യുദ്ധം മുറിവുകൾ ഉണ്ടാക്കുന്നു. ആ മുറിവുകളിൽ നിന്ന് വാർന്നൊഴുകുന്നത് മനുഷ്യന്റെചോരയാണ് എന്നതിനാലാണ് യുദ്ധം എന്ന് കേൾക്കുമ്പോൾ ആഗോള മനുഷ്യ രാശി ആധിയോടെഞെട്ടി വിറയ്ക്കുന്നത്.
ചരിത്രത്തിൽ ചാല് വച്ചൊഴുകിയ ചോരപ്പുഴകൾക്ക് കാരണമായിത്തീർന്ന യുദ്ധങ്ങളിൽ മതങ്ങളും ഭരണാധികാരികളും മാത്രമല്ല വ്യക്തികൾ പോലും വില്ലന്മാരായി വന്നിട്ടുണ്ട് എന്നതാണ് സത്യം. കറുത്ത ചായം കൊണ്ട് കാലം അവരെ അടയാളപ്പെടുത്തിയിട്ടുണ്ട് എന്ന് സമ്മതിക്കുമ്പോളും ഓരോ യുദ്ധങ്ങളും പിറവിയെടുത്തതിന്റെ പിന്നിൽ അന്നന്ന് നിലനിന്ന സാഹചര്യങ്ങളുടെ സാദ്ധ്യതകൾ വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
ഓരോ സാഹചര്യങ്ങളും ന്യായമാണോ അന്യായമാണോ എന്ന് വിലയിരുത്തുവാനുള്ള സ്വാതന്ത്ര്യവും അവകാശവും ഓരോ വ്യക്തിയിലും നിക്ഷിപ്തമാണ് എന്ന് അംഗീകരിക്കുമ്പോളും ഓരോ യുദ്ധത്തിലും ആര് ജയിച്ചു എന്നും ആര് തോറ്റു എന്നുമുള്ള ചർച്ചകൾക്ക് യാതൊരു പ്രസക്തിയുമില്ല. എല്ലാ യുദ്ധങ്ങളിലും എല്ലാവരും തോൽക്കുന്നു എന്നുള്ളതല്ലാതെ ഒരു യുദ്ധത്തിലും ഒരുത്തനും ജയിച്ചതായി ചരിത്രം നമ്മോടു പറയുന്നുമില്ല.
ബൈബിൾ കഥയിലെ ആദിമ ദമ്പതികളുടെ ആണ്മക്കൾക്ക് ലോകം പപ്പാതി വീതിച്ചെടുക്കുന്നതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടായിരുന്നിട്ടും അവരിൽ ഒരുത്തൻ മറ്റവനെ കൊന്നു കളഞ്ഞു എന്ന് കഥാകാരൻ എഴുതുമ്പോൾ തന്റെയും താൻ ജീവിക്കുന്ന സമൂഹത്തിന്റെയും അടിമനസ്സിൽ ഉറങ്ങിക്കിടക്കുന്ന സ്വാർത്ഥത എന്ന ശക്തനായ സിംഹത്തിന്റെ ഭീതിതമായ ഒരു രേഖാചിത്രം കോറിയിടുവാനാണ് ക്രാന്തദർശിയായ എഴുത്തുകാരൻ ഇവിടെ പരിശ്രമിക്കുന്നത്.
ചരിത്രത്തിലും സങ്കൽപ്പത്തിലുമായി നിലനിൽക്കുന്ന മാനവ വർഗ്ഗ പ്രയാണങ്ങളിൽ എത്രയെത്ര അരുതായ്മകളുടെ കടമ്പകൾ കടന്നിട്ടാണ് നമ്മുടെ വർത്തമാനം നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് നമുക്കറിയാം. ശാസ്ത്ര സാങ്കേതിക വളർച്ചയുടെ പിൻബലത്തോടെ നിലവിലുള്ള യുദ്ധ സാഹചര്യങ്ങൾ എന്നത്തേയുംകാൾ ഭീകരമാണ് എന്നും എല്ലാവർക്കുമറിയാം.
