വാഷിംഗ്ടണ്‍: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇൻക് (ഇന്റര്‍നാഷണല്‍) ന്റെ വനിതാ ഫോറത്തിന്റെ ഉദ്ഘാടനവും ഒക്ടോബര്‍ മാസം ക്യാന്‍സര്‍ ബോധവൽക്കരണ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായുള്ള പ്രത്യേക സെമിനാറും ഒക്ടോബര്‍ 10 ശനിയാഴ്ച ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ നടക്കും.
“Be Smart About Breast Cancer: Detect, Treat and Defeat” (അര്‍ബുദത്തെ കുറിച്ച് ബോധവാന്മാരാകാം, കണ്ടെത്താം, ചികിത്സിക്കാം, പരാജയപ്പെടുത്താം) എന്ന സന്ദേശവുമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ബോധവല്‍ക്കരണം സ്ത്രീകള്‍ക്ക് മാത്രമുള്ളതല്ല, മറിച്ച് പുരുഷന്മാരും അറിഞ്ഞിരിക്കേണ്ടതാണെന്ന സന്ദേശമാണ് ഈ പരിപാടി നല്‍കുന്നത്.
ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്ക് (ഇന്റര്‍നാഷണൽ) പ്രസിഡന്റ് ഡോ. കലാ ഷഹി, വനിതാ ഫോറം ചെയര്മാന് സ്വപ്ന ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ സെമിനാര്‍ നടത്തുന്നത്. യു.എസ്. ഉള്‍പ്പടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം വനിതാ ഫോറം അംഗങ്ങളും അന്താരാഷ്ട്ര പ്രതിനിധികളും ഈ ഓണ്‍ലൈന്‍ സംഗമത്തില്‍ പങ്കെടുക്കും. പ്രമുഖ ഹെമറ്റോളജിസ്റ്റും ഒങ്കോളജിസ്റ്റുമായ ഡോ. സാറാ ഈശോ (MD, FACP) ഈ സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തും. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയ ഇവര്‍, ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ (NYU) നിന്ന് റെസിഡന്‍സിയും ഹെമറ്റോളജി/ഓങ്കോളജിയില്‍ ഫെലോഷിപ്പും പൂര്‍ത്തിയാക്കിയിട്ടുണ്ട്. 2006-ല്‍ ന്യൂജെഴ്സിയില്‍ ‘ഓഷ്യന്‍ ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി സ്ഥാപിച്ച ഇവരുടെ പ്രാക്ടീസ് പിന്നീട് ‘റോബര്‍ട്ട് വുഡ് ജോണ്സണ് മെഡിക്കല്‍ സെന്റര്‍, ‘ന്യൂജെഴ്സി ക്യാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് എന്നിവയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. മോണ്‍മൗത്ത് മെഡിക്കല്‍ സെന്റര്‍ സൗത്തില്‍ ഹെമറ്റോളജി/ഓങ്കോളജി ഡിവിഷന് ചീഫായി സേവനമനുഷ്ഠിച്ചിട്ടുള്ള ഇവര്‍, നിലവില്‍ ‘ഡോ. കെ.എം. ചെറിയാന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയറക്ടറായി സേവനം അനുഷ്ഠിക്കുന്നു.
കൂടാതെ, ഡോ. നിഷ ജോസ് കെ. മാണി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. അവര്‍ കോസ്റ്റ് അക്കൗണ്ടന്റും പുനെ സിംബയോസിസില്‍ നിന്ന് എച്ച്.ആര് മാനേജ്മെന്റില്‍ മാസ്റ്റർ ബിരുദം നേടിയ വ്യക്തിയുമായ നിഷ ജോസ്, 1991-ലെ മിസ് കേരള പട്ടം നേടിയിട്ടുണ്ട്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായ അവര്‍ ക്യാന്‍സര്‍ ബോധവല്‍ക്കരണ പരിപാടികളുടെ ബ്രാന്റ് അംബാസഡറായും, പരിസ്ഥിതി സംരക്ഷണത്തിനും പ്ലാസ്റ്റിക്കിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി വരുന്നു.
വനിതാ ഫോറത്തിന്റെ വിപുലമായ പ്രവര്‍ത്തനങ്ങളും പുതിയ കാഴ്ചപ്പാടും
ഫെഡറേഷന്റെ വനിതാ ഫോറം വിവിധങ്ങളായ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്. വരുന്ന പുതുവര്‍ഷത്തിനായി വലിയ പദ്ധതികളും സുദൃഢമായ കാഴ്ചപ്പാടുകളുമാണ് വനിതാ ഫോറം തയ്യാറാക്കിയിട്ടുള്ളത്. ഈ രംഗത്ത് ഫൊക്കാന പ്രസിഡന്റ് ഡോ. കലാ ഷഹി ഒരു മികച്ച നേതാവാണെന്നതില്‍ സംശയമില്ല. ഡോ. കലയുടെ വിശാലമായ പരിചയസമ്പത്ത് വരുന്ന വര്‍ഷങ്ങളില്‍ ഫൊക്കാനയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടായി മാറും. അടുത്ത രണ്ട് വര്‍ഷത്തേക്ക് സംഘടനയെ വിജയകരമായി നയിക്കാനുള്ള വ്യക്തമായ കാഴ്ച്ചപ്പാടും മിഷനും അവര്‍ക്കുണ്ട്. ക്യാന്‍സര്‍ ഒരു ഗുരുതരമായ രോഗമാണ്. ഇത് പ്രാരംഭഘട്ടത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനും, അതുവഴി വിലയേറിയ നിരവധി ജീവനുകള്‍ രക്ഷിക്കാനും സാധിക്കുമെന്ന ബോധവല്‍ക്കരണം സമൂഹത്തില്‍ എത്തിക്കാനാണ് ഡോ. കലയുടെ നേതൃത്വത്തില്‍ ഉള്ള ടീം ഈ വിഷയം തെരഞ്ഞെടുത്തത്.
