മാലിയിൽ പുളിക്കത്ര തറവാട്ടിൽ ശതാബ്ദി ആഘോഷം; ലോഗോ പ്രകാശനം നടത്തി

എടത്വ: എടത്വ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ആദ്യ കളിവള്ളം നീരണഞ്ഞതിന്റെ 100-ാമത് വാർഷികം ജൂലൈ 25ന് നടത്തും. ലോഗോ പ്രകാശനം റജി ചെറിയാൻ എംഎൽഎ മേൽപാടം ചുണ്ടൻ വള്ളം സമിതി പ്രസിഡന്റ് ഐപ്പ് ചക്കിട്ടയ്ക്ക് നല്‍കി നിർവഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അധ്യക്ഷത വഹിച്ചു. ജോബിൾ പെരുമാൾ, ജനറൽ കൺവീനർ റജി എം.വർഗ്ഗീസ്, കൺവീനർമാരായ ജിബി ഈപ്പൻ, സുധീർ കൈതവന എന്നിവർ പ്രസംഗിച്ചു.

സ്വാഗത സംഘ സംഘാടക സമിതി രൂപീകരണ യോഗം എടത്വ പാണ്ടങ്കരി മാലിയിൽ പുളിക്കത്ര തറവാട്ടിൽ നടന്നു. റജി എം. വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ശ്രീമതി മോൻസി സോണി ഉദ്ഘാടനം ചെയ്തു. അൽഫോൺസ് ആന്റണി, കെസി സന്തോഷ്, എൻ ജെ സജീവ്, സുധീർ കൈതവന, ഡോ ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ പ്രദർശനം, ആദ്യകാല തുഴച്ചിൽക്കാരെ ആദരിക്കൽ, സാംസ്കാരിക പൊതു സമ്മേളനം ,ശില്പികളെ ആദരിക്കൽ, നെഹ്റു ട്രോഫി ജലമേളയിൽ ഏറ്റവും കൂടുതൽ തവണ ട്രോഫി എടുത്ത ടീം ആയ സെന്റ് ജോർജ്ജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ഷോട്ട് പുളിക്കത്ര കളിവള്ളത്തിൽ ജല ഘോഷയാത്ര, ജൂലൈ 25ന് ശതാബ്ദി സ്മാരക ജലോത്സവം എന്നിവ നടത്തുവാൻ തീരുമാനിച്ചതായി ജോർജ്ജ് ചുമ്മാർ മാലിയിൽ അറിയിച്ചു.

വള്ളംക്കളി പ്രേമികൾക്ക് എന്നും ആവേശമാണ് എടത്വാ പാണ്ടങ്കേരി പുളിക്കത്ര തറവാട് .ഒരേ കുടുബത്തിൽ നിന്നും തുടർച്ചയായി 4 തലമുറക്കാർ കളി വള്ളങ്ങൾ നിർമിക്കുന്നതും മത്സരങ്ങളിൽ പങ്കെടുക്കുന്നതുമായ യു ആർ.എഫ് വേൾഡ് റെക്കോർഡ് ബഹുമതി ഈ തറവാടിന് മാത്രം സ്വന്തമാണ്.

എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്.

1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ വള്ളംമായ പുളിക്കത്ര. എന്നാൽ അന്നത്തെ മുഖ്യാതിഥിയായി പങ്കെടുത്ത പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഓളങ്ങളെ കീറിമുറിച്ച് വെടിയുണ്ട പോലെ ചീറി പാഞ്ഞ് വന്ന പുളിക്കത്ര കളിവള്ളത്തെ നോക്കി ആവേശത്തോടെ ‘ഷോട്ട് ‘ എന്ന് വിളിച്ചപ്പോൾ ഇരുകരകളിൽ നിന്നും ആർപ്പുവിളി ഉയർന്നു. പിന്നീട് ഷോട്ട് എന്ന ഓമനപേരിൽ പുളിക്കത്ര വള്ളം അറിയപെടുവാൻ തുടങ്ങി.

ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്. പാണ്ടങ്കരി സെൻറ് ജോർജ് ബോട്ട് ക്ലബിന്റെ നേതൃത്വത്തിൽ ആണ് 4 ഹാട്രിക് ഉൾപെടെ 16 തവണയോളം വിജയം ഉറപ്പിച്ചത്.

2017 ജൂലൈ 27 ന് ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്.സാബു നാരായണൻ ആചാരിയാണ് ശില്പി.

Leave a Comment

More News