പൂർണമായി മദ്യ നിരോധനം നടപ്പിലാക്കണമെങ്കില്‍ ചര്‍ച്ച വേണം: കെ. മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്തതിനുശേഷം മാത്രമേ നടപ്പിലാക്കാന്‍ കഴിയൂ എന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുന്നതിന് ആദ്യം ആവശ്യമായ സാമൂഹിക സാഹചര്യവും പൊതുജന സമവായവും രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വി.എം. സുധീരൻ നടത്തിയ പരസ്യ പ്രതികരണത്തിൽ തീരുമാനമെടുക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനം സമ്പൂർണ മദ്യനിരോധനത്തിലേക്ക് നീങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ബാറുകളുടെ എണ്ണം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചിരുന്നുവെന്ന് ഓർമ്മിപ്പിച്ചു. എന്നാൽ, കഴിഞ്ഞ പത്ത് വർഷത്തിനിടെ വ്യാപകമായി മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയതിന്റെ പ്രത്യാഘാതങ്ങളെയും അദ്ദേഹം വിമർശിച്ചു, അതാണ് കേരളം ഇപ്പോൾ നേരിടുന്നത്.

വീര്യം കുറഞ്ഞ മദ്യം ലഭ്യമാക്കിയത് മദ്യത്തിന്റെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി പറഞ്ഞു. അതിന്റെ ഭാഗമായാണ് സർക്കാർ ബിവറേജസ് കോർപ്പറേഷൻ രൂപീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

കെ കരുണാകരൻ വ്യക്തിപരമായി മദ്യം ഉപയോഗിച്ചിരുന്ന വ്യക്തിയായിരുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ കാലത്താണ് ബിവറേജസ് കോർപ്പറേഷൻ സ്ഥാപിതമായതെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിൽ മദ്യപാനികളുണ്ടെന്ന യാഥാർത്ഥ്യം അംഗീകരിച്ച് അവർക്ക് നിയന്ത്രിതവും ഗുണനിലവാരമുള്ളതുമായ മദ്യം നൽകുക എന്നതായിരുന്നു അന്നത്തെ സമീപനമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഈ രീതി അധികകാലം തുടരാനാവില്ലെന്നും മദ്യവിൽപ്പന ഘട്ടംഘട്ടമായി നിയന്ത്രിക്കാൻ ഉമ്മൻചാണ്ടി സർക്കാർ നടപടികൾ ആരംഭിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് മദ്യം നൽകുന്നത് നിയമവിരുദ്ധമാണെന്നും അത്തരം നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Leave a Comment

More News