സംഘടനാ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ നിക്ഷിപ്ത താത്പര്യക്കാരുടെ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍
ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക ഇന്ക് (ഇന്റര്‍നാഷണല്‍), ന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന സംഘടനാ പ്രവര്‍ത്തനങ്ങളെയും ഓണ്‍ലൈന്‍ യോഗങ്ങളെയും അട്ടിമറിക്കാന്‍ അപര സംഘടനയുടെ (FOKANA, INC) ഭാഗത്തുനിന്ന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. സംഘടനയുടെ വളര്‍ച്ചയിലും ജനപിന്തുണയിലും വിരളി പൂണ്ട് അപര സംഘടനയിലെ വ്യക്തികള്‍ നടത്തുന്ന ഇത്തരം ഭീഷണികളും വിലകുറഞ്ഞ തന്ത്രങ്ങളും തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്. സംഘടനയുടെ നിലപാടും തുടര്‍നടപടികളും ഇത്തരം ഭീഷണികള്‍ക്കും നികൃഷ്ടമായ തന്ത്രങ്ങള്‍ക്കും മുന്നില്‍ ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റര്‍നാഷണല്‍), Inc. ഒരിക്കലും തലകുനിക്കില്ലെന്ന് നേതൃത്വം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കും ഭീഷണികൾക്കുമെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംഘടനയുടെ മുന്നേറ്റത്തെ തടയാനാവില്ലെന്നും സാംസ്കാരിക രംഗത്തെ ഇത്തരം അക്രമങ്ങളെ ഒറ്റപ്പെടുത്തുമെന്നും ഓദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഇന്റര്‍നാഷണല്‍), Inc. യുഎസ്എയിലെ മറ്റേതെങ്കിലും സംഘടനകള്ക്കെതിരല്ലെന്നും അവരവരുടെ വഴികളില്‍ എല്ലാവരും നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്യട്ടെ എന്ന് സ്വാഗതം ചെയ്യുന്നുവെന്നും ഡോ. കലാ ഷഹി വ്യക്തമാക്കി. എന്നാല്‍, ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായ ഈ നല്ല പരിപാടിയുടെ ആവേശവും വിജയവും തകര്‍ക്കാനാണ് ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നതെന്നും ഡോ. കലാ ഷഹി വ്യക്തമാക്കി.
പരിപാടിയുടെ സമയക്രമം (വിവിധ രാജ്യങ്ങളില്‍):
- യു.എസ്. (ഈസ്റ്റേണ്‍ സമയം): രാവിലെ 10:00 മണിക്ക്
- യുകെ (ലണ്ടന്‍): ഉച്ചകഴിഞ്ഞ് 3:00 മണിക്ക്
- യു.എ.ഇ. (ദുബായ്): വൈകുന്നേരം 6:00 മണിക്ക്
- ഇന്ത്യ: രാത്രി 7:30 മണിക്ക്
- മലേഷ്യ: രാത്രി 10:00 മണിക്ക്
സൂം മീറ്റിംഗ് വിവരങ്ങള്‍:
Meeting ID: 936 5001 5439
Passcode: Pink1234
ലോകമെമ്പാടുമുള്ള മലയാളി ജനതയെ ഈ സെമിനാറിലേക്ക് സ്നേഹപൂര്‍വ്വം ക്ഷണിച്ചുകൊണ്ട്, ഡോ. കലാ ഷഹിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിലെ ജനറല്‍ സെക്രട്ടറി ഷാജി ജോണ്‍, ട്രഷറര്‍ ഷാജി സാമുവല്‍, എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് ഷാജി ആലപ്പാട്ട്, വൈസ് പ്രസിഡന്റ് സഞ്ജിവ് ഷണ്മുഖം പിള്ള, അസോസിയേറ്റ് സെക്രട്ടറി ലതീഷ് കൃഷ്ണ, അസോസിയേറ്റ് ട്രഷറര്‍ ജേക്കബ് കുളങ്ങര ജോണ്‍, അഡീഷണല്‍ അസോസിയേറ്റ് സെക്രട്ടറി സുഹാസ് മുല്ലവീട്, അഡീഷണല്‍ അസോസിയേറ്റ് ട്രഷറര്‍ ബിജു മാധവന്, ഇന്റര്‍നാഷണല്‍ കോഓര്‍ഡിനേറ്റര്‍ ഡോ. ജേക്കബ് ഈപ്പന്, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്മാന് ജോസഫ് കുരിയപ്പുറം എന്നിവര്‍ക്കൊപ്പം ദേശീയ കമ്മിറ്റിയും (National Committee), റീജിയണല്‍ വൈസ് പ്രസിഡന്റുമാരും (RVPs), ട്രസ്റ്റീ ബോര്‍ഡ് അംഗങ്ങളും (Trustee Board Members), ഉപസമിതികളും (Subsidiary Committees) ചേര്‍ന്ന് യോഗത്തിലേക്ക് ഏവരെയും ഈഷ്മളമായി സ്വാഗതം ചെയ്യുന്നു.

