ഗുരുവായൂരിൽ വഴിമുടക്കിയായി പോലീസ് എയ്ഡ് പോസ്റ്റ്; ഭക്തർക്ക് അപകടക്കെണി

സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാബിൻ തന്നെ യാത്രക്കാർക്ക് ഭീഷണി; ഉപയോഗിക്കാതെ വർഷങ്ങളായിട്ടും നീക്കാൻ നടപടിയില്ലെന്ന് പരാതി

ഗുരുവായൂർ: ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ ഭക്തർക്കും യാത്രക്കാർക്കും വഴിമുടക്കിയായും അപകടക്കെണിയായും മാറിയതായി പരാതി. ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പന്തലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ക്യാബിനാണ് കാൽനടയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്.

ദിവസേന ആയിരക്കണക്കിന് ഭക്തർ കടന്നുപോകുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്. ഇടുങ്ങിയ നടപ്പാതയിലൂടെ എത്തുന്ന ഭക്തരും മറ്റു യാത്രക്കാരും നടപ്പന്തലിലേക്ക് ഇറങ്ങുന്ന സ്ഥലത്തുതന്നെയാണ് ക്യാബിൻ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വീതിയില്ലാത്തതിനാൽ തിരക്കേറുന്ന സമയങ്ങളിൽ ആളുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.

പ്രത്യേകിച്ച് ക്ഷേത്രത്തിൽ വലിയ തിരക്കുള്ള ദിവസങ്ങളിലും ഉത്സവകാലത്തും സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. നടപ്പാതയിൽനിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ക്യാബിൻ തൊട്ടടുത്തായതിനാൽ കാൽതെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതിനകം നിരവധി പേർ ഇവിടെ വീണിട്ടുണ്ടെന്നും വീഴുന്നവർ ക്യാബിനിൽ തലയിടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ടെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വയോധികർക്കും കുട്ടികൾക്കും ശാരീരിക ബുദ്ധിമുട്ടുകളുള്ളവർക്കുമാണ് ഈ ഭാഗം കൂടുതൽ പ്രയാസമാകുന്നത്.

ക്ഷേത്രനടയിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് വിവിധ ഭാഗങ്ങളിൽ പോലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചത്. എന്നാൽ പടിഞ്ഞാറേ നടപ്പന്തലിന്റെ കവാടത്തിലുള്ള ഈ ക്യാബിൻ പോലീസ് കാര്യമായി ഉപയോഗിക്കുന്നില്ലെന്നാണ് പരാതി. ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥൻ ക്യാബിനകത്ത് ഇരിക്കുന്നതിന് പകരം സമീപത്ത് തോക്കുമായി സുരക്ഷാ ചുമതല നിർവഹിക്കുന്നതാണ് പതിവെന്നും നാട്ടുകാർ പറയുന്നു. അതിനാൽ ഉപയോഗശൂന്യമായി കിടക്കുന്ന ക്യാബിൻ തിരക്കേറിയ വഴിയിൽ നിലനിർത്തേണ്ടതിന്റെ ആവശ്യകത എന്താണെന്ന ചോദ്യവും ഉയരുന്നു.

പടിഞ്ഞാറേ നട ജങ്ഷനിലും സമാനമായി ഉപയോഗിക്കാതെ കിടക്കുന്ന മറ്റൊരു പോലീസ് എയ്ഡ് പോസ്റ്റുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. പൊതുജനങ്ങൾക്ക് പ്രയോജനമില്ലാതെ കിടക്കുന്ന ഇത്തരം ക്യാബിനുകൾ കാൽനടയാത്രയ്ക്കും ഗതാഗതത്തിനും തടസ്സമാകുന്ന സാഹചര്യത്തിൽ അവ നീക്കുകയോ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയോ വേണമെന്നാണ് ആവശ്യം.

പ്രശ്നം ചൂണ്ടിക്കാട്ടി നാട്ടുകാരും വ്യാപാരികളും പലതവണ പോലീസ് അധികൃതരെ സമീപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി. ഗുരുവായൂരിലെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സംവിധാനം തന്നെ അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് പ്രദേശവാസികളുടെയും വ്യാപാരികളുടെയും ആവശ്യം.

Leave a Comment

More News