ബീച്ചിൽ ഉറങ്ങിക്കിടന്നിരുന്ന രണ്ട് ഇന്ത്യന്‍ വംശജരായ കോളേജ് വിദ്യാര്‍ത്ഥിനികള്‍ തിരമാലയില്‍ പെട്ട് മരിച്ചു

സാൻ ഫ്രാൻസിസ്കോ: കാലിഫോർണിയയിലെ സാന്താക്രൂസ് കൗണ്ടിയിൽ യെല്ലോ ബാങ്ക് ബീച്ചിൽ കിടന്നുറങ്ങിയിരുന്ന രണ്ട് ഇന്ത്യൻ വംശജരായ കോളേജ് വിദ്യാർത്ഥിനികള്‍ തിരമാലയില്‍ പെട്ട് മരിച്ചു.

സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥിനിയായ മഹിയാൽ സ്രാൻ (20), യുസി ബെർക്ക്‌ലിയിൽ പഠിച്ചിരുന്ന ഹർഷിത നായർ എന്നിവരെയാണ് തിരമാല കടലിലേക്ക് വലിച്ചെടുത്തത്.

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ ബെർക്ക്‌ലിയിലെ ലീഗൽ സ്റ്റഡീസ് വിദ്യാര്‍ത്ഥി സ്വിദ്യാർത്ഥിനിയായിരുന്നു ഹര്‍ഷിത നായർ. മഹിയാൽ സ്രാൻ സാൻ ഹോസെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് ഹെൽത്ത് (പൊതുജനാരോഗ്യം) വിദ്യാർത്ഥിനിയുമായിരുന്നു. ഫ്രീമോണ്ടിലെ വാഷിംഗ്ടൺ ഹൈസ്‌കൂളിൽ നിന്ന് 2023-ൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഇരുവർക്കും 2027-ൽ ബിരുദം ലഭിക്കേണ്ടതായിരുന്നു.

അപ്രതീക്ഷിതമായി എത്തിയ ശക്തമായ വേലിയേറ്റവും അപകടകരമായ തിരമാലകളും ഇവരെ കടലിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാറിക്കൊണ്ടിരുന്ന തീരദേശ കാലാവസ്ഥയും ശക്തമായ തിരമാലകളുമാണ് ദുരന്തത്തിന് കാരണമായതെന്ന് അധികൃതർ വ്യക്തമാക്കി. രക്ഷാപ്രവർത്തകർ ഇരുവരെയും കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ പ്രദേശത്ത് കടൽ സുരക്ഷാ മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്.

മരിച്ച ഹർഷിത നായർ സാമൂഹിക സേവന രംഗത്ത് സജീവമായിരുന്നെന്ന് യുസി ബെർക്ക്‌ലിയിലെ സഹപ്രവർത്തകർ അനുസ്മരിച്ചു.

 

Leave a Comment

More News