കവടിയാറില്‍ ഭീതി പരത്തി തെരുവു നായ്ക്കളുടെ അഴിഞ്ഞാട്ടം; മുപ്പതോളം പേര്‍ക്ക് കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ തെരുവ് നായ ശല്യം പടരുകയാണ്. തലസ്ഥാന നഗരത്തിലെ ആഡംബര ജനവാസ മേഖലയായ കവടിയാർ മേഖലയിൽ ഇതിനോടകം തന്നെ ജനങ്ങള്‍ ഭീതിയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കവടിയാർ, ജവഹർ നഗർ, പൈപ്പിൻമൂട് പ്രദേശങ്ങളിൽ 30 പേരെയാണ് തെരുവു നായ ആക്രമിച്ച് പരിക്കേല്പിച്ചത്. നായയുടെ കടിയേറ്റവര്‍ നഗരത്തിലെ ജനറൽ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.

നാട്ടുകാരുടെ പരാതിയെത്തുടർന്ന്, തിങ്കളാഴ്ച ഉച്ചയ്ക്ക് കവടിയാർ സുബ്രഹ്മണ്യ ക്ഷേത്ര പരിസരത്ത് നിന്ന് കോർപ്പറേഷന്റെ നായ പിടിത്ത സ്ക്വാഡ് നായയെ പിടികൂടി. നായയ്ക്ക് ഇതുവരെ പേവിഷബാധ സ്ഥിരീകരിച്ചിട്ടില്ല. ഗോൾഫ് ലിങ്ക്സ് റോഡിൽ മൂന്ന് പേരെ ആക്രമിച്ചുകൊണ്ടാണ് നായ ആദ്യം ആക്രമണം നടത്തിയത്. പിന്നീട് അത് കടിച്ചു കീറുകയും റോഡിൽ കാണുന്നവരെയെല്ലാം ആക്രമിക്കുകയും ചെയ്തു.

ഗോൾഫ് ലിങ്ക്സ് പ്രദേശത്ത് മാലിന്യം തള്ളുന്നതും റോഡരികിൽ ചില ‘ഉദാരമതികളായ നായ പ്രേമികള്‍’ അവയ്ക്ക് ഭക്ഷണം നൽകുന്നതും കാരണം ഇവിടെ നായ്ക്കൾ പെരുകുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തിരുവനന്തപുരത്ത് കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ നായ്ക്കളുടെ കടിയേറ്റതിനെ തുടർന്ന് 290 നഗരവാസികളെയാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Print Friendly, PDF & Email

Leave a Comment

More News