തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്.
നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “സർക്കാർ ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും” എന്നതുപോലുള്ള സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിന്റെ ചിത്രം ഉൾപ്പെടെ ‘കണക്ക് തീര്‍ക്കും’ എന്നതുപോലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ നടന്ന ലാത്തിച്ചാർജിന് നേതൃത്വം നൽകിയത് സന്ദീപ് ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, അന്ന് നടന്ന സംഭവം ഒരു “രക്ഷാപ്രവർത്തനം” മാത്രമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ പരാമർശം വലിയ വിവാദങ്ങൾക്കും കാരണമായി.
’22 ദിവസം കൂടി കഴിഞ്ഞോട്ടെ, ഞങ്ങൾ സാറുമാരെ സുഖിപ്പിക്കുന്നുണ്ട്. ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ തല അടിച്ചുപൊട്ടിക്കാൻ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാർഡ് ഒരെണ്ണം എടുത്തു വെച്ചോ’ എന്നാണ് അരുൺ രാജേന്ദ്രന്റെ പോസ്റ്റിലെ ഉള്ളടക്കം. ‘ഞങ്ങളുടെ കണക്കു പുസ്തകത്തിൽ രക്തം കൊണ്ട് എഴുതിയിരിക്കുന്ന കണക്കുകൾ ഒരുപാടുണ്ട്’ എന്നും പോസ്റ്റിൽ പറയുന്നു.യൂത്ത് കോൺഗ്രസ് ബാറ്റിൽ എന്ന പേജിലും കെപിസിസി ഡിജിറ്റൽ മീഡിയ സെല്ലിലും സമാനമായ രീതിയിൽ ഭീഷണി സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ‘ഞങ്ങളുടെ പ്രവർത്തകരുടെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് ചോദിച്ചിരിക്കും’ എന്നാണ് പോസ്റ്റുകൾ.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിനു മുമ്പുതന്നെ സൈബർസ്പെയ്സിൽ സർക്കാർ രൂപീകരണത്തെയും മന്ത്രിസഭയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. അതേസമയം, പോലീസിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് സൂചിപ്പിക്കുന്ന ഇത്തരം പോസ്റ്റുകൾ പുറത്തുവരുന്നുണ്ട്. ഈ സംഭവത്തിൽ സന്ദീപിൽ നിന്ന് ഇതുവരെ പോലീസിന് പരാതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല.
