മലപ്പുറം: ഭൂവിസ്തൃതിയും ജനസംഖ്യയും വികസന സാധ്യതയും മുൻനിർത്തി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടത് അനിവാര്യമാണ്. കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കും ജില്ലാതല ഓഫീസ് സംവിധാനങ്ങൾക്കും നിയന്ത്രിക്കാവുന്ന അവസ്ഥയിലല്ല നിലവിൽ ജില്ലയിലെ വികസനവിഭവ വിതരണങ്ങളും ക്ഷേമപദ്ധതികളുടെ നടത്തിപ്പുമുള്ളത്. പലതും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ ജില്ലാ ഓഫീസ് സംവിധാനങ്ങൾ താളംതെറ്റുകയാണ്. ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യ. ഇപ്പോഴിത് മൂന്നിരട്ടിയിലധികം വർധിച്ച് അമ്പത് ലക്ഷത്തോളമായിട്ടുണ്ട്. ഇത്രയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജില്ലാ ഭരണകൂട സംവിധാനങ്ങൾ മലപ്പുറത്തില്ല. ജില്ലാ ഭരണത്തിന് നേതൃത്വം നൽകിയ മുൻ കലക്ടർ വി.ആർ വിനോദും ഇപ്പോൾ സബ്കലക്ടർ ദിലീപ് കെ. കൈനിക്കരയും ജില്ലാ വിഭജനം ആവശ്യപ്പെട്ടത് ഈ ഭരണപരമായ പ്രതിസന്ധികൾ നേരിട്ടനുഭവിച്ചത് കൊണ്ടുകൂടിയാണ്. വെൽഫെയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മതസാമൂഹ്യ സംഘടനകളും ഈ ആവശ്യം പല പ്രാവശ്യം ഉയർത്തിയതാണ്. സംസ്ഥാനത്ത് വരാൻ പോകുന്ന പുതിയ ഭരണകൂടം മലപ്പുറത്തെ ഈ ജനകീയ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
