പടിഞ്ഞാറേ മാനത്തെ
പവിഴപ്പൂമ്പാടത്ത്
പകലോനാം പുലയന്റെ
കാളപൂട്ട് !
ചേറിന്റെ മണമുള്ള
ചെന്താമരപ്പെണ്ണിൻ
മാറത്ത് പ്രണയത്തിൻ
കേളികൊട്ട് !
മാനത്തെ മാളോന്റെ
പാടത്തെപൊന്നാര്യൻ
താളത്തിലാടുമ്പോൾ,
കൊടിയുടുത്തു വെൺ
മേഘത്തിൻ പന്തലിൽ
മോഹക്കാറെത്തുമ്പോൾ,
നാണംപുരണ്ട ചിരിയുമായ് താരകൾ
പൂവിളി പാടുമ്പോൾ,
താലിയണിഞ്ഞു തരളിതയായിവൾ
വ്രീളാവിവശയാകും, മാരന്റെ
മാറിൽപ്പടർന്നു കേറും !
താരകപ്പൂചൂടി
താളത്തിൽ, മേളത്തിൽ
രാവുകൾപാടുമ്പോൾ,
താമരപ്പൂമണ –
ക്കാറ്റിന്റെയോരത്തു
ചാരത്തിരിക്കുമ്പോൾ,
രോമാഞ്ച തീരത്തിലാരാരും കാണാത്ത
പൂവിതൾ നോവുമ്പോൾ,
ആദ്യത്തെ രാത്രിയി
ലാനെഞ്ചിൻ ചൂടിലോ –
രാവണിപ്പൂവാകും, പിന്നെ
രാവാകെ വീണുറങ്ങും !!