തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധമായാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടു.
കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്‌പി ദീപക് ആണ് ബിജെപി കൗൺസിലർമാർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എതിർ കൗൺസിലർമാർ നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാൻ നിർദ്ദേശിക്കണമെന്നും അതുവരെ അവരെ കൗൺസിലിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. കൗൺസിലർമാർ ദൈവങ്ങളുടെയും സംഘടനകളുടെയും രക്തസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തു. മേയർ തിരഞ്ഞെടുപ്പിൽ അവർ വോട്ട് ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു.
സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിൽ അല്ലെങ്കിൽ സഗൗരവം എന്ന് പറയുന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ തുടങ്ങിയവരുടെയും രക്തസാക്ഷികളുടെയും പേരിലായിരുന്നു ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. ഇത് കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143 ന്റെ ലംഘനമാണെന്ന് ഹർജിയിൽ വാദിച്ചു.
ചെമ്പഴന്തി ഉദയൻ (വാർഡ് നാല്), സുഗതൻ ആർ (വാർഡ് അഞ്ച്), വിഷ്ണു മോഹൻ (വാർഡ് ആറ്), സൂര്യ വിഎസ് (വാർഡ് ഏഴ്), പാപ്പനംകോട് സജി (വാർഡ് ഒൻപത്), ആർസി ബീന (വാർഡ് 10), ആശാനാഥ് ജിഎസ് (വാർഡ് 11), വയൽക്കര രതീഷ് (വാർഡ് 12), വിനോദ് ആർ (വാർഡ് 13), ഗോപകുമാർ (വാർഡ് 14), ശ്രുതി എസ്എസ് (വാർഡ് 15), വി ഗിരി (വാർഡ് 16), സരിത പി (വാർഡ് 17), ഹരികുമാർ എസ് (വാർഡ് 18), ദീപ എസ് നായർ (വാർഡ് 19), സുകന്യ ഒ (വാർഡ് 20), ജയ രാജീവ് (വാർഡ് 21), സുനിൽ എസ്എസ് (വാർഡ് 22), അഡ്വ. മിനി പിഎസ് (വാർഡ് 23) തുടങ്ങിയവരുടെ സത്യപ്രതിജ്ഞയാണ് കോടതി റദ്ദാക്കിയത്.
ജില്ലാ കലക്‌ടറുടെ സാന്നിധ്യത്തിലായിരുന്നു വിവാദമായ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ചട്ടലംഘനം ചൂണ്ടിക്കാട്ടി അന്നത്തെ മേയർ തിരഞ്ഞെടുപ്പ് സമയത്ത് ഈ കൗൺസിലർമാരെ വോട്ട് ചെയ്യാൻ അനുവദിക്കരുതെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും കലക്ടർ അത് നിരാകരിക്കുകയായിരുന്നു. സത്യപ്രതിജ്ഞ സമയത്ത് എതിർപ്പ് ഉന്നയിക്കണമായിരുന്നുവെന്ന് കളക്ടർ അനുകുമാരി ചൂണ്ടിക്കാട്ടി. കൈകൊട്ടിയാണ് ബിജെപി അംഗങ്ങൾ ഇത് സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഫോമുകളിൽ ഒപ്പിട്ട് യോഗത്തിൽ പങ്കെടുത്ത് അംഗങ്ങളാകണമെന്നും കൂടുതൽ പരാതികളുണ്ടെങ്കിൽ കോടതിയെ സമീപിക്കാമെന്നും കളക്ടർ നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് ദീപക് ഹൈക്കോടതിയെ സമീപിച്ചത്.
തുടർന്ന് ഹൈക്കോടതി 20 കൗൺസിലർമാരിൽ നിന്ന് വിശദീകരണം തേടി. വാദം കേൾക്കുന്നതിനിടെ, ദൈവത്തിന്റെ വീക്ഷണം വ്യത്യസ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിച്ചിരിക്കുന്ന വ്യക്തികളെയോ ഗുരുക്കന്മാരെയോ ദൈവപുരുഷന്മാരെയോ ആരാധിക്കുന്ന ആളുകളുണ്ട്. ഇതിന് അവരെ കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, അവരുടെ വീക്ഷണത്തിൽ ദൈവം ആരാണ്? ദൈവങ്ങളുടെയും മറ്റ് ആളുകളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് നിയമപരമാണോ? വിഷയങ്ങൾ വിശദമായി പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കോടതി വ്യക്തമാക്കി.
