വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൺ ബിഗ് ബ്യൂട്ടിഫുൾ ബില്ലിൽ ഒപ്പുവച്ചു. നികുതി, സർക്കാർ ചെലവുകൾ, കുടിയേറ്റം എന്നിവയിൽ ഈ പുതിയ നിയമം വലിയ മാറ്റങ്ങൾ വരുത്തും. ജൂലൈ 4 ന് വൈറ്റ് ഹൗസിൽ നടന്ന ആഘോഷച്ചടങ്ങിലാണ് അദ്ദേഹം ബില്ലില്‍ ഒപ്പു വെച്ചത്. അതേസമയത്തു തന്നെ ഒരു സ്റ്റെൽത്ത് ബോംബർ വിമാനം വൈറ്റ് ഹൗസിനു മുകളിലൂടെ പറന്നു.
സൈന്യം, തൊഴിലാളികൾ, അമേരിക്കൻ പൗരന്മാർ എന്നിവരുൾപ്പെടെ നിരവധി വ്യത്യസ്ത വിഭാഗങ്ങളെ സഹായിക്കുന്നതിനാൽ രാജ്യമെമ്പാടുമുള്ള ആളുകൾ സന്തുഷ്ടരാണെന്ന് ട്രംപ് പറഞ്ഞു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവുകളും ചെലവ് ചുരുക്കലുകളും ഇതിൽ ഉൾപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, അതിർത്തി സുരക്ഷയ്ക്കായി ഇതുവരെ ഏറ്റവും കൂടുതൽ പണം നീക്കി വെച്ച ബില്‍ ആണിത്.
പ്രതിനിധി സഭയിൽ വളരെ ചെറിയ വോട്ടുകൾക്കാണ് ഈ നിയമം പാസാക്കിയത്. ഈ ബില്ലിന് അനുകൂലമായി 218 വോട്ടുകളും എതിർത്ത് 214 വോട്ടുകളും ലഭിച്ചു. രണ്ട് പേർ ഒഴികെയുള്ള എല്ലാ റിപ്പബ്ലിക്കൻമാരും ഇതിനെ പിന്തുണച്ചു. അതേസമയം, എല്ലാ ഡെമോക്രാറ്റുകളും എതിർത്ത് വോട്ട് ചെയ്തു. ട്രംപിന്റെ രണ്ടാം ടേമിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണ് ഈ പുതിയ നിയമം.
ബിഗ് ബ്യൂട്ടിഫുൾ ബില്ലിന്റെ പ്രധാന പോയിന്റുകൾ:
- ഇത് ട്രംപിന്റെ 2017 ലെ നികുതി ഇളവുകൾ സ്ഥിരമാക്കുന്നു.
- ഇത് പല പരിപാടികൾക്കുമായി ഗവൺമെന്റ് നടത്തുന്ന ചെലവ് കുറയ്ക്കുന്നു.
- അതിർത്തി, ദേശീയ സുരക്ഷ എന്നിവയ്ക്കായി 350 ബില്യൺ ഡോളറിന്റെ വമ്പിച്ച പദ്ധതി ഇതിൽ ഉൾപ്പെടുന്നു.
- ഈ പണത്തിന്റെ ഒരു ഭാഗം (46 ബില്യൺ ഡോളർ) യുഎസ്-മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുന്നതിനായി ചെലവഴിക്കും.
- ബാക്കി 45 ബില്യൺ ഡോളർ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനായി ഉപയോഗിക്കും.
- ഇതിൽ 10,000 പുതിയ ഇമിഗ്രേഷൻ ഓഫീസർമാരുടെ നിയമനവും ഉൾപ്പെടുന്നു, ഇവരിൽ ഓരോരുത്തർക്കും 10,000 ഡോളർ ബോണസ് ലഭിക്കും.