എങ്കിലും അന്യഗ്രഹ പ്രതലങ്ങളിൽ കൂടു വയ്ക്കാനൊരുങ്ങി പറന്നകലുന്ന മനുഷ്യ രാശി ഏതൊരു നിമിഷവും തങ്ങളുടെ സ്വപ്നങ്ങളുടെ ശിരസ്സിലേയ്ക്ക് പറന്ന് വീഴാനിരിക്കുന്ന ഭൂഖണ്ഡാന്തര മിസ്സൈലുകളിൽ ഘടിപ്പിച്ചിട്ടുള്ള ആണവത്തലപ്പുകൾ പൊട്ടിച്ചിതറുന്ന ഭീകര നിമിഷങ്ങൾ കാതോർത്തിരിക്കുകയാണ് എന്ന നഗ്നസത്യം നമ്മിൽ എത്ര പേർ മനസ്സിലാക്കിയിട്ടുണ്ട് ?
എന്നിട്ടും എന്തിനാണീ യുദ്ധങ്ങൾ ?
സമാധാനത്തിന്റെ വെള്ളപ്പിറാവുകൾ കുറുകലുകളും കൂജനങ്ങളുമായി പറന്നു കളിക്കേണ്ട നീലാകാശത്ത് എന്തിനീ ശാസ്ത്ര സാങ്കേതിക പോർമുനകളുടെ ഭീകര ഹുങ്കാരവങ്ങൾ ? ഇതിനുള്ള വസ്തുനിഷ്ഠമായ ഉത്തരങ്ങൾ എന്ന നിലയിലാണ് എങ്ങിനെയൊക്കെയോ രൂപം കൊള്ളുന്ന സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾ നിസ്സഹായനായ മനുഷ്യനെ ആയുധമെടുപ്പിക്കുകയും പോരാടാൻ പ്രേരിപ്പിക്കുകയുമാണ് ചെയ്യുന്നത് എന്ന് വേദനയോടെ നമുക്ക് മനസ്സിലാവുന്നത്.
പശ്ചിമേഷ്യൻ ജനതകളുടെ പുരാതന ചരിത്ര നാൾ വഴികൾക്ക് ഇവിടെ യാതൊരു പ്രസക്തിയുമില്ല. നിലവിലുള്ള യുദ്ധ സാഹചര്യങ്ങൾ എങ്ങിനെ രൂപപ്പെട്ടു എന്ന് വളരെ ലളിതമായി ചിന്തിക്കുകയും അതിൽ അമേരിക്കൻ ഇടപെടലുകൾക്ക് എങ്ങിനെ കളമൊരുങ്ങി എന്ന് വിശകലനം ചെയ്തുകൊണ്ട് അമേരിക്കയുടെ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നു എന്ന ചോദ്യം ഉയർത്തുവാനാണ് ഞാൻ ശ്രമിക്കുന്നത്.
ഇറാൻ ഒരു പരമാധികാര രാഷ്ട്രമാണ് എന്ന വാസ്തവം എല്ലാ ബഹുമാനങ്ങളോടെയും അംഗീകരിക്കുന്നു. പ്രണയ ഗായകനായ ഒമർഖയ്യാമിന്റെ നാട് എന്ന നിലയിൽ പ്രതേക താല്പര്യവുമുണ്ട്.
കവിതയും സംഗീതവും ചിത്രകലയും വാസ്തുശില്പ വിസ്മയങ്ങളും നെഞ്ചിലേറ്റിയ ആ ജനത സ്വഭാവികമായും മനുഷ്യപക്ഷത്തു നിൽക്കേണ്ടവരും വിശ്വമാനവികതയുടെ കാവൽക്കാരായി വർത്തിക്കേണ്ടവരുമായിരുന്നു. എന്നാൽ, ഇടക്കാലത്ത് അധികാരം കയ്യടക്കിയ മത മേലാളന്മാർ ആ ജനതയുടെ സ്വത്വ ബോധത്തിന്റെയും മാനവിക സ്വപ്നങ്ങളുടെയും കഴുത്തു ഞെരിച്ചു കൊണ്ട്അവരെ മത അടിമകളാക്കി തങ്ങളുടെ ചാവേർ പാളയങ്ങളിൽ തളച്ചിട്ടു എന്നയിടത്താണ് യഥാർത്ഥ പ്രശ്നങ്ങൾ ഉടലെടുത്തത്.
