
പരപ്പനങ്ങാടി: ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ട് കഴിഞ്ഞ 17 വർഷമായി പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയയുടെ രോഗബാധിതയായ ഉമ്മ ബീയുമ്മയെ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി സന്ദർശിച്ചു.
രോഗബാധിതയായി കിടപ്പിലായ ഉമ്മയെ കാണുന്നതിനായി സകരിയ സമർപ്പിച്ച ജാമ്യാപേക്ഷ അടുത്തിടെയാണ് കോടതി തള്ളിയത്. അതേസമയം, സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്ന് അന്തിമഘട്ടത്തിലെത്തിയിരുന്ന വിചാരണയിൽ വിധി പ്രതീക്ഷിക്കുന്നതിനിടെയാണ് കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റാനുള്ള തീരുമാനം ഉണ്ടായത്. ഇത് വിചാരണ അനാവശ്യമായി വൈകിപ്പിക്കുന്നതും നീതിന്യായ നടപടികളിൽ ഗുരുതരമായ ആശങ്ക സൃഷ്ടിക്കുന്നതുമാണെന്ന് റസാഖ് പാലേരി പറഞ്ഞു.
സകരിയ ഉൾപ്പെടെ കേസിലെ വിചാരണത്തടവുകാർക്ക് ജാമ്യം ഉൾപ്പെടെയുള്ള അടിസ്ഥാന നിയമപരമായ അവകാശങ്ങൾ ദീർഘകാലമായി നിഷേധിക്കപ്പെടുകയാണെന്നും, യു.എ.പി.എ. കേസുകളിലെ വിചാരണത്തടവുകാർക്ക് കേവല മാനുഷിക പരിഗണന പോലും ലഭിക്കാത്ത സാഹചര്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിചാരണ തന്നെ ശിക്ഷയായി മാറുന്ന നിലവിലെ അവസ്ഥ നീതിയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സകരിയ ഉൾപ്പെടെയുള്ള വിചാരണത്തടവുകാർക്ക് ജാമ്യം ഉറപ്പാക്കുന്നതിനും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റി വിചാരണ വൈകിപ്പിക്കുന്ന നടപടി പുനഃപരിശോധിക്കുന്നതിനുമായി കേരള സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
സന്ദർശനത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജില്ലാ വൈസ് പ്രസിഡന്റ് ആരിഫ് ചുണ്ടയിൽ എന്നിവർ കുടെ ഉണ്ടായിരുന്നു.
