്യൻ പോലീസുമായുള്ള കനേഡിയൻ പോലീസിൻ്റെ ബന്ധം “വെല്ലുവിളി നിറഞ്ഞതും ബുദ്ധിമുട്ടുള്ളതുമാണ്” എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സൂപ്രണ്ട് മൻദീപ് മൂക്കർ, ഇൻ്റഗ്രേറ്റഡ് ഹോമിസൈഡ് ഇൻവെസ്റ്റിഗേഷൻ ടീമിൻ്റെ (IHIT) ഓഫീസര്‍ ഇന്‍‌-ചാര്‍ജ്, അസിസ്റ്റൻ്റ് കമ്മീഷണർ ഡേവിഡ് ടെബൗൾ, പസഫിക് മേഖലയിലെ ഫെഡറൽ പോലീസിംഗ് പ്രോഗ്രാമിൻ്റെ കമാൻഡർ, അസിസ്റ്റൻ്റ് കമ്മീഷണർ ബ്രയാൻ എഡ്വേർഡ്സ്, സറേ RCMP ഡിറ്റാച്ച്‌മെൻ്റിൻ്റെ ഓഫീസർ ഇൻ-ചാർജ് , സറേയിലെ ബിസി ആർസിഎംപി ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്തു.

ഇപ്പോൾ, നീതിന്യായ വ്യവസ്ഥയോടുള്ള അസന്ദിഗ്ധമായ പ്രതിബദ്ധതയോടെയും ഈ വിഷയത്തിൽ വരാനിരിക്കുന്ന ജുഡീഷ്യൽ നടപടികളോടുള്ള ആദരവോടെയും, പോലീസ് ശേഖരിച്ച തെളിവുകളുടെ സ്വഭാവത്തെക്കുറിച്ച് ഞങ്ങൾക്ക് ഒരു അഭിപ്രായവും പറയാൻ കഴിയില്ല, അതിനെക്കുറിച്ച് സംസാരിക്കാനും കഴിയില്ലെന്ന് അസി. കമ്മീഷണര്‍ ഡേവിഡ് ടെബൗള്‍ പറഞ്ഞു. ഇന്നത്തെ പ്രഖ്യാപനങ്ങൾ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ പ്രവർത്തനങ്ങളുടെ പൂർണ്ണമായ വിവരണമല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയങ്ങളിൽ സമഗ്രമായ അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. തീർച്ചയായും ഇന്ന് അറസ്റ്റിലായ ആളുകളുടെ പങ്കാളിത്തത്തിൽ മാത്രം അന്വേഷണം പരിമിതപ്പെടുന്നില്ല. ഇന്ത്യാ ഗവൺമെൻ്റുമായുള്ള അന്വേഷണ ബന്ധങ്ങളും പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം ഇവിടെ അവസാനിക്കുന്നില്ലെന്നും, ഈ നരഹത്യയിൽ പങ്കുവഹിച്ച മറ്റുള്ളവര്‍ അവര്‍ ആരായാലും അവരെ ഓരോരുത്തരെയും തിരിച്ചറിയുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് സൂപ്രണ്ട് മന്‍‌ദീപ് മൂക്കര്‍ പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News