ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ഐസിഇ ഏജന്റുമാർക്ക് ഷോക്ക് ഗ്ലൗസുകൾ ലഭിക്കും

വാഷിംഗ്ടൺ: യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) തങ്ങളുടെ ഉദ്യോഗസ്ഥർക്ക് വൈദ്യുതാഘാതമേൽപ്പിക്കുന്ന കൈയ്യുറകൾ വാങ്ങാനുള്ള പദ്ധതി വിവാദത്തിന് തിരികൊളുത്തി. 20 മില്യൺ ഡോളർ വരെ ചെലവിട്ട് “ഗ്ലോവ്” എന്ന് വിളിക്കപ്പെടുന്ന ഉപകരണം വാങ്ങാനുള്ള ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) തീരുമാനത്തിനെതിരെ പൗരാവകാശ സംഘടനകളിൽ നിന്നും ഡെമോക്രാറ്റിക് നേതാക്കളിൽ നിന്നും ശക്തമായ എതിർപ്പ് ഉയർന്നിട്ടുണ്ട്. കുടിയേറ്റ പ്രവർത്തനങ്ങളിൽ ഇത്തരം ആയുധങ്ങൾ ദുരുപയോഗം വർദ്ധിപ്പിക്കുന്നതിനും സാധാരണക്കാർക്ക് ഗുരുതരമായ ദോഷം വരുത്തുന്നതിനും കാരണമാകുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സാധാരണ തുകൽ കൈയ്യുറകളോട് സാമ്യമുള്ള ഈ ‘ജനറേറ്റഡ് ലോ ഔട്ട്‌പുട്ട് വോൾട്ടേജ് എമിറ്ററുകൾ’ (ഗ്ലോവുകൾ) ഒരു ബട്ടൺ അമർത്തിയാൽ 380 വോൾട്ട് വരെ വൈദ്യുതാഘാതം ഏൽപ്പിക്കാൻ കഴിയും. ടേസറുകളിൽ നിന്ന് വ്യത്യസ്തമായി, ചർമ്മവുമായി നേരിട്ട് സ്പർശിക്കുമ്പോൾ തീവ്രമായ വേദന നൽകുന്ന ഈ കൈയ്യുറകൾ അടയാളങ്ങളോ മുറിവുകളോ അവശേഷിപ്പിക്കുന്നില്ല. അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ (ACLU) അവയെ വേദനയുണ്ടാക്കുന്നതിനുള്ള “മറഞ്ഞിരിക്കുന്ന ഉപകരണം” എന്ന് വിശേഷിപ്പിച്ചപ്പോൾ, ഈ കൈയ്യുറകൾ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ഗുരുതരമായ ക്രിമിനൽ, സിവിൽ നിയമ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അനധികൃത കുടിയേറ്റക്കാരെ സുരക്ഷിതമായി തടഞ്ഞു വെയ്ക്കാൻ ഫീൽഡ് ഓഫീസർമാർക്ക് ഉചിതമായ ഉപകരണങ്ങൾ ആവശ്യമാണെന്ന് പറഞ്ഞുകൊണ്ട് DHS തങ്ങളുടെ നയത്തെ ന്യായീകരിച്ചു. എന്നാല്‍, 2024-ൽ കെന്റക്കിയിലെ ഒരു ജയിലിൽ ഈ കൈയ്യുറകൾ ആവർത്തിച്ച് ഉപയോഗിച്ചതില്‍ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചത് ആശങ്ക ഉയർത്തിയിട്ടുണ്ട്. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവർക്ക് ഇവ ഉപയോഗിക്കരുതെന്ന് നിർമ്മാതാവ് തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, ഈ രഹസ്യ ഉപകരണങ്ങൾ അനുചിതമായ ബലപ്രയോഗത്തിനും പീഡനത്തിനും ഉപയോഗിച്ചേക്കാമെന്ന് മുൻ ഉദ്യോഗസ്ഥർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Leave a Comment

More News