ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവന്റെ സ്വര്‍ണ്ണ വടി കാണാതായ സംഭവം; എട്ട് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയരാക്കും

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സ്വർണ്ണം കാണാതായ സംഭവത്തിൽ ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് ഫോർട്ട് പോലീസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. എട്ട് ജീവനക്കാരെ നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടിയാണ് ഫോർട്ട് പോലീസ് അപേക്ഷ സമർപ്പിച്ചത്.

കാണാതായ 13 പവന്റെ വടി പിന്നീട് നിലത്ത് മണ്ണിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. സ്ട്രോങ് റൂമിൽ നിന്ന് 30 മീറ്റർ അകലെ വടക്കൻ നടയ്ക്ക് സമീപമാണ് സ്വർണ്ണം കണ്ടെത്തിയത്. കേസിൽ കുടുങ്ങുമെന്ന് കരുതി മണ്ണിൽ തള്ളിയതായി സംശയിക്കുന്നതായി ഡിസിപി നകുൽ രാജേന്ദ്ര ദേശ്മുഖ് അന്ന് പറഞ്ഞിരുന്നു.

വടക്കൻ നടയ്ക്കുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്തിന് സമീപമാണ് സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണം സൂക്ഷിച്ചിരിക്കുന്ന സുരക്ഷാ മുറിക്കും അറ്റകുറ്റപ്പണികൾ നടക്കുന്ന സ്ഥലത്തിനും ഇടയിലാണ് വടി കിടന്നിരുന്നത്. ശ്രീകോവിലിന്റെ മുൻവശത്തെ വാതിലിലെ പഴയ സ്വർണ്ണത്തകിട് മാറ്റി പുതിയത് കൊണ്ട് മൂടുന്ന ജോലികൾ നടന്നുവരികയാണ്. താൽക്കാലികമായി നിർത്തിവച്ചിരുന്ന ജോലികൾ പുനരാരംഭിച്ചപ്പോൾ, സ്വർണ്ണത്തടികളിൽ ഒന്ന് നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്ന് പോലീസിനെ അറിയിച്ചു. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയും ചോദ്യം ചെയ്യലും നടത്തി. ഇതിനിടയിൽ, മണ്ണിൽ സ്വർണ്ണം കിടക്കുന്നതായി കണ്ടെത്തി. അതിനുമുമ്പ് ഇതേ സ്ഥലത്ത് ഒരു പരിശോധന നടത്തിയിരുന്നെങ്കിലും അന്ന് കണ്ടെത്തിയില്ല.

Print Friendly, PDF & Email

Leave a Comment