ഹ്യൂസ്റ്റൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) ഹ്യൂസ്റ്റൻ ചാപ്റ്റർ മെയ് 30നു വൈകുന്നേരം അപ്നാ ബാസാര്‍ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ചാപ്റ്റർ പ്രസിഡൻറ് തോമസ് ഓലിയാൻകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫോമ സ്ഥാപക പ്രസിഡന്റും മുതിർന്ന പ്രവർത്തകനുമായ ശശിധരൻ നായർ യോഗം ഉദ്ഘാടനം ചെയ്തു.
തദവസരത്തിൽ കേരളത്തിൽ നിന്നും സന്ദർശനത്തിനെത്തിയ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ഘടകം കോഓർഡിനേറ്റർ മഹാദേവൻ വാഴശ്ശേരിലിന് ഹൃദ്യമായ സ്വീകരണം നൽകി. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരികയും, ഇന്ത്യയെ പടുത്തുയുർത്തുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസ് പല ദിശകളിൽ നിന്നും അനേകം വെല്ലുവിളികൾ നേരിടുന്ന ഈ അവസരത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്ന് യോഗത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു.
ഇന്ത്യയെയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെയും വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) ഭാരവാഹികളും പ്രവർത്തകരും ഒറ്റക്കെട്ടായി നിന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ, ജനസേവന പ്രവർത്തികളെ പിന്തുണക്കണമെന്നും, ജനാധിപത്യപരമായ ആശയങ്ങളെ ഉയർത്തിപ്പിടിക്കണമെന്നും അദ്ദഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ, സ്റ്റാഫ്‌ഫോർഡ് മേയർ കെൻ മാത്യു, ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, മാത്യു നൈനാൻ (ഐഒസി, ഡാളസ് പ്രസിഡന്റ്), സന്തോഷ് കാപ്പിൽ (ഐഒസി, ഡാളസ് ചെയർമാൻ) ജോയി സാമുവേൽ, എ.സി. ജോർജ്, ജോസ് പുന്നൂസ്, രാജേഷ് മാത്യു, എസ്.കെ. ചെറിയാൻ, ജോജി ജോസഫ്, ലീലാ മാത്യു തുടങ്ങിയവർ സംസാരിച്ചു. സന്നിഹിതരായ എല്ലാവരും പൊതു ചർച്ചയിൽ വളരെ സജീവമായി പങ്കെടുത്തു.
അഭിപ്രായ സ്വാതന്ത്ര്യത്തിലും ജനാധിപത്യ പ്രക്രിയയിലും ഉറച്ചു വിശ്വസിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. അതെല്ലാം ചർച്ചയിലൂടെയും സഹകരണത്തിലൂടെയും പരസ്പര വിട്ടുവീഴ്ചയിലൂടേയും എപ്പോഴും രമ്യമായി പരിഹരിച്ചുകൊണ്ട് പാർട്ടി എപ്പോഴും രാജ്യത്തിന്റെയും ജനത്തിന്റെയും പൊതു നന്മയും താത്പര്യവും മനസ്സിലാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ചർച്ചയിൽ പങ്കെടുത്ത ഏവരും അഭിപ്രായപ്പെട്ടു.
പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനും എല്ലാവരും അഭിനന്ദനം അറിയിച്ചു. അതുപോലെ നിലമ്പൂർ അസംബ്ലി മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനും വിജയാശംസകൾ നേർന്നു.