തങ്ങളുടെ മതത്തിൽ ഉൾപ്പെടാത്തവനെ മതവിരോധി (കാഫർ) എന്ന് വിളിക്കുകയും അവനെ കൊന്നു കളയുന്നത് സ്വർഗ്ഗ പ്രാപ്തിക്കുള്ള യോഗ്യതയാകുമെന്ന് പഠിപ്പിക്കുയും ചെയ്യുന്ന ഒരു മതം അവരുടെ കാഴ്ചപ്പാട് നടപ്പാക്കുന്നതിനുള്ള ഉപാധിയായി ഒരു രാജ്യത്തെ ദുരുപയോഗം ചെയ്തതിന്റെ അനന്തര ഫലങ്ങളിലാണ് ഇന്ന് ലോകം മുഴുവൻ അനുഭവിക്കുന്ന ഒരു വേദനയായി പശ്ചിമേഷ്യ പരിണമിക്കുന്നത്.
തങ്ങളുടെ രാജ്യത്തു നിന്ന് ആയിരത്തഞ്ഞൂറോളം മൈലുകൾക്കലെയുള്ള കുഞ്ഞൻ രാജ്യമായ ഇസ്രായേലിലെ (ഇറാൻ ഒരു മനുഷ്യ ശരീരമാണെങ്കിൽ ഒരു കൈപ്പത്തിയുടെ വലിപ്പമേ ഇസ്രായേലിനുള്ളൂ) താമസക്കാരായ യഹൂദ വംശജർ തങ്ങളുടെ മത ബോധന പ്രകാരമുള്ള കാഫറുകൾ ആണെന്നും അവർ വധിക്കപ്പെടേണ്ടവർ ആണെന്നുമുള്ള മത പ്രബോധനമാണ് പശ്ചിമേഷ്യൻ സംഘർഷത്തിന്റെ അടിസ്ഥാന കാരണം എന്ന് വരുമ്പോൾ ഏതെങ്കിലും കാലത്ത്ആരോ എഴുതിയ മത സംഹിതകളേക്കാൾ ഉപരിയായി മനുഷ്യത്വത്തിന്റെ മാറ്റത്തോറ്റങ്ങൾ പാടുവാൻ മനുഷ്യ രാശി കടപ്പെട്ടിരിക്കുന്ന മാനവീകതയുടെ ഇക്കാലത്ത് പരസ്യമായി ഒരു തീയതി കുറിച്ച് അതിനുള്ളിൽ അവസാനത്തെ യഹൂദനെയും തടച്ചു മാറ്റിയിരിക്കും എന്ന് പരസ്യമായി പ്രഖ്യാപിച്ച ഇറാന്റെ നടപടി മനുഷ്യപക്ഷത്തു നിന്ന് ചിന്തിക്കുന്ന ഒരാൾക്കും അംഗീകരിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
എങ്കിലും അതിനായി അവർ രൂപീകരിച്ച ഭീകര സംഘങ്ങളുടെ (പ്രോക്സികൾ ) ക്രൂരതയിൽ മനുഷ്യമനസാക്ഷി മരവിച്ചു പോയ സംഭവങ്ങൾ എത്രയെങ്കിലുമുണ്ടെങ്കിലും രണ്ട് കൈകളും കൂട്ടിയടിച്ചാലേ ശബ്ദമുണ്ടാവൂ എന്ന ന്യായത്തോടെ തല്പര കക്ഷികൾ ഇതിനെ അവഗണിച്ചേക്കാം.
എന്നാൽ ധാർമ്മിക നീതിബോധം അധാർമ്മിക മതാന്ധതയ്ക്ക് അടിയറവ് വച്ച് സ്വയം ഭീകരവാദികളായി പരിചയപ്പെടുത്തുന്ന ഒരു രാജ്യം ആണവായുധ പ്രഹരത്തിനുള്ള ശേഷി നേടുകയും നിലവിലുള്ള യാതൊരു സംവിധാനങ്ങൾക്കും അവരുടെ മേൽ പ്രായോഗിക നിയന്ത്രണങ്ങൾക്കുള്ള അധികാരം ഇല്ലാതിരിക്കുകയും ചെയ്ത ഒരു സാഹചര്യത്തിൽ ലോകത്തിന്റെ നിലനില്പിൽ അഭിവാഞ്ചയുള്ള മനുഷ്യ സമൂഹത്തിന് അവർക്കെതിരെ പ്രതികരിക്കേണ്ടി വന്നു എന്നതാണ്സത്യം.
