ന്യൂയോര്‍ക്ക് ട്രാൻസിറ്റ് റിട്ടയറീസ് ഫോറത്തിന്റെ ത്രൈമാസ സംഗമം വേറിട്ടൊരനുഭവമായി

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിൽ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരുടെ കൂട്ടായ്‌മയായ ‘ട്രാൻസിറ്റ് റിട്ടയറീസ് ഫോറ’ ത്തിന്റെ ഈ വർഷത്തെ ആദ്യത്തെ ത്രൈമാസ സംഗമം ഗ്ലെന്‍ ഓക്സിലുള്ള ‘ദില്‍ഭര്‍’ റസ്റ്റോറന്റിൽ വെച്ച് നടന്നു. പൗലോസ് അരികുപുറത്ത് ഏവർക്കും സ്വാഗതമാശംസിച്ചു. വിരമിച്ചവരില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ അന്തരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് പരിപാടിക്കു തുടക്കമിട്ടത്. മുഖ്യാതിഥി ജോൺ തോമസിനെ ബാബു പാറയ്ക്കൽ സദസ്സിനു പരിചയപ്പെടുത്തി. തുടർന്ന് നടന്ന സെഷനിൽ അമേരിക്കയിലെ മാറുന്ന ടാക്‌സ് നിയമങ്ങളെപ്പറ്റിയും അംഗങ്ങൾ അതിന്റെ ഗുണഭോക്താക്കളാകാൻ ചെയ്യേണ്ട അടിസ്ഥാന കാര്യങ്ങളെപ്പറ്റിയും ജോണ്‍ തോമസ് വിവരിച്ചു.

401കെ, 457 പോലെയുള്ള നിക്ഷേപങ്ങളിൽ നിന്നും പണം ഗുണപരമായി പിൻവലിക്കേണ്ടതിന്റെ സമയക്രമവും തുകയുടെ പരിധിയും അതിന്റെ ഉപയോഗപ്പെടുത്താവുന്ന നികുതി മാനദണ്ഡങ്ങളും വിശദീകരിച്ചത് ഏവർക്കും പ്രയോജനകരമായി. നികുതിയിനത്തിലുള്ള വിവിധ മേഖലകളിലെ ചോദ്യങ്ങൾക്കും ജോണ്‍ തോമസ് മറുപടി നൽകി. വിദേശത്തു നിന്നും വസ്തുവകകൾ വിറ്റോ മറ്റു ബിസിനസ്സുകളിൽ നിന്നോ വലിയ തുകകൾ അമേരിക്കയിലേക്ക് കൊണ്ടുവരുന്നതിന്റെ പരിധിയും പരിമിതികളും പ്രത്യേക വിഭാഗത്തിലുള്ള ആനുകൂല്യങ്ങളും അതിന്റെ നിയമ സാധുതകളും വിശദീകരിച്ചത് പലർക്കും പുതിയ അറിവായി.

ന്യൂഹൈഡ് പാർക്കിലുള്ള ഹിൽസൈഡ് ബൊളിവാർഡില്‍ സ്വന്തമായി അക്കൗണ്ടിംഗ് ഓഫീസ് നടത്തുന്ന ജോൺ തോമസ് സി പി എ ഈ സീസണിലെ ഏറ്റവും തിരക്കേറിയ സമയമായിട്ടും ഇങ്ങനെ ഒരു സെഷനിൽ പങ്കെടുത്തു മാർഗ്ഗ നിർദ്ദേശം നൽകാൻ കാണിച്ച നല്ല മനസ്സിന് അംഗങ്ങൾക്ക് വേണ്ടി ഈപ്പൻ ചാക്കോ നന്ദി പ്രകാശിപ്പിച്ചു. ദില്‍ഭര്‍ റസ്റ്റോറന്റിലെ വിഭവ സമൃദ്ധമായ ബുഫേയിലും എല്ലാവരും പങ്കുകൊണ്ടു.

കഴിഞ്ഞ ത്രൈമാസ സമ്മേളനത്തിൽ ലോംഗ് ഐലന്റ് ജ്യൂവിഷ് ഹോസ്പിറ്റലിലെ പ്രധാന സ്പെഷ്യലിസ്റ്റുകളിൽ ഒരാളായ ഓങ്കോളജിസ്റ്റ് ഡോ. ടോണി ഫിലിപ്പ് ‘ക്യാൻസറിനെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം’ എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു. അങ്ങനെ ഓരോ സമ്മേളനങ്ങളിലും അംഗങ്ങൾക്ക് പ്രയോജനകരമായ വിഷയങ്ങളിൽ പ്രാവീണ്യമുള്ളവരെ എത്തിച്ചു നടത്തുന്ന ഈ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഈപ്പൻ ചാക്കോയും, പൗലോസ് അരികുപുറത്തും ആണ്.

ട്രാൻസിറ്റിൽ നിന്നും വിരമിച്ച മലയാളികളായ ആർക്കും ഈ സംഘടനയില്‍ അംഗമാകാം. മറ്റു സംഘടനകളെപോലെ ഇതിൽ
അംഗത്വ ഫീസ് ഇല്ല എന്നതും പ്രത്യേകതയാണ്.

Print Friendly, PDF & Email

Leave a Comment

More News