തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കോൺഗ്രസ് ഹൈക്കമാൻഡിനെ സമീപിച്ചു. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ, വിഡി സതീശൻ എന്നിവർക്ക് അദ്ദേഹം ഇ-മെയിൽ വഴിയാണ് തന്റെ നിലപാട് വ്യക്തമാക്കി സന്ദേശം അയച്ചത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരെക്കാൾ കൂടുതല്‍ യോഗ്യത തനിക്കുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ജാതി സമവാക്യങ്ങളെ അടിസ്ഥാനമാക്കി നേതൃത്വത്തെ നിർണ്ണയിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പാരമ്പര്യം, പ്രവർത്തന പരിചയം, സംഘടനാ ശേഷി എന്നിവയ്ക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു.
1978 മുതൽ കേരള രാഷ്ട്രീയത്തിൽ സജീവമായി ഇടപെട്ടിട്ടുണ്ടെന്നും കെ.എസ്.യു, യൂത്ത് കോൺഗ്രസ്, സേവാദൾ അഖിലേന്ത്യാ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, കോൺഗ്രസ് വക്താവ് തുടങ്ങിയ സ്ഥാനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ടെന്നും ഈ അനുഭവ സമ്പത്ത് പരിഗണിക്കണമെന്നും അദ്ദേഹം ഇ-മെയിലില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും നിയമസഭാ മണ്ഡലങ്ങളിലെയും പ്രവർത്തകരുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവായിരിക്കണം കെ.പി.സി.സി പ്രസിഡന്റ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പാർട്ടിയോടുള്ള തന്റെ പ്രതിബദ്ധത ഗ്രൂപ്പ് രാഷ്ട്രീയത്തിനപ്പുറമാണെന്നും പിന്തുണ നേടാൻ പിആർ സംവിധാനങ്ങളെയോ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളെയോ ആശ്രയിച്ചിട്ടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന എംപിമാരുടെയും എംഎൽഎമാരുടെയും കൂട്ടത്തിൽ ഏറ്റവും പരിചയസമ്പന്നനും യോഗ്യനുമാണ് താനെന്നും അദ്ദേഹം നിലപാട് ആവർത്തിച്ചു.
സംസ്ഥാനത്ത് എൽഡിഎഫിന്റെ ശക്തമായ സംഘടനാ ഘടനയെ നേരിടാൻ കോൺഗ്രസിന് ശക്തമായ നേതൃത്വം ആവശ്യമാണെന്നും, ജനങ്ങൾക്കിടയിലുള്ള സ്വീകാര്യതയും തന്റെ രാഷ്ട്രീയ പാരമ്പര്യവും അതിന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനഃസംഘടന എത്രയും വേഗം നടപ്പിലാക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
