ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ ഗാസയില്‍ കടുത്ത പോരാട്ടം ഉണ്ടാകും: ബെഞ്ചമിന്‍ നെതന്യാഹു

ജറുസലേം: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ച് ഈ ആഴ്ച അവസാനത്തോടെ ബന്ദികളെ വിട്ടയച്ചില്ലെങ്കില്‍ ഗാസയിൽ വീണ്ടും ഉഗ്രമായ പോരാട്ടം ആരംഭിക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ചൊവ്വാഴ്ച ഭീഷണിപ്പെടുത്തി. ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് വിസമ്മതിച്ചത് വെടിനിർത്തൽ കരാറിനെ കൂടുതൽ സംഘർഷഭരിതമാക്കി എന്ന് അദ്ദേഹം പറഞ്ഞു.

ശനിയാഴ്ച ഉച്ചയോടെ ഹമാസ് ബന്ദികളെ തിരിച്ചയച്ചില്ലെങ്കിൽ വെടിനിർത്തൽ അവസാനിക്കുമെന്നും, ഹമാസ് നിർണായകമായി പരാജയപ്പെടുന്നതുവരെ ഐഡിഎഫ് (ഇസ്രായേൽ സൈന്യം) തീവ്രമായ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഗാസയിൽ ബന്ദികളാക്കിയ ആളുകളെ സംബന്ധിച്ച് ഹമാസിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകിയിരിക്കുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് ഗാസയിലെ ബാക്കിയുള്ള ബന്ദികളെ വിട്ടയച്ചില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന് അദ്ദേഹം ഹമാസിന് മുന്നറിയിപ്പ് നൽകി. ട്രംപിന്റെ മുന്നറിയിപ്പ് നിരസിച്ച ഹമാസ്, എല്ലാ കക്ഷികളും വെടിനിർത്തൽ മാനിച്ചാൽ മാത്രമേ ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കൂ എന്ന് പറഞ്ഞു. ഇസ്രായേലാണ് നേരത്തേ വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് ഹമാസ് ആരോപിച്ചു. അതുമൂലം കൂടുതൽ ബന്ദികളെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് പറഞ്ഞു.

ജനുവരി 19 ന് ഇസ്രായേലും ഹമാസും തമ്മിൽ വെടിനിർത്തലും ബന്ദികളെ മോചിപ്പിക്കലും സംബന്ധിച്ച് ഒരു കരാറിലെത്തിയിരുന്നു. ഈ കരാർ പ്രകാരം, ഹമാസ് ബന്ദികളെ ക്രമേണ മോചിപ്പിക്കുന്നതിനനുസൃതമായി ഇസ്രായേലും പലസ്തീൻ തടവുകാരെ മോചിപ്പിച്ചുകൊണ്ടിരിക്കുന്നു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഗാസയിലെ ശേഷിക്കുന്ന ബന്ദികളെ ഹമാസ് മോചിപ്പിക്കണമെന്ന് തിങ്കളാഴ്ചയാണ് ട്രം‌പ് വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. അത് സംഭവിച്ചില്ലെങ്കിൽ, ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ റദ്ദാക്കാൻ നിർദ്ദേശിക്കുമെന്നും, തുടർന്ന് ദുരന്തം സംഭവിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഈ വിഷയത്തിൽ തന്റെ വീക്ഷണങ്ങൾ ഹമാസിന് അവഗണിക്കാമെന്നും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തീരുമാനമെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News