
ചെറുപ്പളശ്ശേരി: ലഹരി വ്യാപനത്തിനെതിരെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയെ വിജയിപ്പിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി ആഹ്വാനം ചെയ്തു.
‘സാഹോദര്യ രാഷ്ട്രീയം, സാമൂഹ്യനീതിയുടെ പോരാട്ടം’ എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി ജൂൺ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വെൽഫെയർ പാർട്ടിയിലേക്ക് കടന്നു വന്ന ചെറുപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ പുതിയ മെമ്പർമാർക്ക് നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ച് കേരളത്തിൽ മദ്യ ഉപയോഗം വർദ്ധിപ്പിക്കാനുള്ള ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്മാറണം. സർക്കാർ പ്രഖ്യാപിച്ച ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പദ്ധതിയെ ദുർബലമാക്കുന്ന സമീപനം സർക്കാർ തന്നെ സ്വീകരിക്കരുത്. രാസ ലഹരി മാത്രമല്ല തടയേണ്ടത്. മദ്യം ഉൾപ്പെടെയുള്ള എല്ലാ ലഹരി വസ്തുക്കളുടെയും ഉപയോഗം തടയാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
മദ്യം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം സംസ്ഥാനത്ത് സമ്പൂർണമായി തടയുന്നതിനുള്ള പദ്ധതിയാണ് യു ഡി എഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരുന്നത്. മയക്കുമരുന്ന്, മദ്യം തുടങ്ങി ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം സംസ്ഥാനത്ത് വ്യാപകമായിക്കൊണ്ടിരിക്കുമ്പോൾ നികുതിയിളവ് നൽകി മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനം വാഗ്ദാന ലംഘനമാണ്. ഇതിൽ നിന്ന് യുഡിഎഫ് സർക്കാർ പിന്തിരിയണമെന്നും റസാഖ് പാലേരി ആവിശ്യപ്പെട്ടു.
വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.സി.നാസർ അദ്ധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് റിയാസ് ഖാലിദ്, മണ്ഡലം പ്രസിഡൻറ് അഷ്റഫ് മാട്ടറ എം, ചെറുപ്പുളശ്ശേരി നഗരസഭാ കൗൺസിലർ സമീറ ഗഫൂർ പി, മുൻ കൗൺസിലർ അബ്ദുൽ ഗഫൂർ പി, വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻറ് പി. ഹംസ എന്നിവർ അഭിവാദ്യ പ്രഭാഷണങ്ങൾ നടത്തി.
ചെറുപ്പുളശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ശോചനയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പി ടി സൈതലവി ചെറുപ്പുളശ്ശേരി പ്രമേയം അവതരിപ്പിച്ചു.
ചെറുപ്പുളശേരി മുൻസിപ്പാലിറ്റി പതിനഞ്ചാം വാർഡ് പാർലമെൻററി ബോർഡ് കൺവീനർ എൻ കെ അബ്ദുൽ ഖാദർ സ്വാഗതവും, വിമൻ ജസ്റ്റിസ് ജില്ലാ കമ്മിറ്റിയംഗം ബീന ഹംസ നന്ദിയും പറഞ്ഞു.
