ഇസ്രായേലിനെ ലക്ഷ്യമിട്ട് ആകാശത്ത് ഭീകരപദ്ധതി; ക്യാപ്റ്റനെ ആക്രമിച്ച് വിമാനം ഇടിച്ചു തകർക്കാനായിരുന്നു സഹപൈലറ്റിന്റെ ലക്ഷ്യം

ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ലക്ഷ്യം; പദ്ധതി പരാജയപ്പെട്ടാൽ ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിലേക്ക് വിമാനം തിരിച്ചുവിടാനും ആലോചിച്ചെന്നും അന്വേഷണവിവരം

ദുബായ്: യാത്രാവിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത് ഇസ്രായേലിലെ ലക്ഷ്യത്തിലേക്ക് ഇടിച്ചു കയറ്റാൻ സഹപൈലറ്റ് പദ്ധതിയിട്ടിരുന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിൽ പുറത്തുവന്നിരിക്കുന്നത്. ക്യാപ്റ്റനെ കോക്ക്പിറ്റിൽവച്ച് ആക്രമിച്ച് വിമാനം കൈക്കലാക്കാനായിരുന്നു പദ്ധതിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ നടത്തിയ ചെറുത്തുനിൽപ്പും യാത്രക്കാരുടെ സമയോചിതമായ ഇടപെടലും വൻ ദുരന്തം ഒഴിവാക്കിയെന്നാണ് അന്വേഷണ വിവരം.

ഒമാൻ സ്വദേശിയായ ഹമാം അൽ-ഹമ്മാമിയാണ് പദ്ധതിക്കു പിന്നിലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിമാനം ഇസ്രായേലിലെ ടെൽ അവീവിലേക്ക് തിരിച്ചുവിട്ട് ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ കെട്ടിടത്തിലോ അവിടെയുള്ള മറ്റൊരു വിമാനത്തിലോ ഇടിച്ചുകയറ്റുകയായിരുന്നു പ്രധാന ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാൾ വെളിപ്പെടുത്തിയതായി പറയുന്നത്.

ടെൽ അവീവിലെ ലക്ഷ്യത്തിലേക്ക് വിമാനം എത്തിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായാലും ആക്രമണം ഉപേക്ഷിക്കാൻ ഇയാൾ തയ്യാറായിരുന്നില്ലെന്നാണ് ചോദ്യം ചെയ്യലിൽ പുറത്തുവന്ന മറ്റൊരു വിവരം. ബെൻ ഗുരിയോൺ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കി നാശനഷ്ടമുണ്ടാക്കുകയായിരുന്നു മറ്റൊരു പദ്ധതിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

അതും സാധ്യമാകാതെ വന്നാൽ വിമാനം ജോർദാനിലെ ഒരു അമേരിക്കൻ സൈനിക കേന്ദ്രത്തിലേക്ക് തിരിച്ചുവിട്ട് ആക്രമണം നടത്താനായിരുന്നു ഉദ്ദേശമെന്നും അന്വേഷണത്തിൽ വെളിപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതോടെ സംഭവം പെട്ടെന്നുണ്ടായ ആക്രമണശ്രമമല്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

ഏറ്റവും ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ, എയർലൈൻ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ ആക്രമണപദ്ധതി തയ്യാറാക്കിയിരുന്നുവെന്നതാണ്. ഇസ്രായേലിലേക്ക് സർവീസ് നടത്തുന്ന വിമാനക്കമ്പനിയിൽ ജോലി നേടാൻ ഇയാൾ മനഃപൂർവം ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇസ്രായേലിലേക്കുള്ള മുൻ സന്ദർശനങ്ങളിൽ വിമാനത്താവളത്തിന്റെ സാഹചര്യങ്ങളും സാധ്യതയുള്ള ലക്ഷ്യങ്ങളും ഇയാൾ നിരീക്ഷിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. അതായത്, വിമാനത്തിന്റെ കോക്ക്പിറ്റിലേക്ക് നിയമപരമായ പ്രവേശനം ലഭിക്കുന്ന ജോലി തന്നെ ആക്രമണപദ്ധതി നടപ്പാക്കാനുള്ള മാർഗമായി ഉപയോഗിക്കാനായിരുന്നു ശ്രമമെന്ന സംശയമാണ് ഉയരുന്നത്.

വിമാനം ജോർദാനു മുകളിലൂടെ പറക്കുന്നതിനിടെയാണ് സഹപൈലറ്റ് ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ക്യാപ്റ്റനെ കീഴ്പ്പെടുത്തിയ ശേഷം വിമാനത്തിന്റെ പൂർണ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ലക്ഷ്യം.

എന്നാൽ, ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റൻ കീഴടങ്ങിയില്ല. ആക്രമണകാരിയുമായി ശക്തമായി ചെറുത്തുനിന്ന അദ്ദേഹം ഒടുവിൽ കോക്ക്പിറ്റിൽനിന്ന് പുറത്തുകടക്കുന്നതിൽ വിജയിച്ചു. തുടർന്ന് വിമാനത്തിനുള്ളിലെ യാത്രക്കാരും ജീവനക്കാരും അതിവേഗം ഇടപെട്ട് ആക്രമണകാരിയെ നിയന്ത്രണത്തിലാക്കിയതോടെയാണ് സാഹചര്യം കൈവിട്ടുപോകാതെ തടയാനായത്.

ആക്രമണകാരിക്ക് വിമാനത്തിന്റെ പൂർണ നിയന്ത്രണം ലഭിച്ചിരുന്നെങ്കിൽ സംഭവം ഒരു സാധാരണ ഹൈജാക്കിംഗില്‍ അവസാനിക്കുമായിരുന്നില്ലെന്നാണ് അന്വേഷണത്തിൽ ഉയരുന്ന നിഗമനം. യാത്രക്കാരുമായി പറന്നുകൊണ്ടിരുന്ന വിമാനം തന്നെ ആക്രമണായുധമാക്കി മാറ്റുകയായിരുന്നു പദ്ധതിയെന്നതിനാൽ വലിയ അന്താരാഷ്ട്ര ദുരന്തത്തിനുള്ള സാധ്യതയാണ് അവസാന നിമിഷം ഒഴിവായത്.

ക്യാപ്റ്റന്റെ അസാധാരണമായ ചെറുത്തുനിൽപ്പും യാത്രക്കാരുടെയും ജീവനക്കാരുടെയും മനസ്സാന്നിധ്യവുമാണ് പദ്ധതി തകർത്തതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതേസമയം, ആക്രമണത്തിന്റെ ലക്ഷ്യങ്ങൾ, മുൻകൂട്ടിയുള്ള ആസൂത്രണം, മറ്റ് വ്യക്തികളുമായോ സംഘങ്ങളുമായോ ബന്ധമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിന്റെ നിർണായക ഭാഗങ്ങളാണ്.

Leave a Comment

More News