എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി കോൺഫറൻസ് ഞായറാഴ്ച ടൗൺ ഹാളിൽ നടക്കും. രാവിലെ 10ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ ടി. ആരിഫലി ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദർ മുഖ്യാതിഥിയായിരിക്കും. മുംബൈ സ്ഫോടന കേസിൽ വർഷങ്ങളോളം അന്യായമായി തടവിൽ കഴിയേണ്ടിവന്ന അഡ്വ. വാഹിദ് ശൈഖ് പരിപാടിയിൽ സംബന്ധിക്കും.
9/11 സംഭവത്തിനു ശേഷം അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഭീകരത വിരുദ്ധ യുദ്ധം’ (war on Terror) പദ്ധതിയുടെ കഴിഞ്ഞ 25 വർഷത്തെ സാമൂഹിക ആഘാതം വിലയിരുത്തപ്പെടുന്ന പരിപാടിയിൽ രാജ്യത്തെ നിരവധിയായ കേസുകളിൽ പ്രതി ചേർക്കപ്പെട്ട് വർഷങ്ങൾ ജയിലിൽ കഴിഞ്ഞ് നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയക്കപട്ടവർ, നീണ്ട കാല വിചാരണ തടവുകാരായി കഴിയുന്നവരുടെ ബന്ധുക്കൾ, ബുൾഡോസർ രാജ്, SIR, ഗോ രക്ഷ ഗുണ്ടായിസം തുടങ്ങിയവയുടെ ഇരകൾ, ആക്റ്റിവിസ്റ്റുകൾ, അകാദമിക് പണ്ഡിതർ, നേതാക്കൾ, നിയമ വിദഗ്ധർ തുടങ്ങി നാനാതുറകളിലുള്ള പ്രമുഖർ സംബന്ധിക്കും.
ജമാഅത്തെ ഇസ്ലാമി ഹിന്ദ്, കേരള അമീർ പി. മുജീബുറഹ്മാൻ, അന്താരാഷ്ട്രതലത്തിൽ അറിയപ്പെട്ട എഴുത്തുകാരനും അകാദമീഷ്യനുമായ പ്രഫ. ഇർഫാൻ അഹ്മദ്, യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘കേജ് ഫൗണ്ടേഷൻ്റെ’ ഡയറക്ടർ ആസിം ഖുറൈശി, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാട്, കെ. അംബുജാക്ഷൻ, റിട്ട. ജസ്റ്റിസ് താഹ, നഹാസ് മാള, സി. ദാവൂദ്, ടി. മുഹമ്മദ് വേളം, കെ.കെ. സുഹൈൽ, സാദിഖ് ഉളിയിൽ, ബാബുരാജ് ഭഗവതി, മാധ്യമ പ്രവർത്തകരായ ഗ്രീഷ്മ കുതർ, എം. ജിഷ, അസ്ലഹ് വടകര, റാസിഖ് റഹീം, ശഹീൻ അബ്ദുല്ല തുടങ്ങി നിരവധി പേർ പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ:
ടി. ഇസ്മാഈൽ (ജനറൽ സെക്രട്ടറി, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ, കേരള)
ഷബീർ കൊടുവള്ളി (സെക്രട്ടറി, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ, കേരള)
അനീഷ് മുല്ലശ്ശേരി (സെക്രട്ടറി, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ, കേരള)
റമീസ് ബിൻ ജമാൽ (സെക്രട്ടറി, സോളിഡാരിറ്റി യൂത്ത്മൂവ്മെൻ്റ്, എറണാകുളം)
‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ നാളെ മുതൽ
എറണാകുളം: സോളിഡാരിറ്റി യൂത്ത് മൂവ്മെൻ്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻ്റ് സോളിഡാരിറ്റി’ കോൺഫറൻസിൻ്റെ ഭാഗമായി നടക്കുന്ന ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് മുംബൈ സ്ഫോടന കേസിൽ വർഷങ്ങളോളം അന്യായമായി തടവിൽ കഴിയേണ്ടിവന്ന അഡ്വ. വാഹിദ് ശൈഖ്, സാജിദ് അൻസാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും.
പീഢനങ്ങളുടെ പരീക്ഷണ ശാലകളാണ് ലോകത്തെ ജയിലുകൾ. സെപ്റ്റംബർ 11 ന് ശേഷം അമേരിക്ക ക്യൂബയിൽ ഗ്വാണ്ടനാമോ ബേ നാവിക കേന്ദ്രത്തോടനുബന്ധിച്ച് ആരംഭിച്ച കുപ്രസിദ്ധ തടങ്കൽ പാളയമാണ് ഗ്വാണ്ടനാമോ. അവിടുത്തെ വസ്ത്രമാണ് ഓറഞ്ച് ജംപ് സ്യൂട്ട്. ഭീകരതാ വിരുദ്ധ യുദ്ധത്തിൻ്റെ വലിയ പ്രതീകമാണ് ഈ ഓറഞ്ച് നിറമുള്ള വസ്ത്രം.
ഗ്വാണ്ടനാമോ മുതൽ നമ്മുടെ നാട്ടിലെ ജയിലറകൾ വരെയുള്ള തടവറകളിൽ നിരപരാധികളായ ആളുകൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഈ പീഢനങ്ങളുടെ ആഴം സന്ദർശകർക്ക് അനുഭവപ്പെടുന്ന തരത്തിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. ‘ഭീകരത വിരുദ്ധ യുദ്ധം’ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ അതിക്രമങ്ങൾ എക്സിബിഷൻ ആവിഷ്കരിക്കും.
എരിയുന്ന ഓർമകളുമായി അവർ സംഗമിക്കുന്നു
എറണാകുളം: വിശുദ്ധ ഖുർആൻ മുഴുവൻ മനഃപാഠമാക്കിയതിന് മാതാവ് നൽകിയ തുകയുമായി ഡൽഹിയിലേക്ക് പെരുന്നാൾ ഉടുപ്പുകൾ വാങ്ങാൻ പോയതായിരുന്നു ഹാഫിദ് ജുനൈദ് ഖാൻ എന്ന ഹരിയാനക്കാരൻ കൗമാരക്കാരന്. പക്ഷേ സഹോദരങ്ങളോടൊപ്പമുള്ള മടക്കയാത്രക്കിടെ ട്രയിനിൽ ഹിന്ദുത്വ ഭീകരര് ജുനൈദ് എന്ന 16 വയസ്സുകാരനെ അടിച്ചും കുത്തിയും കൊലപ്പെടുത്തി. 2017 ജൂൺ 22ന് രാജ്യത്തെ ആകെ നടുക്കിയ അതിക്രൂര സംഭവത്തിൽ നീതി നടപ്പായില്ല. പെഹ്ലു ഖാൻ, അഫ്രസുൽ ഖാൻ തുടങ്ങി അസംഖ്യം മനുഷ്യരുടെ ജീവൻ അപഹരിച്ച സംഘ്പരിവാർ ഇപ്പോഴും അതിക്രമങ്ങൾ തുടരുകയാണ്. ഈ ഇരകളായ മനുഷ്യരുടെ മാതാപിതാക്കൾ, ഇണകൾ, മക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ സംഗമമാവും പരിപാടി.
പതിറ്റാണ്ടുകളായി വിചാരണ തടവുകാരായി കഴിയുന്ന പരപ്പനങ്ങാടി സകരിയ, മഅ്ദനി തുടങ്ങിയവരുടെ ബന്ധുക്കളും സംബന്ധിക്കും.

