ആയുർവേദം മുതൽ ഹോമിയോപ്പതി വരെ നിയമത്തിന്റെ പരിധിയിൽ; മരുന്നിന് എംആർപിയിലും താഴെ വില, ലാബ്–സ്കാൻ–റൂം നിരക്കുകളിലും നിയന്ത്രണം പരിഗണനയിൽ
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവും വിവിധ സേവന നിരക്കുകളും നിയന്ത്രിച്ച് രോഗികൾക്ക് സാമ്പത്തിക ആശ്വാസം നൽകാൻ കേരള സർക്കാർ പുതിയ നിയമനിർമാണത്തിനൊരുങ്ങുന്നു. അലോപ്പതി ആശുപത്രികളിൽ മാത്രം ഒതുങ്ങാതെ ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യുനാനി, യോഗ, പ്രകൃതിചികിത്സ തുടങ്ങിയ ചികിത്സാ സ്ഥാപനങ്ങളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനാണ് ആലോചന. മെഡിക്കൽ ടൂറിസത്തിന്റെ പേരിൽ ചില സ്ഥാപനങ്ങൾ അമിത ഫീസ് ഈടാക്കുന്നതായുള്ള പരാതികളും സർക്കാർ ഗൗരവമായി പരിശോധിക്കുന്നുണ്ട്.
ആദ്യഘട്ടത്തിൽ സ്വകാര്യ അലോപ്പതി ആശുപത്രികളിലെ അമിത ചികിത്സാച്ചെലവ് നിയന്ത്രിക്കുന്നതിനുള്ള നിയമമായിരുന്നു സർക്കാരിന്റെ പരിഗണനയിൽ. എന്നാൽ ചില ആയുർവേദ ആശുപത്രികളും വെൽനെസ് കേന്ദ്രങ്ങളും, പ്രത്യേകിച്ച് മെഡിക്കൽ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും, ഉയർന്ന നിരക്കുകൾ ഈടാക്കുന്നതായി ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചതോടെയാണ് നിയമത്തിന്റെ പരിധി വിപുലീകരിക്കുന്നതിനെക്കുറിച്ച് ആലോചന ശക്തമായത്.
വിദേശികളെയും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ചില ചികിത്സാ കേന്ദ്രങ്ങളിൽ ഫീസ് ഘടന സുതാര്യമല്ലെന്നും ചികിത്സാ പാക്കേജുകളുടെ പേരിൽ വലിയ തുക ഈടാക്കുന്നുവെന്നും പരാതികളുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ഫീസ് നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തമായ മാനദണ്ഡം കൊണ്ടുവരാനാണ് നീക്കം.
വിദേശ നിക്ഷേപം ഗണ്യമായുള്ള വൻകിട സ്വകാര്യ ആശുപത്രികളിൽ പ്രത്യേക സെസ് ഏർപ്പെടുത്തുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. എന്നാൽ ചെറുകിട, ഇടത്തരം ആശുപത്രികളെ ഇത്തരം സെസിൽ നിന്ന് ഒഴിവാക്കാനുള്ള സാധ്യതയുമുണ്ട്. ആരോഗ്യ മേഖലയിലെ നിയന്ത്രണം ശക്തമാക്കുമ്പോൾ ചെറിയ ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കാതിരിക്കണമെന്ന സമീപനമാണ് ഇതിന് പിന്നിൽ.
അതേസമയം കൂടുതൽ സ്വകാര്യ ആശുപത്രികളെ സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാക്കുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ട്. ഇതിലൂടെ കൂടുതൽ രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷയോടെ സ്വകാര്യ മേഖലയിലെ ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം.
ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ് അധ്യക്ഷയായ കരട് ബിൽ കമ്മിറ്റി വിവിധ നിർദേശങ്ങൾ വിശദമായി പരിശോധിക്കും. സർക്കാർ ആശുപത്രികൾക്കുള്ള മരുന്നുകളുടെ സംഭരണവും വിതരണവും നടത്തുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) മുഖേന സ്വകാര്യ ആശുപത്രികൾക്കും മരുന്നുകൾ ലഭ്യമാക്കാൻ കഴിയുമോയെന്ന കാര്യവും കമ്മിറ്റി വിലയിരുത്തും.
ഇത്തരമൊരു സംവിധാനം നടപ്പായാൽ മരുന്നുകളുടെ വില കുറയ്ക്കുന്നതിനും ആശുപത്രി ഫാർമസികളിലെ വിലനിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടുവരുന്നതിനും കഴിയുമെന്നാണ് പ്രതീക്ഷ. കരട് ബിൽ കമ്മിറ്റി ഉടൻ യോഗം ചേർന്ന് നിർദേശങ്ങൾ പരിശോധിക്കുമെന്നാണ് വിവരം.
