തിരുവനന്തപുരം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം, നൂതനമായ സ്ട്രോക്ക് ചികിത്സയായ ന്യൂറോ ഇന്റർവെൻഷൻ മേഖലയിൽ അഭിമാനകരമായ നേട്ടം കൈവരിച്ചു. ഈ സർക്കാരിന്റെ കാലത്ത്, രാജ്യത്ത് ആദ്യമായിട്ടുള്ള ന്യൂറോ കാത്ത് ലാബ്, 320 ഡയഗ്നോസ്റ്റിക് സെറിബ്രൽ ആൻജിയോഗ്രാഫികളും 55 തെറാപ്പിക് ഇന്റർവെൻഷൻ നടപടിക്രമങ്ങളും ഉൾപ്പെടെ 375 ന്യൂറോ ഇന്റർവെൻഷൻ നടപടിക്രമങ്ങൾ നടത്തി. രാജ്യത്ത് അപൂർവ്വമായി മാത്രം നടത്തുന്ന ചികിത്സകളും ഇതിൽ ഉൾപ്പെടുന്നു. നൂതന ചികിത്സയിലൂടെ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതിന് ന്യൂറോളജി വകുപ്പിലെ മുഴുവൻ ടീം അംഗങ്ങളെയും ആരോഗ്യ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
2023 ജൂൺ മാസം മുതലാണ് മെഡിക്കൽ കോളേജിൽ ആദ്യമായി ന്യൂറോ ഇന്റർവെൻഷൻ ചികിത്സ ആരംഭിച്ചത്. വളരെ അപൂർവമായി കാണുന്ന പ്രയാസമേറിയ അന്യൂറിസം പോലും മികച്ച രീതിയിൽ ചികിത്സിക്കാൻ സാധിച്ചു. തലച്ചോറിനുള്ളിലെ വളരെ നേർത്ത രക്തക്കുഴലിൽ ആൻജിയോപ്ലാസ്റ്റി നടത്തി. ഇത്തരം സങ്കീർണമായ പ്രൊസീജിയർ നടത്തുന്ന രാജ്യത്തെ വളരെ കുറച്ച് സ്ഥാപനങ്ങളിലൊന്നായി മെഡിക്കൽ കോളേജ് മാറി. വളരെ അസാധാരണമായ ഡ്യൂറൽ എവി ഫിസ്റ്റുല, കരോട്ടികോ കവേണസ് ഫിസ്റ്റുല, എവിഎം എന്നീ അസുഖങ്ങൾക്കുള്ള എംബളൈസേഷനും വിജയകരമായി നൽകി വരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവുള്ള നൂതന ചികിത്സകൾ സർക്കാർ പദ്ധതികളിലൂടെ സൗജന്യമായോ കുറഞ്ഞ ചെലവിലോ ചെയ്യാൻ സാധിക്കുന്നു. 90 വയസ് പ്രായമുള്ള ആളുകളിൽ പോലും മെക്കാനിക്കൽ ത്രോംബക്ടമി ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്.
മസ്തിഷ്‌ക്കത്തിലേക്കുള്ള രക്തധമനികളിൽ രക്തം കട്ട പിടിക്കുകയോ (Thrombosis) രക്തസ്രാവം (Haemorrhage) ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് പക്ഷാഘാതം അഥവാ സ്ട്രോക്ക്. സ്ട്രോക്കിന്റെ രോഗ ലക്ഷണങ്ങൾ ആരംഭിച്ച് നാലര മണിക്കൂറിനുള്ളിൽ ചികിത്സാ കേന്ദ്രത്തിൽ എത്തിചേർന്നെങ്കിൽ മാത്രമേ ഫലപ്രദമായ ചികിത്സ നൽകുവാൻ സാധിക്കുകയുള്ളൂ. വായ്ക്കുള്ള കോട്ടം, കൈയ്ക്കോ കാലിനോ തളർച്ച, സംസാരത്തിന് കുഴച്ചിൽ എന്നീ ലക്ഷണങ്ങൾ ഒരാളിൽ കണ്ടാൽ സ്ട്രോക്ക് ആണെന്ന് സ്ഥിരീകരിക്കാം. ഈ ലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ട്രോക്ക് ചികിത്സയ്ക്കായി സമഗ്ര സ്ട്രോക്ക് സെന്ററാണ് സജ്ജമാക്കിയിരിക്കുന്നത്. സിടി ആൻജിയോഗ്രാം, സ്ട്രോക്ക് കാത്ത് ലാബ്, സ്ട്രോക്ക് ഐസിയു തുടങ്ങിയ വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. സ്ട്രോക്ക് ഹെൽപ് ലൈനും പ്രവർത്തിക്കുന്നു. സ്ട്രോക്ക് വന്നതായി സംശയമുണ്ടെങ്കിൽ ഒട്ടും സമയം വൈകാതെ സ്ട്രോക്ക് സെന്ററിന്റെ ഹൈൽപ് ലൈനായ 9946332963 എന്ന നമ്പരിലേക്ക് വിളിക്കുക. രോഗിക്ക് ആവശ്യമായ നിർദേശങ്ങളും ചികിത്സയും ഉറപ്പാക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന സുസജ്ജമായ മെഡിക്കൽ സംഘമാണ് സ്ട്രോക്ക് സെന്ററിലുള്ളത്.
പി ആര്‍ ഡി, കേരള സര്‍ക്കാര്‍