ഓൾഡ്ഹാം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) യു കെ – കേരള ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘പുതുയുഗ സംഗമം 2026’ ഫാമിലി മീറ്റ് ജൂൺ 27-ന് ഓൾഡ്ഹാമിൽ സംഘടിപ്പിക്കും. മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സാമൂഹിക പ്രവർത്തകയും ഐ ടി പ്രൊഫഷണലുമായ ഡോ. മറിയ ഉമ്മൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.കേരളത്തിന്റെ ജനനായകനും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിയുടെ ജനകീയ രാഷ്ട്രീയത്തിന്റെയും പൊതുസേവനത്തിന്റെയും ഓർമ്മകൾക്ക് ആദരമർപ്പിച്ചുകൊണ്ട് ‘ഉമ്മൻ ചാണ്ടി സ്മൃതി നഗർ’ എന്ന പേരിൽ സജ്ജമാക്കുന്ന വേദിയിലാണ് കുടുംബസംഗമം നടക്കുന്നത്. ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച മതേതരത്വത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും സന്ദേശം പ്രവാസി സമൂഹത്തിൽ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ട്.
യു കെയിലെ ഒരു രാഷ്ട്രീയ സംഘടന സംഘടിപ്പിക്കുന്ന ഏറ്റവും വലിയ കുടുംബസംഗമങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്ന പരിപാടിയിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കെടുക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേഖലകളെ ഒരുമിപ്പിക്കുന്ന വേദിയായാണ് ‘പുതുയുഗ സംഗമം 2026’ സംഘടിപ്പിക്കുന്നത്.
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ആഘോഷം, പൊതുസമ്മേളനം, സംഗീത-നൃത്ത വിരുന്ന്, മിഡ്‌ലാൻഡ്സ് ഏരിയ യൂണിറ്റുകളുടെ വനിതാ-യുവജന വിങ്ങുകളുടെ രൂപീകരണം, പുതിയ യൂണിറ്റുകൾക്ക് ചുമതലാപത്രം കൈമാറൽ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തികളെയും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച യൂണിറ്റുകളെയും ചടങ്ങിൽ ആദരിക്കും. വ്യക്തികൾക്കുള്ള ‘കർമ്മശ്രേഷ്ഠ പുരസ്കാരം’, മികച്ച യൂണിറ്റുകൾക്കുള്ള ‘സംഘടനാശ്രേഷ്ഠ പുരസ്കാരം’, യു കെയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകർക്കും മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച പ്രവർത്തകർക്കുമുള്ള ‘സേവാശ്രേഷ്ഠ പുരസ്കാരം’ എന്നിവ ഡോ. മറിയ ഉമ്മൻ സമ്മാനിക്കും.
വേദി:
ഉമ്മൻ ചാണ്ടി സ്മൃതി നഗർ
St. Herbert’s Parish Centre
148 Broadway, Chadderton
Oldham OL9 0JY
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് വഴി എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. സീറ്റുകൾ പരിമിതമാണ്.
രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/ d7Hv2rDyQ9d1UL4n7
പരിപാടിയുടെ പ്രധാന സംഘാടകരായ ഐ ഒ സി (യു കെ) – കേരള ചാപ്റ്റർ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ജനറൽ സെക്രട്ടറി റോമി കുര്യാക്കോസ്, ഓൾഡ്ഹാം യൂണിറ്റ് പ്രസിഡന്റ് പുഷ്പരാജൻ, വൈസ് പ്രസിഡന്റ് ജിതിൻ ജെയിംസ്, നോർത്ത് വെസ്റ്റ് മാഞ്ചസ്റ്റർ റീജിയൻ പ്രസിഡന്റ് സോണി ചാക്കോ എന്നിവർ അറിയിച്ചു.
പ്രവാസി കോൺഗ്രസ് കുടുംബങ്ങളുടെ ഐക്യത്തിന്റെയും സംഘടനാ കരുത്തിന്റെയും വിളംബരമായി മാറുന്ന ‘പുതുയുഗ സംഗമം 2026’ മിഡ്‌ലാൻഡ്സ് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ-കുടുംബ കൂട്ടായ്മകളിലൊന്നായിരിക്കുമെന് ന് സംഘാടകർ അറിയിച്ചു.
