തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകളും മരുന്ന് മാറി കുത്തിവയ്പ്പും മരുന്ന് ക്ഷാമവുമടക്കമുള്ള വിഷയങ്ങളിൽ, സമഗ്രമായ അന്വേഷണം നടത്തി, നിലവിലെ പ്രവർത്തനങ്ങളും സാഹചര്യങ്ങളും വ്യക്തമാക്കുന്ന ധവളപത്രം പുറപ്പെടുവിക്കാൻ സർക്കാർ തയാറാകണമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ ആവശ്യപ്പെട്ടു.
കേരളത്തിലെ ലക്ഷക്കണക്കായ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാണ് സർക്കാർ ആശുപത്രികൾ. അവിടെ സംഭവിക്കുന്ന പിഴവുകളും അപാകതകളും ജനങ്ങളെ നേരിട്ട് ബാധിക്കുന്നതാണ്.
തലസ്ഥാനത്തടക്കം നിരവധി സർക്കാർ ആശുപത്രികളിലെ ഉപയോഗ ശൂന്യമായ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തുകയോ പൊളിച്ചു മാറ്റുകയോ വേണം. തകരാറിലാവുന്ന ആംബുലൻസ്കളും മറ്റ് ആശുപത്രി വാഹനങ്ങളും അറ്റകുറ്റപ്പണികൾ നടത്തുകയോ ലേലം ചെയ്തു കൊടുക്കുകയോ വേണം. കേടായ ഫർണിച്ചറുകളും ഉപകരണങ്ങളും പല ആശുപത്രികളിലും കൂട്ടിയിട്ട് തുരുമ്പെടുക്കുകയാണ്.
എക്സ്റേ, സ്കാനിംഗ് അടക്കമുള്ള വിലപിടിപ്പുള്ള മെഡിക്കൽ ഉപകരണങ്ങൾ കേടായാൽ, അടിയന്തിരമായി നന്നാക്കാനുള്ള സംവിധാനം ഉണ്ടാക്കണം. ഇത് മനഃപൂർവമായി ആരെങ്കിലും കേടാക്കിയതാണോ എന്നതിന് കൃത്യമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം.
മെഡിക്കൽ കോളേജുകളിലെയും ജനറൽ – ജില്ലാ – താലൂക്ക് ആശുപത്രികളുടെയും ദൈനംദിന പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാനും അപാകതകൾ ഉടനുടൻ പരിഹരിക്കാനും, ആധുനിക സംവിധാനം ഏർപ്പെടുത്തണം.
സാധാരണക്കാർക്ക് അപ്രാപ്യമായതരത്തിൽ വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങൾ സ്വകാര്യ ആശുപത്രികളുടെ മേൽ പിടിമുറുക്കിയ സാഹചര്യത്തിൽ, കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയിലെ സുതാര്യത ഉറപ്പാക്കാനും പോരായ്മകൾ പരിഹരിക്കാനും ഇത്തരമൊരു ധവളപത്രവും തുടർന്നുള്ള ചിട്ടയായ നടപടികളും ഉണ്ടാകണമെന്ന് കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ ആനന്ദകുമാർ ആവശ്യപ്പെട്ടു.
സർക്കാർ ആശുപത്രികളുടെ പ്രവർത്തനങ്ങൾ കൂടുതൽ കൃത്യമായി നിരീക്ഷിക്കാനും, രോഗീസൗഹൃദം ആക്കി മാറ്റുവാനും ഇത്തരമൊരു ധവളപത്രം പുറപ്പെടുവിച്ച്, ചിട്ടയായ നടപടികൾ സ്വീകരിക്കണമെന്ന് കാരുണ്യ ചികിത്സാ പദ്ധതി മുൻ സംസ്ഥാന കോഡിനേറ്റർ കൂടിയായ ആനന്ദകുമാർ ആവശ്യപ്പെട്ടു.
