75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 75,000 ഡോളറിന്റെ (ഏകദേശം 62 ലക്ഷം രൂപ) മെഡിക്കെയ്ഡ്  ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ച് കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

തട്ടിപ്പ്: 2021 മുതൽ ഇവർ അനധികൃതമായി ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ലൂസിയാന അറ്റോർണി ജനറൽ അറിയിച്ചു. മേയർ എന്ന നിലയിലുള്ള ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ തുടർന്നും വാങ്ങി എന്നതാണ് കേസ്.

തന്റെ പുനർതെരഞ്ഞെടുപ്പ് പ്രചാരണം തകർക്കാൻ പിശാച് ശ്രമിക്കുകയാണെന്നാണ് അറസ്റ്റിന് പിന്നാലെ ആലീസ് ഫേസ്ബുക്കിൽ കുറിച്ചത്. തന്നെ അപമാനിക്കാനും ജനവിശ്വാസം തകർക്കാനുമുള്ള നീക്കമാണിതെന്നും അവർ ആരോപിച്ചു.

ലൂസിയാന ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഇവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. നിലവിൽ ആറ് കൗണ്ട് തട്ടിപ്പ് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വിൻസ്‌ബോറോയിലെ ആദ്യ വനിതാ മേയറാണ് ആലീസ് വാലസ്. മെയ് 16-ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ താൻ തന്നെ വിജയിക്കുമെന്നും ഈ ആരോപണങ്ങൾ തന്നെ തളർത്തില്ലെന്നും അവർ വ്യക്തമാക്കി. എന്നാൽ, നികുതിപ്പണം വെട്ടിക്കുന്നവർ ആരായാലും ജയിലിൽ പോകേണ്ടി വരുമെന്ന് അറ്റോർണി ജനറൽ ലിസ് മുറിൽ പ്രതികരിച്ചു.

Leave a Comment

More News