ദോഹ: ഖുർആൻ പഠനം എളുപ്പവും ജനകീയവും എന്നാൽ ആഴത്തിലുള്ളതുമാക്കുക എന്ന ലക്ഷ്യത്തോടെ നവീനമായ ഉള്ളടക്കത്തോടും ലളിതമായ ഘടനയോടും കൂടിയ പുതിയ പ്ലാറ്റ്ഫോം, നൂൻ ഖുർആൻ ലേണിംഗിന് തുമാമ സോണിൽ തുടക്കമായി.
CIC ഖത്തർ പ്രസിഡന്റ് ആർ. എസ് അബ്ദുൽ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം ഇഹപര വിജയം സുനിശ്ചിതമാക്കാൻ പ്രാപ്തിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
പണ്ഡിതനും വാഗ്മിയും എഴുത്തുകാരനുമായ ഫസ്ലുർറഹ് മാൻ കൊടുവള്ളി, ‘ഖുർആൻ ചേർത്തു പിടിക്കാം’ എന്ന തലക്കെട്ടിൽ മുഖ്യപ്രഭാഷണം നടത്തി. ഖുർആനിന്റെ അഹ്ലുകാരാകാൻ (ആളുകൾ) അദ്ദേഹം ആഹ്വാനം ചെയ്തു.
CIC തുമാമ സോൺ വൈസ് പ്രസിഡൻ്റ് നബീൽ പുത്തൂർ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ റമദാനിൽ സോൺ നടത്തിയ സൂറഃ അൽ മുംതഹിന ഖുർആൻ പ്രശ്നോത്തരിയിൽ മികച്ച വിജയം നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
നഈം അഹ്മദ് ഖുർആൻ പാരായണം നടത്തി. CIC ഖത്തർ വൈസ് പ്രസിഡണ്ട് കെ.ടി മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു. സോൺ സെക്രട്ടറി ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. ഹാഷിം, അസ്ലം, മഅ്റൂഫ്, സലീം, നജീം എന്നിവർ നേതൃത്വം നൽകി.