അന്യമതസ്ഥരായ കാഫറുകൾ എന്ന ഒറ്റക്കാരണം കൊണ്ട് ഒരു പരമാധികാര രാജ്യത്ത് അതിക്രമിച്ചു കയറി ആയിരക്കണക്കിന് മനുഷ്യരെ വധിക്കുകയും ബലാൽസംഗം ചെയ്യുകയും പിടിച്ചുകെട്ടികൊണ്ടുപോവുകയും ചെയ്ത അതി നിന്ദ്യമായ ആക്രമണം തന്നെയാണ് ചാരം ചൂടിക്കിടന്ന പശ്ചിമേഷ്യൻ കനലിനെ ഇന്നത്തെ നിലയിൽ ആളിക്കത്താൻ കാരണമായിത്തീർന്നത് എന്ന സത്യം ലോകം മനസ്സിലാക്കുന്നുണ്ട്.
ഗൾഫ് മേഖലയിലെ സൗഹൃദ രാജ്യങ്ങളും യു.എൻ.ഉൾപ്പടെയുള്ള ലോക സംഘടനകളും എത്രയോ മുൻപേ ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് പരിശ്രമിച്ചുവെങ്കിലും ആരെയും വക വയ്ക്കാതെ ഇറാൻ തങ്ങളുടെ മിസൈൽ ദൂര പരിധി വർദ്ധിപ്പിക്കുകയും അതിൽ ഘടിപ്പിക്കുന്നതിനുള്ളആണവായുധത്തിന്റെ അടിസ്ഥാന ഘടകമായ യുറേനിയം സമ്പുഷ്‌ടീകരണത്തിന്റെ അവസാനതലത്തിലേക്ക് എത്തിച്ചേരുകയും ചെയ്തപ്പോൾ സ്വാഭാവികമായും ഇസ്രയേലിന്റെ സഹായാഭ്യർത്ഥനക്ക് ചെവി കൊടുക്കാതിരിക്കുവാൻ ലോകത്തിന് കഴിഞ്ഞില്ല.
ഇസ്രയേലിന്റെ സഖ്യരാജ്യം എന്ന നിലയിലും ഗൾഫ് മേഖലയിലെ സ്വന്തം സ്ഥാപനങ്ങളുടെ സംരക്ഷകൻ എന്ന നിലയിലും അമേരിക്ക ഈ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു.
ലോകം അംഗീകരിക്കുന്ന സാമാന്യ നീതിബോധത്തിനും മുകളിൽ മത ശാസനകളെ പ്രതിഷ്ഠിച്ചിട്ടുള്ളഒരു രാജ്യം – ആ ശാസനകളിലൂടെ അന്യ മതസ്ഥനെ കൊന്നാൽ സ്വർഗ്ഗം വാഗ്ദാനം ചെയ്യുന്ന ഒരുമതം – ആ മതം ഉന്മൂലനത്തിനായി തലയെണ്ണി ചാപ്പയടിച്ചിട്ടുള്ള ഒരു കൂട്ടം മനുഷ്യർ – ഇവിടെ നിങ്ങളാണെങ്കിൽ എന്ത് ചെയ്യും ? ആരെങ്കിലും ആരെയെങ്കിലുമൊക്കെ കൊന്നോട്ടെ നമുക്കെന്ത്ചേതം എന്ന് കരുതി മിണ്ടാതിരിക്കുമോ? അതല്ലെങ്കിൽ ആഗോള മനുഷ്യ രാശിയുടെ ഒരു പ്രതിനിധി എന്ന നിലയിൽ ‘ അരുത് ‘എന്ന ഒറ്റവാക്ക് കൊണ്ടെങ്കിലും പ്രതികരിക്കുമോ?
‘യെസ് ‘ എന്നാണുത്തരമെങ്കിൽ അമേരിക്ക എന്ന മഹത്തായ രാജ്യം അത്രയേ ചെയ്യുന്നുള്ളു. നിവർത്തിയില്ലെങ്കിൽ നീതിമാൻ എന്ത് ചെയ്യും എന്ന സന്ദേഹത്തോടെ !

