തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിലെത്തുന്ന എല്ലാ രോഗികൾക്കും, പണമോ രേഖകളോ ഇല്ലെങ്കിലും, ആരോഗ്യനില ഭദ്രമാവും വിധം ചികിത്സ നൽകണമെന്ന കഴിഞ്ഞ നവംബർ മാസത്തെ സുപ്രധാനമായ ഹൈക്കോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
ആശുപത്രികളുടെ റിസപ്ഷനുകളിലും വെബ്സൈറ്റ്കളിലും ചികിത്സാ നിരക്കുകൾ മലയാളത്തിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന കോടതി നിർദേശം സ്വകാര്യ ആശുപത്രികൾ പാലിക്കുന്നതായി കാണുന്നില്ല. ഈ ചികിത്സാ നിരക്കുകളെക്കാൾ കൂടുതൽ ഈടാക്കുന്ന പക്ഷം പരാതി നൽകാനുള്ള പരാതി പരിഹാര ഡെസ്ക്കുകൾ ഉണ്ടാകണം. ഒരാഴ്ചക്കുള്ളിൽ പരാതികൾക്ക് തീർപ്പ് ഉണ്ടാക്കുകയും വേണം.
ഓരോ ആശുപത്രികളും, ലഭ്യമായ സേവനങ്ങളും പാക്കേജ് നിരക്കുകളും ഡോക്ടർമാരെ സംബന്ധിച്ച വിശദ വിവരങ്ങളും പ്രദർശിപ്പിക്കേണ്ടതാണ്. ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്റേ, സ്കാൻ റിപ്പോർട്ടുകളടക്കം എല്ലാ ചികിത്സാ രേഖകളും രോഗിക്ക് കൈമാറണം.
രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിന്റെ ഉത്തരവാദിത്തം ആദ്യം ചികിത്സ നേടിയ ആശുപത്രിക്കാണെന്നും ഹൈക്കോടതി നിർദേശിക്കുന്നു.
പ്രൈവറ്റ് ആശുപത്രി മാനേജ്മെന്റുകളുടെ അപ്പീൽ തള്ളിക്കൊണ്ട് ഹൈക്കോടതി നടത്തിയ സുപ്രധാന വിധി പാലിക്കാൻ തയാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരെ, പ്രത്യക്ഷ സമരമാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതമാകുമെന്ന്, കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ ആനന്ദകുമാർ മുന്നറിയിപ്പ് നൽകി.
