തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമായതോടെ പാർട്ടിക്കുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. കെപിസിസി ഭാരവാഹികളുടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡന്റുമാരുടെയും ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനുമെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. സർക്കാരിന്റെ പ്രവർത്തനശൈലി, ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിലെ അനിശ്ചിതത്വം, ഘടകകക്ഷിയായ മുസ്ലിം ലീഗിന് നൽകുന്ന അമിത പരിഗണന, ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് നേതാക്കൾ കടുത്ത അതൃപ്തി പ്രകടിപ്പിച്ചത്. സർക്കാർ അധികാരത്തിലെത്തി മാസങ്ങൾ പിന്നിട്ടിട്ടും പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷകൾക്കനുസരിച്ചുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന വിമർശനവും യോഗത്തിൽ ശക്തമായി.
ജിഎൻഎ വൈദ്യുതി കരാറുമായി ബന്ധപ്പെട്ട വിവാദങ്ങൾ സർക്കാരിന്റെയും കോൺഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് ഗുരുതരമായ തിരിച്ചടിയായെന്ന് കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ് വിമർശിച്ചു. കരാറിനെക്കുറിച്ച് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും പരസ്പരവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത് ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. ഒരേ സർക്കാരിലെ പ്രധാനപ്പെട്ട രണ്ട് നേതാക്കൾ വ്യത്യസ്ത വിശദീകരണങ്ങൾ നൽകുമ്പോൾ പാർട്ടി പ്രവർത്തകർ പൊതുജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് അവർ ചോദിച്ചു. വിഷയത്തിൽ സർക്കാരിന്റെയും പാർട്ടിയുടെയും ഔദ്യോഗിക നിലപാട് എന്താണെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിയും വ്യക്തമാക്കണമെന്നും ദീപ്തി മേരി വർഗീസ് ആവശ്യപ്പെട്ടു.
വൈദ്യുതി കരാർ വിവാദം മാത്രമല്ല, വിവിധ വിഷയങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ പ്രകടമാകുന്ന അഭിപ്രായവ്യത്യാസങ്ങളും കോൺഗ്രസ് വക്താക്കളെ പ്രതിസന്ധിയിലാക്കുന്നതായി മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ള നേതാക്കൾ പരാതിപ്പെട്ടു. സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ പാർട്ടി നേതൃത്വത്തിന് ലഭിക്കുന്നില്ലെന്നും മാധ്യമങ്ങളിൽ ഉയരുന്ന ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അവർ ചൂണ്ടിക്കാട്ടി. സർക്കാരും പാർട്ടിയും തമ്മിലുള്ള ആശയവിനിമയത്തിലെ പോരായ്മകൾ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യവും ഉയർന്നു.
ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിൽ തുടരുന്ന അനിശ്ചിതത്വമാണ് യോഗത്തിൽ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് വഴിവച്ച മറ്റൊരു വിഷയം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറാം മാസത്തിലേക്ക് കടന്നിട്ടും പ്രധാനപ്പെട്ട ബോർഡുകളിലെയും കോർപറേഷനുകളിലെയും നിയമനങ്ങളിൽ തീരുമാനമെടുക്കാത്തത് പാർട്ടിക്ക് നാണക്കേടാണെന്ന് നേതാക്കളായ മോഹൻ കുമാറും സോണി സെബാസ്റ്റ്യനും വിമർശിച്ചു. ഭരണപരമായും രാഷ്ട്രീയമായും പ്രാധാന്യമുള്ള നിരവധി സ്ഥാനങ്ങളിൽ ഇപ്പോഴും എൽഡിഎഫ് ഭരണകാലത്ത് നിയമിക്കപ്പെട്ടവർ തുടരുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിലുള്ളതെന്ന ബോധ്യം താഴെത്തട്ടിലുള്ള പ്രവർത്തകർക്ക് പോലും ഉണ്ടാകാത്ത അവസ്ഥയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വർഷങ്ങളോളം പ്രതിപക്ഷത്തിരുന്ന് പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവർക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അധികാരത്തിലെത്തിയിട്ടും സംഘടനാപരമായ നേട്ടങ്ങൾ പ്രവർത്തകരിലേക്ക് എത്തുന്നില്ലെന്നും വിമർശനമുയർന്നു. നിയമനങ്ങൾ വൈകുന്നത് പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസത്തെയും സംഘടനയുടെ പ്രവർത്തനക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകി.
പദവികളുടെ വിഭജനത്തിൽ ജില്ലകൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റുമാരും നേതൃത്വത്തിനെതിരെ രംഗത്തെത്തി. ജില്ലാതല നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് പല തീരുമാനങ്ങളും കൈക്കൊള്ളുന്നതെന്നും അർഹരായ പ്രവർത്തകരുടെ പേരുകൾ പരിഗണിക്കപ്പെടുന്നില്ലെന്നും അവർ പരാതിപ്പെട്ടു. തീരുമാനങ്ങൾ എടുക്കുന്നതിൽ അസാധാരണമായ കാലതാമസമാണുള്ളതെന്നും ഭരണകാര്യങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
മന്ത്രിമാരുടെ ജില്ലാ സന്ദർശനങ്ങളെക്കുറിച്ചുപോലും ബന്ധപ്പെട്ട ഡിസിസി നേതൃത്വത്തിന് മുൻകൂട്ടി വിവരം ലഭിക്കുന്നില്ലെന്ന പരാതിയും യോഗത്തിൽ ഉയർന്നു. സർക്കാർ പരിപാടികളും വികസന പ്രവർത്തനങ്ങളും പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുമായി ഏകോപിപ്പിക്കാത്തത് സംഘടനയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും മന്ത്രിമാരും ജില്ലാ നേതൃത്വവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ഘടകകക്ഷിയായ മുസ്ലിം ലീഗിന് സർക്കാർ സംവിധാനങ്ങളിലും അധികാരസ്ഥാനങ്ങളിലും അമിത പ്രാധാന്യം നൽകുന്നുവെന്ന ആരോപണവും യോഗത്തിൽ ശക്തമായി ഉയർന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ലീഗിന്റെ ആവശ്യങ്ങൾക്ക് മുൻഗണന നൽകുമ്പോൾ കോൺഗ്രസിലെ വിവിധ വിഭാഗങ്ങളുടെയും പ്രവർത്തകരുടെയും ആവശ്യങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് ഒരു വിഭാഗം നേതാക്കൾ കുറ്റപ്പെടുത്തി. ലീഗിന് ആവശ്യപ്പെട്ട പദവികൾ ലഭിക്കുമ്പോൾ കോൺഗ്രസിന് ലഭിക്കേണ്ട സ്ഥാനങ്ങൾ ചിലരുടെ ഇഷ്ടക്കാർക്കായി മാറ്റിവയ്ക്കുകയാണെന്ന ആരോപണവും ഉയർന്നു.
