പത്തനംതിട്ട: പത്തനംതിട്ടയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. കായംകുളം സ്വദേശി നൗഫലിന് പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമേ 1,08,000 രൂപ പിഴയും കോടതി വിധിച്ചു.
ആറ് വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നതെന്നും, കോവിഡ് കാലത്ത് വളരെ സങ്കീർണ്ണമായ അന്വേഷണമാണ് നടത്തിയതെന്നും, സമയബന്ധിതമായാണ് കുറ്റപത്രം സമർപ്പിച്ചതെന്നും കോടതി ഉത്തരവിന് ശേഷം പത്തനംതിട്ട അഡീഷണൽ എസ്പി ആർ ബിനു പറഞ്ഞു.
2020 സെപ്റ്റംബർ 5നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടൂരിലെ ആശുപത്രിയിൽ നിന്നും പന്തളത്തെ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നൗഫൽ കൊവിഡ് പോസിറ്റീവായിരുന്ന പെൺകുട്ടിയെ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. ആംബുലൻസിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയെ നേരത്തെ കോഴഞ്ചേരി ആശുപത്രിയിൽ ഇറക്കിയ ശേഷമായിരുന്നു പ്രതി ഈ ക്രൂരത നടത്തിയത്.
സംഭവശേഷം പെൺകുട്ടിയെ പന്തളത്തെ കൊവിഡ് സെൻ്ററിൽ ഇറക്കിയ പ്രതി ഒളിവിൽ പോയി. പെൺകുട്ടി എത്താൻ വൈകിയത് ആശുപത്രി അധികൃതർ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതിനെ തുടർന്നാണ് പൊലീസ് സംഭവത്തിൽ ഇടപെടുന്നത്. പൊലീസിന് നൽകിയ മൊഴിയിൽ പെൺകുട്ടി വിവരങ്ങൾ വിശദമായി പറഞ്ഞു. കൂടാതെ, പീഡനശേഷം നൗഫൽ മാപ്പ് പറഞ്ഞ ശബ്ദരേഖ റെക്കോഡ് ചെയ്തതുമാണ് കേസിൽ നിർണായക തെളിവായത്. പ്രതി ആദ്യം കുട്ടിയുടെ മൊഴി കളവാണെന്ന് ആരോപിച്ചെങ്കിലും, അന്വേഷണത്തിൽ അയാള്‍ പറഞ്ഞത് തെറ്റാണെന്ന് കണ്ടെത്തി.