കഥയറിയാതെ ആട്ടം കണ്ടവനെപ്പോലെ ലേഖകന്‍ എന്തൊക്കെയോ കുത്തിക്കുറിച്ചിരിക്കുന്നു. തങ്ങളുടെ മതത്തില്‍ പെടാത്തവര്‍ കാഫിറുകളാണെന്നും അവരെയൊക്കെ കൊന്നു കളയണമെന്നൊന്നും ഇസ്ലാം മതം പഠിപ്പിക്കുന്നില്ല. എല്ലാ മതത്തിലുമുണ്ടല്ലോ ചില വിഷവിത്തുകള്‍. ക്രിസ്ത്യനും ഹിന്ദുവും മുസല്‍മാനും അതില്‍ പെടും. ഇസ്രായേലിനെയും ജൂതന്മാരെയും പുകഴ്ത്തുന്ന ലേഖകന്‍ അവരുടെ ചരിത്രവും ഒന്നു പഠിക്കുന്നത് നല്ലതാണ്. യേശുക്രിസ്തുവിനെ കൊന്ന് കുരിശില്‍ തറച്ച വര്‍ഗമല്ലേ അവര്‍? അവരെ ഇത്ര കണ്ട് പുകഴ്ത്തേണ്ട കാര്യമുണ്ടോ? വര്‍ത്തമാന കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണ് അമേരിക്ക ഭരിക്കുന്നത്. ആരെയും വകവെയ്ക്കാതെ, നിയമങ്ങളെയും കോടതിയേയും വെല്ലുവിളിച്ച് താനാണ് ഈ ലോകത്തിന്റെ അധിപന്‍ എന്ന് സ്വയം പ്രഖ്യാപിച്ച് ലോകത്ത് അശാന്തി വിതച്ചവന്‍, അയാള്‍ക്ക് കൂട്ടിനായി ഇസ്രായേല്‍ ഭരിക്കുന്നവനും…. ഇറാനില്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും തന്നെയല്ലേ ഇറാക്കില്‍ ചെയ്തത്? സദ്ദാം ഹുസൈന്‍ weapons of mass distruction ഉണ്ടാക്കുന്നുണ്ടെന്ന് പ്രഖ്യാപിച്ച് ആ രാജ്യത്ത് കടന്നു കയറി സര്‍വ്വതും നശിപ്പിച്ച് പതിനായിരക്കണക്കിന് നിരപരാധികളായ സ്ത്രീകളേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി, സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റിയതിനു ശേഷം അവിടെ weapons of mass distruction ഇല്ല എന്ന് കണ്ടു പിടിച്ചതും അമേരിക്ക തന്നെയല്ലേ? ഇറാനില്‍ യുറേനിയം സമ്പൂഷ്ടീകരണം നടക്കുന്നില്ലെന്ന് കണ്ടെത്തിയത് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ സംഘമല്ലേ? കൂടാതെ, അങ്ങനെ അവര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് കണ്ടുപിടിച്ച് ബോംബിട്ട് തകര്‍ത്തത് അമേരിക്ക തന്നെയല്ലേ? ചുരുക്കത്തില്‍ അമേരിക്കന്‍ സൈന്യം ഇസ്രായേലിന്റെ ക്വട്ടേഷന്‍ സംഘമാണെന്ന് സാരം. ആയുധ വില്പനയും ക്വട്ടേഷന്‍ ജോലിയുമല്ലാതെ അമേരിക്ക ലോകത്തിന് നല്‍കിയിട്ടുള്ള സംഭാവന എന്താണ്? സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്ന കുറെ ഇന്ത്യാക്കാര്‍ അമെരിക്കയിലുണ്ട്.. അവരിപ്പോഴും കവാത്ത് മറന്ന് ജീവിക്കുകയാണവിടെ… അമേരിക്കയെ വെള്ള പൂശിയാല്‍ അവര്‍ മാത്രമേ വെളുക്കൂ…. ലോകം വെളുക്കുകയില്ല.
