വ്യാഴാഴ്ച നടന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് മോസ്കോ വിമാനത്താവളം താൽക്കാലികമായി അടച്ചതിനാൽ ഡിഎംകെ എംപി കനിമൊഴിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സിന്ദൂർ ഔട്ട്റീച്ച് പ്രതിനിധി സംഘം മോസ്കോയിലേക്ക് പോയ വിമാനം തിരിച്ചുപോകേണ്ടി വന്നു, ലാൻഡിംഗ് മണിക്കൂറുകളോളം വൈകി. എംപിയുടെ സംഘം വെള്ളിയാഴ്ചയാണ് ഈ വിവരം നൽകിയത്.
ഉക്രെയ്ൻ നടത്തിയതായി ആരോപിക്കപ്പെടുന്ന ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഡൊമോഡെഡോവോ അന്താരാഷ്ട്ര വിമാനത്താവളമാണ് ആഭ്യന്തര, അന്തർദേശീയ വിമാന സർവീസുകൾക്കായി മണിക്കൂറുകളോളം നിർത്തി വെച്ചത്. തൽഫലമായി, എംപി കനിമൊഴി സഞ്ചരിച്ച വിമാനത്തിന് ഇറങ്ങാൻ അനുവാദം ലഭിച്ചില്ല, തടസ്സം ഉണ്ടായ സമയത്ത് വായുവിൽ തന്നെ വട്ടമിട്ട് പറക്കേണ്ടി വന്നു.
കാലതാമസത്തിനു ശേഷം, വിമാനം ഒടുവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. റഷ്യയിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ സർവ്വകക്ഷി എംപിമാരുടെ സംഘത്തെ സ്വാഗതം ചെയ്യുകയും സുരക്ഷിതമായി ഹോട്ടലിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
ഏപ്രിൽ 22-ലെ പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക്കിസ്താതിരെ ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ഈ രാജ്യങ്ങളെ അറിയിക്കുന്നതിനും, പ്രാദേശിക സുരക്ഷാ സാഹചര്യത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാട് അവതരിപ്പിക്കുന്നതിനുമായാണ് കനിമൊഴി എംപിയുടെ നേതൃത്വത്തില്‍ റഷ്യ, സ്പെയിൻ, ഗ്രീസ്, സ്ലൊവേനിയ, ലാത്വിയ എന്നിവിടങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയച്ചത്.
സമാജ്‌വാദി പാർട്ടിയുടെ രാജീവ് റായ്, നാഷണൽ കോൺഫറൻസിന്റെ മിയാൻ അൽതാഫ് അഹമ്മദ്, ബിജെപിയുടെ ബ്രിജേഷ് ചൗട്ട, ആർജെഡിയുടെ പ്രേം ചന്ദ് ഗുപ്ത, എഎപിയുടെ അശോക് കുമാർ മിത്തൽ, മുൻ നയതന്ത്രജ്ഞരായ മഞ്ജീവ് എസ് പുരി, ജാവേദ് അഷ്‌റഫ് എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
പ്രതിനിധി സംഘം വെള്ളിയാഴ്ച റഷ്യൻ ഡുമ അംഗങ്ങളെയും വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരെയും കാണുകയും പ്രാദേശിക തിങ്ക് ടാങ്കുകളിൽ നിന്നുള്ള ഉന്നത വിദഗ്ധരുമായി ചർച്ച നടത്തുകയും ചെയ്യും. ശനിയാഴ്ച സ്ലോവേനിയയിലേക്ക് പോകുന്നതിനുമുമ്പ് അവര്‍ ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയും പ്രാദേശിക മാധ്യമങ്ങളുമായി സംവദിക്കുകയും ചെയ്യും.