ബിഗ് അഗ്ലി ബില്‍ അഥവാ ഏറ്റവും വലിയ ‘വൃത്തികെട്ട ബില്ല്’ എന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റുകൾ
സമ്പന്നർക്ക് നികുതി ഇളവ് എന്നത് യുക്തി സഹചമല്ല എന്നാണ് ബില്ലിനെതിരെയുള്ള ഡെമോക്രാറ്റുകളുടെ വാദം. സമ്പന്നതയുടെ “ക്രൂരത കുറയ്ക്കുക” എന്നതാണ് നടക്കുന്നതെന്ന് ഡെമോക്രാറ്റുകള്‍ വിമർശിക്കുന്നു. “ഇവിടം ഒരു കുറ്റകൃത്യത്തിൻ്റെ സ്ഥലമാണെന്ന് പറയേണ്ടിവരുമെന്ന് കരുതിയില്ല. അമേരിക്കൻ ജനതയുടെ ആരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവയിൽ ആശങ്കയുണ്ട്. ഡെമോക്രാറ്റുകൾ എന്ന നിലയിൽ ഞങ്ങള്‍ക്ക് ഇതിൽ പങ്കില്ല” എന്നും അവര്‍ പറഞ്ഞു.
2017-ൽ ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് നടപ്പിലാക്കിയ 4.5 ട്രില്യൺ ഡോളർ നികുതി ഇളവുകള്‍ നീട്ടിക്കൊണ്ട് പോവുക എന്നതാണ് പുതിയ ബില്ലിൻ്റെ പ്രധാന ലക്ഷ്യം. പ്രതിവർഷം 75,000 ഡോളറിൽ താഴെ വരുമാനമുള്ള പ്രായമായവർക്ക് 6,000 ഡോളർ കിഴിവ് നൽകുക, തൊഴിലാളികൾക്കുള്ള ടിപ്പുകളും ഓവർടൈം വേതനവും കുറയ്ക്കുക എന്നിവ ഉള്‍പ്പെടെ ഭേദഗതികളാണ് ബില്ലിലുള്ളത്.
കൂടാതെ “ഗോൾഡൻ ഡോം” പ്രതിരോധ സംവിധാനം വികസിപ്പിക്കാൻ ഏകദേശം 350 ബില്യൺ ഡോളർ നിക്ഷേപവുമുണ്ട്. ആരോഗ്യ സംരക്ഷണത്തിനും ഭക്ഷ്യ സ്റ്റാമ്പുകൾക്കും 1.2 ട്രില്യൺ ഡോളർ വെട്ടിക്കുറയ്ക്കുക. തുടങ്ങിയ ഭേദഗതികളും ബില്ലിൽ ഉള്‍പ്പെടുന്നു.
അതേസമയം നികുതി ഇളവ് വിഭാവനം ചെയ്യുന്ന ഈ ബിൽ അനുസരിച്ച് അടുത്ത വർഷം താഴ്ന്ന വരുമാനക്കാർക്ക് തുച്ഛമായ 150 ഡോളറിൻ്റെയും ഇടത്തരക്കാർക്ക് 1750 ഡോളറിൻ്റെയും സമ്പന്നർക്ക് 10,950 ഡോളറിൻ്റെയും ഇളവാണ് നൽകുന്നത്. ചെലവ് വെട്ടിക്കുറയ്ക്കൽ കൂടുതൽ ബാധിക്കുന്നത് താഴെത്തട്ടിലുള്ളവരെയും അവശത അനുഭവിക്കുന്നവരെയുമാണ്. പോഷകാഹാരത്തിൻ്റെയും ആരോഗ്യ പരിചരണത്തിൻ്റെയും ചെലവുകൾ വെട്ടി കുറയ്ക്കുന്നത് 12 ലക്ഷം മുതൽ 42 ലക്ഷം വരെ വരുന്ന ആളുകളെ ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
2017ൽ ട്രംപ് തുടങ്ങിയ പല നികുതി ഇളവുകളുടെയും കാലാവധി ഈ വർഷം അവസാനിക്കുന്നത് നീട്ടി കൊടുക്കുന്നതിനുള്ള നടപടി കൂടിയാണിത്. നിലവിൽ 36 ലക്ഷം കോടിയുടെ കടക്കെണിയിൽ നീങ്ങുന്ന യുഎസ് സർക്കാരിൻ്റെ ചെലവ് ചുരുക്കലിനും കടം കുറച്ചു കൊണ്ടു വരുന്നതിനുമുള്ള പരിഷ്‌കാരങ്ങളാണ് ബില്‍ ലക്ഷ്യം വയ്ക്കുന്നതെങ്കിലും ഫലത്തിൽ കടം അടുത്ത 10 വർഷത്തിനകം 3.3 ലക്ഷം കോടി ഡോളർ കൂടി ഉയരുമെന്നാണ് വിലയിരുത്തൽ.