ആര്യനാട്: കേരളത്തിലുടനീളം വിവാഹ തട്ടിപ്പ് നടത്തി പോലീസ് പിടിയിലായ രേഷ്മ (32) എന്ന യുവതിയെ ഇന്ന് വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പു നടത്തും. പത്തോളം കേസിലെ പ്രതിയാണ് ഈ 32-കാരി. രേഷ്മയുടെ തട്ടിപ്പില്‍ ഇരകളായവരുടെ വീടുകളിലേക്കാണ് അവരെ കൊണ്ടു പോകുന്നത്. തെളിവെടുപ്പിന്റെ ഭാഗമായി ഇന്ന് (വ്യാഴം) നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കിയ ഉടന്‍ ആര്യനാട് പോലീസ് അവരെ കസ്റ്റഡിയിലെടുക്കും.
രേഷ്മയുടെ കുട്ടിയുടെ പിതൃത്വം തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്തും. കുട്ടി എറണാകുളത്ത് രേഷ്മയുടെ അമ്മയോടൊപ്പമാണ്. സാമ്പത്തിക നേട്ടത്തിനു വേണ്ടിയല്ല, പ്രണയത്തിനു വേണ്ടിയാണ് താന്‍ ഇത്രയധികം വിവാഹം കഴിച്ചതെന്നാണ് രേഷ്മ പോലീസിനോട് പറഞ്ഞത്. ബുധനാഴ്ച നെടുമങ്ങാട് കോടതിയിൽ മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷ പോലീസ് സമർപ്പിച്ചു. രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, തട്ടിപ്പിന് ഇരയായവരെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കും.
ജൂണ്‍ ആറാം തീയതി ആര്യനാട് പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് രേഷ്മ പിടിയിലായത്. വിവാഹദിനത്തിൽ രേഷ്മയുടെ അസാധാരണ പെരുമാറ്റം കണ്ട് അവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. മറ്റൊരാളുമായുള്ള വിവാഹം തെളിയിക്കുന്ന രേഖകൾ ബാഗിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്നാണ് രേഷ്മയെ നാടകീയമായി അറസ്റ്റ് ചെയ്തത്.
രേഷ്മയ്ക്ക് തന്റെ മുൻ ഭർത്താക്കന്മാരുടെ വീടുകൾ പോലും ഓർമ്മയില്ലെന്നുള്ളതാണ് ഏറെ രസകരം. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വരന്റെ വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങാനെന്ന വ്യാജേന ഇറങ്ങിപ്പോവുക എന്നതായിരുന്നു രേഷ്മയുടെ തന്ത്രം.
ആര്യനാട്ട് തെളിവെടുപ്പ് നടത്തിയ ശേഷം തൊടുപുഴ കാവുംപുറത്തുള്ള ശരത്തിന്റെ വീട്ടിലും പിന്നീട് വാളകത്തുള്ള അഭിലാഷിന്റെ വീട്ടിലും കോട്ടയത്തുള്ള അഭിജിത്തിന്റെ വീട്ടിലും എത്തിക്കും. പോലീസ് അന്വേഷണത്തോട് രേഷ്മ പൂർണമായും സഹകരിക്കുന്നില്ല. 2024 ന് ശേഷം നടത്തിയ തട്ടിപ്പുകൾ മാത്രമാണ് രേഷ്മ പോലീസിനോട് പറഞ്ഞത്.
രേഷ്മ തട്ടിയെടുത്തവരെക്കുറിച്ചുള്ള വിവരങ്ങളും പോലീസ് ശേഖരിച്ചുവരികയാണ്. സംസ്കൃതത്തിൽ എംഎ ബിരുദധാരിയായ രേഷ്മ, നിലവിൽ ജെആർഎഫും പിഎച്ച്ഡിയും പഠിക്കുകയാണെന്നും അതിനിടയിൽ ബീഹാറിൽ ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു. അതും അന്വേഷിക്കും.