കോഴിക്കോട്: മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിന് കോഴിക്കോട് തുടക്കമായി. മുതിർന്ന നേതാവ് പാലോളി മുഹമ്മദുകുട്ടി പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പാർട്ടി ജനറൽ സെക്രട്ടറി എം എ ബേബി യോഗം ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ 307 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇ.ഡി നീക്കം ഉൾപ്പെടെയുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകുമെന്നാണ് സൂചന.
കേരളം കൈവരിച്ച സാമൂഹികവും രാഷ്ട്രീയവുമായ നേട്ടങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഇടപെടലുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എം എ ബേബി പറഞ്ഞു. പാർട്ടി നിലവിൽ ചില തിരിച്ചടികളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും അഭിമാനകരമായ ചരിത്രവും ശക്തമായ തിരിച്ചുവരവുകളുടെ പാരമ്പര്യവും സിപിഐഎമ്മിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാർട്ടിയുടെ ചരിത്രവും രാഷ്ട്രീയ മുന്നേറ്റങ്ങളും ഓർമിപ്പിച്ചായിരുന്നു എം എ ബേബിയുടെ പ്രസംഗം. ‘നമ്മളോർക്കണം, നമ്മളെങ്ങനെ നമ്മളായി’ എന്ന കവിതാഭാഗം ഉദ്ധരിച്ച അദ്ദേഹം, പ്രവർത്തനത്തിനിടെ തെറ്റുകൾ സംഭവിക്കാമെന്നും അവ തുറന്നുപറഞ്ഞ് തിരുത്തി മുന്നോട്ടുപോകുകയാണ് പാർട്ടിയുടെ സമീപനമെന്നും വ്യക്തമാക്കി.
2026ൽ വലതുപക്ഷ ധ്രുവീകരണം ശക്തമായതായി എം എ ബേബി വിലയിരുത്തി. സമ്പൂർണ സാക്ഷരതാ പ്രവർത്തനങ്ങളിലൂടെ ചേലക്കാടൻ ആയിഷയെപ്പോലുള്ളവർ പൊതുരംഗത്തേക്ക് കടന്നുവന്നത് ഇടതുപക്ഷ ഭരണത്തിന്റെ സാമൂഹിക ഇടപെടലുകളുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സുരക്ഷാ പദ്ധതി വി ഡി സതീശൻ സർക്കാർ പിൻവലിച്ചതിനെയും എം എ ബേബി വിമർശിച്ചു. എന്നാൽ സർക്കാരിന്റെ വീഴ്ചകൾ മാത്രം ആശ്രയിച്ച് ഇടതുപക്ഷത്തിന് വളരാമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്വന്തം പ്രവർത്തനത്തിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് തിരുത്തുകയും ജനങ്ങളുമായി കൂടുതൽ ശക്തമായ ബന്ധം സ്ഥാപിക്കുകയും ചെയ്യേണ്ടതുണ്ടെന്ന സന്ദേശവും അദ്ദേഹം മുന്നോട്ടുവച്ചു.
ഇടതുപക്ഷത്തിന് ഇനി തിരിച്ചുവരവില്ലെന്ന് പലഘട്ടങ്ങളിലും വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഓരോ തവണയും പ്രസ്ഥാനം കൂടുതൽ കരുത്തോടെ തിരിച്ചെത്തിയിട്ടുണ്ടെന്ന് എം എ ബേബി പറഞ്ഞു. തെറ്റുകൾ മനുഷ്യസഹജമാണെന്നും അവ അംഗീകരിച്ച് തിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
