കേരളത്തില്‍ ഉഭയകക്ഷി സഹകരണത്തിന്റെ സാധ്യതകള്‍ തുറന്ന് ഇന്‍‌വെസ്റ്റ് കേരള ഉച്ചകോടിയില്‍ പങ്കാളിത്ത രാജ്യങ്ങള്‍

തിരുവനന്തപുരം: കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, നൈപുണ്യം, ടൂറിസം, ചലച്ചിത്ര വ്യവസായം എന്നിവയുൾപ്പെടെ വിവിധ നിക്ഷേപ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യതകൾ ഇൻവെസ്റ്റ് കേരള ഉച്ചകോടി പ്രദർശിപ്പിച്ചു. വിയറ്റ്നാം, ജർമ്മനി, മലേഷ്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് പ്രദർശനം സംഘടിപ്പിച്ചത്.

ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിൽ കേരളത്തിന്റെ വിഭവശേഷിയെ ശുഭാപ്തിവിശ്വാസത്തോടെയാണ് കാണുന്നതെന്ന് ബെംഗളൂരുവിലെ ജർമ്മൻ കോൺസൽ ജനറൽ അകിം ബുർക്കാട്ട് ചൂണ്ടിക്കാട്ടി. ജോലിക്കായി ജർമ്മനിയിലേക്ക് വരുന്ന കേരളത്തിൽ നിന്നുള്ളവർക്ക് ഉയർന്ന നൈപുണ്യ നിലവാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക-ഗവേഷണ മേഖലകളിൽ മാത്രമല്ല, അടിസ്ഥാന സൗകര്യ മേഖലയിലും കേരളത്തിൽ നിന്നുള്ള ആളുകൾക്ക് മികച്ച ക്രയശേഷിയുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൈപുണ്യശേഷിയും തൊഴിലധിഷ്ഠിത പാഠ്യവിഷയവും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വ്യാപകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് സാങ്കേതികമായ സഹായം നൽകാൻ ജർമ്മനി ഒരുക്കമാണെന്നും ബുർകാട്ട് വ്യക്തമാക്കി.

സ്റ്റാർട്ടപ്പ്, ടെക്നോളജി മേഖലകളിൽ ഇന്ത്യയും ആസ്ട്രേലിയയും മികച്ച ഉഭയകക്ഷി നിക്ഷേപസാധ്യതയുണ്ടെന്ന് ചെന്നൈയിലെ ആസ്ട്രേലിയൻ കോൺസൽ ജനറൽ സിലായി സാക്കി പറഞ്ഞു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ പ്രവർത്തനങ്ങൾ അതിശയകരമാണ്. ഗുണമേൻമയുള്ള സ്റ്റാർട്ടപ്പ് ഉത്പന്നങ്ങൾക്ക് ആസ്ട്രേലിയയിൽ വൻ ഡിമാൻഡാണെന്നും അവർ പറഞ്ഞു.

സംസ്ഥാനത്തെ സിനിമാവ്യവസായത്തിൽ നിക്ഷേപസാധ്യത പരിശോധിക്കുമെന്ന് ചെന്നൈയിലെ മലേഷ്യൻ കോൺസുലേറ്റിലെ ട്രേഡ് കോൺസൽ വാൻ അഹമ്മദ് ടാർമിസി വാൻ ഇദ്രിസ് പറഞ്ഞു. കേരളവും മലേഷ്യയും തമ്മിലുള്ള ഏറ്റവും വലിയ വാണിജ്യ സാധ്യത ടൂറിസത്തിലാണ്. കേരളത്തിൽ നിന്നും നിരവധി ടൂറിസ്റ്റുകൾ മലേഷ്യ സന്ദർശിക്കുന്നുണ്ട്. ഇൻവെസ്റ്റ് കേരളയ്ക്ക് ശേഷം മലേഷ്യൻ ടൂറിസ്റ്റുകൾ വ്യാപകമായി കേരളം സന്ദർശിക്കാനെത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിയറ്റ്നാം പവലിയൻ സമഗ്രമായ ഉഭയകക്ഷി അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്. കല, സംസ്കാരം, കൃഷി, വ്യാപാരം, ടൂറിസം, വിമാനക്കമ്പനികൾ, ഭക്ഷണം എന്നിവയുൾപ്പെടെ സഹകരണത്തിന്റെ എല്ലാ മേഖലകളും സംയോജിപ്പിച്ചിരിക്കുന്നു. പരമ്പരാഗത ചായ നൽകിയാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. ടിറങ് എന്ന മുള സംഗീത ഉപകരണത്തിന്റെയും ടി ഡാൻ ട്രാൻ, ഡാൻ ബാവോ തുടങ്ങിയ ഉപകരണങ്ങളുടെയും പ്രദർശനം കാണികളെ ആകർഷിക്കുന്നു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

 

Print Friendly, PDF & Email

Leave a Comment

More News