വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ കരുത്ത്; വിദ്യാർത്ഥികൾക്കൊപ്പമാണ് ജനാധിപത്യ ഇന്ത്യ: കെ.വി. സഫീർഷ

ഡൽഹിയിലെ വിദ്യാർത്ഥി സമരത്തെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ജില്ലാ പ്രസിഡണ്ട് കെവി സഫീർഷ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

മലപ്പുറം: രാജ്യത്തിന്റെ തലസ്ഥാനത്ത് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികളിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസും പ്രകടനവും മലപ്പുറത്ത് നടന്നു. ജില്ലാ പ്രസിഡന്റ് കെ.വി. സഫീർഷ ഉദ്ഘാടനം ചെയ്തു.

വിദ്യാർത്ഥി സമരങ്ങൾ ജനാധിപത്യത്തിന്റെ ജീവസ്പന്ദനമാണെന്നും, നീതിക്കും സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾക്ക് ചരിത്രത്തിലുടനീളം വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളുടെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കങ്ങൾ ഭരണഘടനാ മൂല്യങ്ങൾക്കും ജനാധിപത്യ സംസ്്കാരത്തിനും നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തയുടെയും വിമർശനാത്മക സംവാദത്തിന്റെയും കേന്ദ്രങ്ങളായി നിലനിൽക്കേണ്ടതാണെന്നും വിദ്യാഭ്യാസ മേഖലയിലെ പുതിയ പരിഷ്‌കാരങ്ങൾ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ റദ്ദു ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുകയും സംവാദത്തിലൂടെ പരിഹാരം കണ്ടെത്തുകയും ചെയ്യുന്നതിന് പകരം അടിച്ചമർത്തലിന്റെ വഴി സ്വീകരിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരിപാടിയിൽ ജില്ല ട്രഷറർ നസീറാ ബാനു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഇബ്രാഹീം കുട്ടിമംഗലം സ്വാഗതം പറഞ്ഞു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് വിടിഎസ് ഉമർ തങ്ങൾ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി കെപി ജസീല, എഫ്‌ഐടിയു ജില്ലാ പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം, പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സുഭദ്ര വണ്ടൂർ സമാപനം നടത്തി. ആരിഫ് ചുണ്ടയിൽ, അഷ്റഫ്അലി കട്ടുപ്പാറ, ബിന്ദു പരമേശരൻ, ഷാക്കിർ മോങ്ങം, മഹ്ബൂബുറഹ്‌മാൻ എന്നിവർ നേതൃത്വം നൽകി.

Leave a Comment

More News