കുന്ദമംഗലം: തൊഴിലന്വേഷിക്കുന്ന ഉദ്യോഗാർഥികൾക്കായി കാരന്തൂർ മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ സംഘടിപ്പിച്ച മെഗാ പ്ലേസ്മെന്റ് ഡ്രൈവ് പ്രൗഢമായി. കോളേജ് പ്ലേസ്മെന്റ് സെല്ലിന് കീഴിൽ 12 കമ്പനികളിലെ 100 ലധികം വരുന്ന ഒഴിവുകളിലേക്കുള്ള അഭിമുഖമാണ് നടന്നത്. വിവിധ വിദ്യാഭ്യാസ യോഗ്യതകൾ പൂർത്തീകരിച്ച ഇരുനൂറോളം ഉദ്യോഗാർഥികൾ അവസരം ഉപയോഗപ്പെടുത്തി.പുതിയ കാലത്തെ തൊഴിൽ ലഭ്യതയെ കുറിച്ച്തൊഴിലന്വേഷകരിൽ അവബോധമുണ്ടാക്കുന്നതിനും യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുമുള്ള ഒരു സംവിധാനം എന്ന നിലയിലാണ് കോളേജിന് കീഴിൽ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മർകസ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ജോലി ലഭ്യമാക്കുന്ന പദ്ധതിക്കും ഇതോടൊപ്പം തുടക്കം കുറിച്ചു. ഇതിനായി ബിരുദ പഠനത്തോടൊപ്പം വിവിധ നൈപുണ്യ കോഴ്‌സുകൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.
കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് സ്വാലിഹ്, വൈസ് പ്രിൻസിപ്പൽ ഡോ. പിഎംരാഘവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദലി സഖാഫി വള്ളിയാട്, പ്ലേസ്‌മെന്റ് ഓഫീസർ നസ്വീഫ് പിടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
