പുരി രഥയാത്രയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഇരുന്നോറോളം പേർക്ക് പരിക്കേറ്റു; ഒരാൾ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച ജഗന്നാഥ രഥയാത്രയ്ക്കിടെയുണ്ടായ തിക്കും തിരക്കും മൂലം ഇരുന്നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്തു. ഗ്രാൻഡ് റോഡിൽ ആയിരക്കണക്കിന് ജനങ്ങള്‍ പങ്കെടുത്ത രഥയാത്രയിലാണ് സംഭവം നടന്നത്.

“ബഡ ദണ്ഡ” അഥവാ ഗ്രാൻഡ് റോഡിലാണ് അപകടം നടന്നത്. ജഗന്നാഥൻ, ബലഭദ്രൻ, ദേവി സുഭദ്ര എന്നിവരുടെ കൂറ്റൻ രഥങ്ങൾ വലിക്കാൻ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ലക്ഷക്കണക്കിന് ഭക്തർ ഒത്തുകൂടിയിരുന്നു. രഥം വലിക്കുന്നതിനിടെ, ജനക്കൂട്ടം പെട്ടെന്ന് നിയന്ത്രണാതീതമായി. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ഒരു ഭക്തന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഉടൻ തന്നെ അദ്ദേഹത്തെ പുരി ജില്ലാ ആസ്ഥാന ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർമാർ മരിച്ചതായി പ്രഖ്യാപിച്ചു.

തിക്കിലും തിരക്കിലും പെട്ട് ഏകദേശം 200 പേർക്ക് പരിക്കേൽക്കുകയോ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 50 ഓളം ഭക്തരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവര്‍ ചികിത്സയിലാണ്.

തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണം എന്താണെന്ന് ഭരണകൂടം ഇപ്പോൾ അന്വേഷിച്ചുവരികയാണ്. ജനക്കൂട്ടത്തിന്റെ സമ്മർദ്ദമോ, ചൂടോ, അല്ലെങ്കിൽ ഒരു കിംവദന്തിയോ ആകാം കാരണമെന്ന് സംശയിക്കുന്നു. ജില്ലാ ഭരണകൂടവും പോലീസും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.

മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക് സംഭവത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. “രഥയാത്രയ്ക്കിടെ ബഡാ ദണ്ടയിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു ഭക്തൻ മരിച്ച വാർത്തയിൽ ദുഃഖമുണ്ട്. പരേതന്റെ ആത്മാവിന് ശാന്തി ലഭിക്കാനും പരിക്കേറ്റവര്‍ വേഗത്തിൽ സുഖം പ്രാപിക്കാനും ഞാൻ പ്രാർത്ഥിക്കുന്നു” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബിജു ജനതാദൾ പ്രവർത്തകർ സഹായിക്കാൻ തയ്യാറാണെന്നും ജനക്കൂട്ട നിയന്ത്രണം മെച്ചപ്പെടുത്തി ഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചുവെന്നും പട്‌നായിക് പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ മതപരമായ ആഘോഷങ്ങളിൽ ഒന്നാണ് ജഗന്നാഥ രഥയാത്ര. എല്ലാ വർഷവും ദശലക്ഷക്കണക്കിന് പേരാണ് ഇതില്‍ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഇതേ രഥയാത്രയിൽ ജനക്കൂട്ട നിയന്ത്രണവും ലോജിസ്റ്റിക്സും മൂലമുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേർ മരിക്കുകയും 50 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തവണ സുരക്ഷ വർദ്ധിപ്പിച്ചതായി ഭരണകൂടം അവകാശപ്പെട്ടിരുന്നെങ്കിലും ജനക്കൂട്ടം മറ്റൊരു ദുരന്തത്തിന് കാരണമായി.

Leave a Comment

More News