ഇയാള്‍ പറയുന്നതു കേട്ടാല്‍ തോന്നും ട്രംപ് പച്ചപ്പാവമാണെന്ന്. കുരങ്ങിന്റെ കൈയ്യില്‍ പൂമാല കൊടുത്തതുപോലെയായി അമെരിക്കന്‍ പ്രസിഡന്റ്. നേരെ ചൊവ്വേ ഒരു വാചകം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത, ആരെയും എന്തും പറയാമെന്ന് ധരിച്ച് വെച്ചിരിക്കുന്ന ഒരു മരമണ്ടന്‍. അയാള്‍ക്ക് കുട പിടിക്കാനും ഓശാന പാടാനും കുറെ എഴുത്തുകാരും. കേരളത്തിലെ ചില പാതിരിമാര്‍ ഒരു കാലത്ത് ഹിന്ദുക്കള്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും തിരിഞ്ഞ് അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ലൗ ജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, റിയല്‍ എസ്റ്റേറ്റ് ജിഹാദ് എന്നൊക്കെ സംഘ്‌പരിവാറിനെ പഠിപ്പിച്ചത് ഈ പാതിരിമാരാണ്. ഒടുവില്‍ പാതിരിമാര്‍ കൊടുത്ത വടികൊണ്ട് അവര്‍ക്കിട്ട് തന്നെ സംഘ്പരിവാര്‍ തിരിച്ചു കൊട്ടാനും തുടങ്ങി. എന്താ ലേ…. ! കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ലേ ചൊല്ല്.
തല തിരിഞ്ഞവനെ സപ്പോര്‍ട്ട് ചെയ്യുന്ന കുറെ തലതിരിഞ്ഞ മലയാളികളാണ് അമേരിക്കയിലുള്ളതെന്ന് ലേഖനം വായിച്ചപ്പോള്‍ മനസ്സിലായി. ഇറാനെ അടിക്കാന്‍ കാരണമൊന്നുമില്ലാതെ കാത്തിരുന്ന അമേരിയ്ക്കയെ പ്രകോപിപ്പിച്ചത് ഇസ്രായേല്‍ ആണെന്ന് ലോകം മുഴുവന്‍ മനസ്സിലാക്കിയിട്ടും ലേഖകന്റെ തലയ്ക്കകത്ത് വെളിച്ചം വന്നിട്ടില്ല എന്ന് വ്യക്തമാണ്. ഹോര്‍മുസ് കടലിടുക്കിലൂടെ എല്ലാ രാജ്യക്കാരുടെയും കപ്പലുകള്‍ യാതൊരു തടസ്സവും കൂടാതെ പോയിക്കൊണ്ടിരുന്നതാണ്. എന്നിട്ട് ട്രംപ് എന്താണ് ചെയ്തത്? ഇറാനെ ആക്രമിച്ചു… അതോടെ അവര്‍ പ്രത്യാക്രമണം നടത്തി കൂട്ടത്തില്‍ ഹോര്‍മുസ് അടച്ചു. പിന്നെ അത് തുറപ്പിക്കാനാണെന്ന വ്യജേന ട്രംപ് കൂടുതല്‍ ആക്രമണം നടത്തി. അതും ഇസ്രായേല്‍ പറഞ്ഞിട്ട്. ഇസ്രായേലിനു വേണ്ടി ഗുണ്ടാപ്പണി ചെയ്യുന്ന ട്രംപിനെയാണ് ലേഖകന്‍ ന്യായീകരിക്കുന്നത്.. അതിന് കണ്ടുപിടിച്ച കാരണമോ… മുസ്ലിം, ഭീകരര്‍, മുസ്ലിമല്ലാത്തവരെല്ലാം കാഫിറുകള്‍… മുതലായവയും… എന്തു തന്നെയായാലും, ഇസ്രായേലിന്റെയും, ഇറാന്റെയും, അമേരിക്കയുടെയും ചരിത്രം ലവലേശം പോലും ലേഖകന് അറിയില്ല എന്നുറപ്പാണ്. അമേരിക്ക തന്നെ അധിനിവേശക്കാരുടെയും കുടിയേറ്റക്കാരുടെയും രാജ്യമാണ്. കൊളംബസ് അമെരിക്ക കണ്ടുപിടിച്ചു എന്നാണ് പറയുന്നത്. എന്നാല്‍, കൊളംബസ് അവിടെ എത്തുന്നതിനു മുമ്പ് തന്നെ അവിടെ തദ്ദേശീയ അമേരിക്കക്കാർ ഉണ്ടായിരുന്നു. അവരെ തുരത്തിയോടിച്ചാണ് കൊളമ്പസും സംഘവും ആധിപത്യം സ്ഥാപിച്ചത്. ആ ചരിത്രം ലേഖകന് അറിയാമായിരുന്നെങ്കില്‍ ഇത്തരത്തിലുള്ള മണ്ടത്തരങ്ങള്‍ എഴുതിപ്പിടിപ്പിക്കുകയില്ലായിരുന്നു. ഇപ്പോള്‍ ട്രംപ് ചെയ്യാന്‍ പോകുന്നതും അതു തന്നെയല്ലേ… 7000 വര്‍ഷത്തെ ചരിത്രപാരമ്പര്യമുള്ള ഒരു ജനതയെത്തന്നെ ഇല്ലാതാക്കി ഇറാനില്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്നു… അതിനെ പിന്താങ്ങി കുറെ മലയാളി എഴുത്തുകാരും… കഷ്ടമെന്നല്ലാതെ എന്തു പറയാന്‍… ?
