ഐപി‌എല്‍ 2025: ആർസിബി വിജയ പരേഡിൽ തിക്കിലും തിരക്കിലും പെട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് 11 പേർ മരിച്ചു.

ജൂൺ 4 ന് ഐ‌പി‌എൽ 2025 ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ (ആർ‌സി‌ബി) വിജയം ആഘോഷിക്കാൻ ബെംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ആയിരക്കണക്കിന് ആരാധകർ തടിച്ചുകൂടി. ഇതിനിടയിൽ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിക്കുകയും 33 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരിക്കേറ്റവരെ ശിവാജിനഗറിലെ ബൗറിൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സ്റ്റേഡിയത്തിന്റെ ഗേറ്റിൽ ആരാധകർ തടിച്ചുകൂടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അത്യാഹിതം സംഭവിച്ചത്. ടീം സ്റ്റേഡിയത്തിൽ എത്തുമെന്ന് പ്രതീക്ഷിച്ചാണ് ജനങ്ങള്‍ തടിച്ചുകൂടിയത്.

സ്റ്റേഡിയത്തിലെ സംഭവത്തെക്കുറിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സംസാരിക്കുകയും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ 5,000 വൊളണ്ടിയര്‍മാരെ വിന്യസിച്ചിരുന്നു എന്നും പറഞ്ഞു. “എനിക്ക് ഇപ്പോൾ എണ്ണം സ്ഥിരീകരിക്കാൻ കഴിയില്ല, ഞാൻ ഇപ്പോൾ സ്റ്റേഡിയത്തിലേക്ക് പോകുന്നു. ആവേശഭരിതരായ ധാരാളം ആരാധകരുണ്ടായിരുന്നു, ഞങ്ങൾ 5,000 വൊളണ്ടിയര്‍മാരെ വിന്യസിച്ചിരുന്നു,” അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയത്തിന് ചുറ്റുമുള്ള റോഡുകളിൽ വലിയ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ ഗതാഗതം സാരമായി ബാധിച്ചു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) പ്രദേശത്തെ ഗതാഗതം നിയന്ത്രിക്കാൻ പോലീസിന് വളരെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. വാഹനങ്ങളിലും, മെട്രോയിലും, കാൽനടയായും ധാരാളം ആളുകൾ എത്തിയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News