ദളിത് വിദ്യാർത്ഥിനിയെ ആർത്തവ സമയത്ത് ക്ലാസ്സിൽ നിന്ന് പുറത്താക്കി; വാതിലിനടുത്തിരുന്ന് പരീക്ഷ എഴുതിച്ചു; പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തു

കോയമ്പത്തൂർ: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ ദളിത് പെൺകുട്ടിയെ ആർത്തവമുള്ളതിനാൽ ക്ലാസിലിരുത്താതെ പുറത്താക്കിയ സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായി. സെങ്കുട്ടൈപാളയത്തിലെ സ്വാമി ചിദ്ഭവാനന്ദ് മെട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പെൺകുട്ടി പടിക്കെട്ടിലിരുന്ന് പരീക്ഷ എഴുതുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വിഷയം കൂടുതൽ ശക്തി പ്രാപിച്ചു.

ഏപ്രിൽ 5 ന് പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനിക്ക് ആർത്തവം ആരംഭിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. പ്രധാനാധ്യാപിക തന്നോട് ക്ലാസ്സിന് പുറത്ത് ഇരുന്ന് പരീക്ഷ എഴുതാൻ ആവശ്യപ്പെട്ടതായി ആരോപിക്കപ്പെടുന്നു.

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാട് സർക്കാർ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെ അപലപിച്ച സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ്, കുട്ടികൾക്കെതിരായ ഒരു തരത്തിലുള്ള വിവേചനവും വെച്ചു പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. അദ്ദേഹം സ്കൂൾ പ്രിൻസിപ്പലിനെ ഉടനടി സസ്പെൻഡ് ചെയ്തു.

അതേസമയം, പരീക്ഷാ സമയത്ത് പെൺകുട്ടിയെ പുറത്ത് ഇരുത്തണമെന്ന് അവളുടെ അമ്മ തന്നെ ആവശ്യപ്പെട്ടിരുന്നതായി സ്കൂൾ ഭരണകൂടം പറയുന്നു. പെൺകുട്ടിയെ അൽപ്പം മാറ്റി ഇരുത്തി പരീക്ഷ എഴുതിപ്പിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടതായി അദ്ധ്യാപിക പറഞ്ഞു. എന്നാല്‍, പെൺകുട്ടിയെ പ്രത്യേകം ഇരുത്തി പരീക്ഷ എഴുതിപ്പിക്കണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിച്ചതെന്ന് അമ്മ പറഞ്ഞു.

അദ്ധ്യാപിക കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രി അൻബിൽ മഹേഷ്, വിദ്യാർത്ഥിനി ഒറ്റയ്ക്കല്ലെന്നും സർക്കാർ അവർക്കൊപ്പമുണ്ടെന്നും പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. സ്വകാര്യ സ്കൂൾ വിദ്യാഭ്യാസ ഡയറക്ടർ ഡോ. എം. പലമിസാമിയെയാണ് കേസിന്റെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേന്ദ്ര സർക്കാർ അടുത്തിടെ ആർത്തവ ശുചിത്വ നയം അംഗീകരിച്ച സമയത്താണ് ഈ സംഭവം പുറത്തുവന്നിരിക്കുന്നത്. സ്കൂൾ വിദ്യാർത്ഥിനികൾക്കിടയിൽ ആർത്തവ ശുചിത്വത്തെക്കുറിച്ച് അവബോധം വളർത്തുകയും അതുമായി ബന്ധപ്പെട്ട വിലക്കുകൾ തകർക്കുകയും ചെയ്യുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. ആർത്തവ സമയത്ത് പെൺകുട്ടികൾ സ്കൂളിൽ പോകുന്നത് തടയുന്ന തടസ്സങ്ങൾ നീക്കം ചെയ്യുന്നതിനാണ് ഈ നയം ശ്രമിക്കുന്നത്.

 

Print Friendly, PDF & Email

Leave a Comment

More News