മുസ്ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും ഒരു കാബിനറ്റ് പദവിയും അനുവദിച്ചത് രാഷ്ട്രീയമായി തെറ്റായ തീരുമാനമായിരുന്നുവെന്ന വിമർശനവും യോഗത്തിലുണ്ടായി. നിയമസഭയിൽ കോൺഗ്രസിന് 63 എംഎൽഎമാരുണ്ടെന്ന കാര്യം നേതൃത്വം വിസ്മരിക്കരുതെന്ന് ഭാരവാഹികൾ ഓർമിപ്പിച്ചു. മുന്നണിയിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ സംഘടനാപരമായ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുകയാണെന്നും ഘടകകക്ഷികളുമായുള്ള അധികാര പങ്കിടലിൽ കൂടുതൽ വ്യക്തതയും നീതിയും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിൽ ഇനിയും അവഗണന സഹിക്കേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസിലെ എ ഗ്രൂപ്പ്. പദവികൾ വീതംവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഗ്രൂപ്പിന്റെ പ്രതിനിധികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കാനാണ് നീക്കം. സംഘടനയ്ക്കുള്ളിലെ സ്വാധീനം നിലനിർത്തുന്നതിനായി ഗ്രൂപ്പ് പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനും നേതാക്കൾ തീരുമാനിച്ചതായാണ് വിവരം. നേതൃത്വത്തിലെ ചിലരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടും ഗ്രൂപ്പ് നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്.
ഇതിനിടെ, കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമായി ഉന്നയിക്കുന്ന രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെയും യോഗത്തിൽ വിമർശനം ഉയർന്നു. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവർക്കെതിരെ ഉണ്ണിത്താൻ നടത്തുന്ന പരസ്യ വിമർശനങ്ങൾ അവസാനിപ്പിക്കാൻ നേതൃത്വം ഇടപെടണമെന്ന് കാസർകോട് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ആവശ്യപ്പെട്ടു.
പാർട്ടിയുടെ ഉന്നത നേതാക്കളെ നിരന്തരം പൊതുവേദികളിൽ വിമർശിക്കുന്നത് സംഘടനാ അച്ചടക്കത്തിന് വിരുദ്ധമാണെന്ന നിലപാടാണ് ഫൈസൽ സ്വീകരിച്ചത്. ഉണ്ണിത്താൻ ഇതേ രീതിയിൽ വിമർശനം തുടർന്നാൽ തനിക്കും പല കാര്യങ്ങളും പരസ്യമായി പറയേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫൈസലിന്റെ നിലപാടിന് യോഗത്തിൽ പങ്കെടുത്ത മറ്റു ചില നേതാക്കളും പിന്തുണ അറിയിച്ചതായാണ് വിവരം.
പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കം കോൺഗ്രസ് ഹൈക്കമാൻഡ് താൽക്കാലികമായി മാറ്റിവച്ച സാഹചര്യത്തിലാണ് നിലവിലെ അധ്യക്ഷൻ സണ്ണി ജോസഫ് സംഘടനാ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ഓൺലൈൻ യോഗം വിളിച്ചുചേർത്തത്. സംസ്ഥാന നേതൃത്വത്തിലെ അധികാരസമവാക്യങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനിടയിൽ ചേർന്ന യോഗം, സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരായ പരാതികൾ തുറന്നുപറയാനുള്ള വേദിയായി മാറുകയായിരുന്നു.
സംഘടനാ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനുമുള്ള നടപടികൾ ചർച്ച ചെയ്യാനായിരുന്നു യോഗം വിളിച്ചതെങ്കിലും നേതാക്കളുടെ വിമർശനങ്ങളാണ് പ്രധാന ചർച്ചാവിഷയമായത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിഷേധ പരിപാടികളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനക്കുറവ്, ഘടകകക്ഷികളുമായുള്ള അധികാര പങ്കിടലിലെ അതൃപ്തി, ഗ്രൂപ്പ് തർക്കങ്ങൾ, സംഘടനാ നേതൃത്വത്തിനെതിരായ വിമർശനങ്ങൾ എന്നിവ ഒരേസമയം ശക്തമാകുന്നത് സംസ്ഥാന കോൺഗ്രസിന് പുതിയ വെല്ലുവിളിയായി മാറുകയാണ്. കെപിസിസി അധ്യക്ഷസ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിൽ ഉയർന്ന പ്രതിഷേധം വരുംദിവസങ്ങളിൽ പാർട്ടിക്കുള്ളിലെ രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ സജീവമാക്കുമെന്നാണ് വിലയിരുത്തൽ.