എഡിറ്റര്‍ക്കൊരു ഉപദേശം: ഇത്തരത്തിലുള്ളവരെ നിങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. ആര് എന്ത് തോന്ന്യാസം എഴുതിയാലും അതപ്പാടെ പ്രസിദ്ധീകരിക്കുന്ന പ്രവണത നല്ലതല്ല.
ഷാഹുല്‍ ഹുസൈന്‍:
ജാതി-മത-വര്‍ഗ-രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഒരു വേദിയാണ് മലയാളം ഡെയ്‌ലി ന്യൂസ്. ഞങ്ങളുടെ പോളിസി വ്യക്തമായി നിരാകരണത്തില്‍ കൊടുത്തിട്ടുണ്ട് (സൈറ്റിന്റെ ഏറ്റവും അടിയില്‍ അത് കാണാം) .അത് ഇപ്രകാരമാണ്….. “DISCLAIMER: ARTICLES PUBLISHED IN THIS WEB SITE ARE EXCLUSIVELY THE VIEWS OF THE AUTHORS. NEITHER THE EDITOR NOR THE PUBLISHER ARE RESPONSIBLE OR LIABLE FOR THE CONTENTS, OBJECTIVES OR OPINIONS OF THE ARTICLES IN ANY FORM. MALAYALAM DAILY NEWS CLAIMS NO CREDIT FOR ANY IMAGES POSTED ON THIS SITE UNLESS OTHERWISE NOTED. IMAGES ON THIS SITE ARE COPYRIGHT TO ITS RESPECTFUL OWNERS. IF THERE IS AN IMAGE APPEARING ON THIS SITE THAT BELONGS TO YOU AND DO NOT WISH FOR IT APPEAR ON THIS SITE, PLEASE E-MAIL WITH A LINK TO SAID IMAGE AND IT WILL BE PROMPTLY REMOVED.”
എഡിറ്റര്‍
അര്‍ദ്ധ പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരും കേരളത്തില്‍ നിന്ന് അമേരിക്കയിലേക്ക് പോയി അവിടെ സായിപ്പ് പറഞ്ഞതെല്ലാം കേട്ട് ‘യെസ്’ മൂളി അവിടം സ്വര്‍ഗമാണെന്ന് കരുതി ജീവിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ സ്വത്വം മറന്നു. അവരുടെ ജല്പനങ്ങള്‍ വൈകൃതമായി പ്രകടിപ്പിക്കുന്നതില്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ‘അപ്പപ്പോള്‍ കാണുന്നവനെ അപ്പാ’ എന്നു വിളിക്കുന്നവരാണ് ഒട്ടുമിക്ക മലയാളികളും. അതാണ് ഇത്തരത്തില്‍ ലേഖനങ്ങളും കഥകളും കവിതകളുമൊക്കെയായി പുറത്തുവരുന്നത്. ഇന്ത്യയിലുമുണ്ടല്ലോ അത്തരക്കാര്‍ ഇഷ്ടം പോലെ. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഇറാന്റെയും ചരിത്രം മുഴുവനും അറിയാവുന്ന ഒരാളും ഇത്തരത്തിലുള്ള ലേഖനമെഴുതുകയില്ല.