സ്വകാര്യ ആശുപത്രികളിൽ രോഗികൾക്ക് വിൽക്കുന്ന മരുന്നുകൾ പരമാവധി ചില്ലറ വിൽപ്പന വിലയായ എംആർപിയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കണമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ലബോറട്ടറി പരിശോധനകൾ, വിവിധ സ്കാനുകൾ, മുറിവാടക തുടങ്ങിയ സേവനങ്ങൾക്ക് ഈടാക്കുന്ന നിരക്കുകളും നിയന്ത്രിക്കുന്നതിനുള്ള സംവിധാനം പരിഗണനയിലുണ്ട്.
ചികിത്സാ പിഴവ്, മെഡിക്കൽ അശ്രദ്ധ തുടങ്ങിയ പരാതികൾ പരിശോധിക്കുന്നതിനും പ്രത്യേക സംവിധാനം രൂപീകരിച്ചേക്കും. രോഗിപരിചരണത്തിന്റെ ഗുണനിലവാരം, സുരക്ഷ, ആശുപത്രികളുടെ ഉത്തരവാദിത്തം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകുന്നതും ഈ സംവിധാനത്തിന്റെ ചുമതലയായേക്കും.
സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനായി കേരളത്തിൽ ഇതിനകം കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് ആക്ട്, 2018 നിലവിലുണ്ട്. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ആരോഗ്യ മേഖലയിലെ അനഭിലഷണീയ പ്രവണതകൾ തടയാനും സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമായി നിയമം കൊണ്ടുവന്നത്.
ആശുപത്രികൾ വിവിധ ചികിത്സകൾക്കും സേവനങ്ങൾക്കും ഈടാക്കുന്ന നിരക്കുകൾ വ്യക്തമായി പ്രദർശിപ്പിക്കണമെന്നത് നിയമത്തിലെ പ്രധാന വ്യവസ്ഥകളിലൊന്നാണ്. മുൻകൂർ പണം അടച്ചില്ലെന്നോ ആവശ്യമായ രേഖകൾ ഹാജരാക്കിയില്ലെന്നോ ഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അടിയന്തര ജീവൻരക്ഷാ ചികിത്സ നിഷേധിക്കരുതെന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
എന്നാൽ സ്വകാര്യ ആശുപത്രി മേഖലയിലെ ശക്തമായ എതിർപ്പിനെ തുടർന്ന് നിയമത്തിലെ പല വ്യവസ്ഥകളും ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞില്ലെന്ന വിമർശനം ഉയർന്നിരുന്നു. തുടർന്നുള്ള വർഷങ്ങളിലും നിരക്ക് നിയന്ത്രണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാര്യമായ പുരോഗതി ഉണ്ടായില്ല.
ഈ സാഹചര്യത്തിലാണ് നിലവിലുള്ള നിയമത്തിലെ പോരായ്മകൾ പരിഹരിച്ചും സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവിൽ കൂടുതൽ നേരിട്ടുള്ള നിയന്ത്രണം ഉറപ്പാക്കിയും പുതിയ നിയമനിർമാണത്തിന് സർക്കാർ നീങ്ങുന്നത്.
പുതിയ നിർദേശങ്ങൾ നിയമമായി പ്രാബല്യത്തിൽ വന്നാൽ ആശുപത്രി ബില്ലുകളിൽ വലിയൊരു പങ്ക് വരുന്ന മരുന്നുകൾ, പരിശോധനകൾ, സ്കാനിംഗ്, മുറിവാടക തുടങ്ങിയ ചെലവുകളിൽ നിയന്ത്രണം വരാനുള്ള സാധ്യതയുണ്ട്. അതോടൊപ്പം ചികിത്സ ആരംഭിക്കുന്നതിന് മുമ്പ് നിരക്കുകളെക്കുറിച്ച് രോഗികൾക്ക് വ്യക്തമായ വിവരം ലഭിക്കുന്ന തരത്തിലുള്ള സുതാര്യമായ ഫീസ് സംവിധാനം രൂപപ്പെടുമെന്ന പ്രതീക്ഷയും ഉയരുന്നു.
എന്നാൽ അന്തിമ കരട് എങ്ങനെയായിരിക്കുമെന്നും നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ഏത് സംവിധാനത്തിനായിരിക്കുമെന്നും സ്വകാര്യ ആശുപത്രി മേഖലയുമായി സർക്കാർ എങ്ങനെ സമവായത്തിലെത്തുമെന്നതുമാണ് ഇനി നിർണായകം.
