ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് ലക്ഷങ്ങളുടെ ഇടപാട്; കോഴിക്കോട് റൂറലിൽ 163 കേസുകൾ, 38 പേർ അറസ്റ്റിൽ; പ്രതികളിൽ 90 ശതമാനവും 18നും 25നും ഇടയിൽ പ്രായമുള്ളവർ
വടകര: അധ്വാനമില്ലാതെ എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന മോഹത്തിൽ ബാങ്ക് അക്കൗണ്ടുകൾ മറ്റുള്ളവർക്ക് കൈമാറുന്ന വിദ്യാർഥികളും യുവാക്കളും അറിയാതെയോ അറിഞ്ഞുകൊണ്ടോ ചെന്നുപെടുന്നത് രാജ്യാന്തര ബന്ധങ്ങളുള്ളതടക്കമുള്ള സൈബർ സാമ്പത്തിക തട്ടിപ്പുകളുടെ സങ്കീർണമായ ശൃംഖലകളിൽ. ബാങ്ക് അക്കൗണ്ടുകൾ താൽക്കാലികമായി ഉപയോഗിക്കാൻ നൽകിയാൽ ആയിരക്കണക്കിന് രൂപ കമ്മിഷനായി ലഭിക്കുമെന്ന വാഗ്ദാനമാണ് തട്ടിപ്പുസംഘങ്ങൾ യുവാക്കൾക്കു മുന്നിൽ അവതരിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവരെയും പഠനം പൂർത്തിയാക്കി തൊഴിൽ അന്വേഷിക്കുന്നവരെയും ആഡംബര ജീവിതം സ്വപ്നം കാണുന്നവരെയുമാണ് ഇത്തരം സംഘങ്ങൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
നഗരങ്ങൾക്കു പുറമേ ഗ്രാമപ്രദേശങ്ങളിലും സജീവമായ ഇടനിലക്കാർ മുഖേനയാണ് യുവാക്കളെ തട്ടിപ്പുസംഘങ്ങൾ വലയിലാക്കുന്നത്. സ്വന്തം ബാങ്ക് അക്കൗണ്ടിലൂടെ പണം സ്വീകരിക്കുകയും നിർദേശിക്കുന്ന സമയത്ത് പിൻവലിച്ച് കൈമാറുകയും ചെയ്താൽ വലിയ തുക പ്രതിഫലമായി ലഭിക്കുമെന്ന പ്രലോഭനമാണ് ഇവർ നൽകുന്നത്. എന്നാൽ, ഇത്തരത്തിൽ അക്കൗണ്ടുകൾ കൈമാറുന്നവർ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതികളാകാനുള്ള സാധ്യതയുണ്ടെന്ന കാര്യം പലരും തിരിച്ചറിയുന്നില്ല.
ഓൺലൈൻ നിക്ഷേപത്തട്ടിപ്പ്, വ്യാജ തൊഴിൽവാഗ്ദാനം, ഡിജിറ്റൽ അറസ്റ്റ് ഭീഷണി, ഓൺലൈൻ വ്യാപാരത്തട്ടിപ്പ് തുടങ്ങിയ വിവിധ സൈബർ കുറ്റകൃത്യങ്ങളിലൂടെ തട്ടിയെടുക്കുന്ന പണം മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് സംഘങ്ങളുടെ രീതി. ഇങ്ങനെ ഉപയോഗിക്കുന്ന അക്കൗണ്ടുകളെ അന്വേഷണ ഏജൻസികൾ പൊതുവെ ‘മ്യൂൾ അക്കൗണ്ടുകൾ’ എന്നാണ് വിശേഷിപ്പിക്കുന്നത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഇത്തരം അക്കൗണ്ടുകളിലെത്തിച്ചശേഷം ചെക്കുകൾ വഴിയോ മറ്റ് ബാങ്കിങ് സംവിധാനങ്ങൾ ഉപയോഗിച്ചോ പിൻവലിച്ച് ഇടനിലക്കാർക്ക് കൈമാറുന്നു. അക്കൗണ്ട് ഉടമയ്ക്ക് ചെറിയൊരു വിഹിതം കമ്മിഷനായി ലഭിക്കുമ്പോൾ ബാക്കി തുക തട്ടിപ്പുസംഘങ്ങളുടെ കൈകളിലെത്തും. പണത്തിന്റെ യഥാർഥ ഉറവിടവും അന്തിമമായി അത് കൈപ്പറ്റുന്നവരുടെ വിവരങ്ങളും മറച്ചുവയ്ക്കുന്നതിനാണ് ഈ രീതി ഉപയോഗിക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധമുള്ളവരും ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രാദേശികതലത്തിൽ സൗകര്യമൊരുക്കുന്നതായി സൂചനയുണ്ട്.
കോഴിക്കോട് റൂറൽ പോലീസ് ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ അഞ്ച് ‘സൈ-ഹണ്ട്’ ഓപ്പറേഷനുകളിലായി 163 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈ കേസുകളുമായി ബന്ധപ്പെട്ട് 38 പേരെ അറസ്റ്റ് ചെയ്തു. 54 പേർക്ക് നോട്ടീസ് നൽകി തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
കേസുകളിൽ ഉൾപ്പെട്ടവരിൽ ഏകദേശം 90 ശതമാനവും 18നും 25നും ഇടയിൽ പ്രായമുള്ളവരാണെന്നത് ആശങ്ക ഉയർത്തുന്നു. കോളേജ് വിദ്യാർഥികൾ, പഠനം പൂർത്തിയാക്കി ജോലി അന്വേഷിക്കുന്നവർ, ചെറിയ ജോലികൾ ചെയ്ത് ഉപജീവനം നടത്തുന്നവർ തുടങ്ങിയവരാണ് ഇവരിൽ ഏറെയും.
ചെറിയ തുകയുടെ കമ്മിഷനുവേണ്ടി ബാങ്ക് അക്കൗണ്ട് വിട്ടുനൽകുന്ന യുവാക്കൾ പിന്നീട് വലിയ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതികളാകുന്ന സാഹചര്യമാണ് അന്വേഷണങ്ങളിൽ പുറത്തുവരുന്നത്. തട്ടിപ്പിനിരയായവരുടെ പരാതിയിൽ പണത്തിന്റെ സഞ്ചാരപാത പരിശോധിക്കുമ്പോൾ ആദ്യം കണ്ടെത്തുന്നത് പണം സ്വീകരിച്ച ബാങ്ക് അക്കൗണ്ടിന്റെ ഉടമയെയാണ്. ഇതോടെ യഥാർഥ തട്ടിപ്പുസംഘങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരും നിയമനടപടികൾ നേരിടേണ്ടിവരുന്നു.
വിലകൂടിയ മൊബൈൽ ഫോണുകൾ, ആഡംബര വസ്തുക്കൾ, സാമൂഹികമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്ന സമ്പന്നമായ ജീവിതശൈലി എന്നിവയോടുള്ള യുവാക്കളുടെ താത്പര്യവും തട്ടിപ്പുസംഘങ്ങൾ മുതലെടുക്കുന്നതായി പോലീസ് അന്വേഷണങ്ങളിൽ വ്യക്തമായിട്ടുണ്ട്.
പിടിയിലായവരിൽ പലരും വിലകൂടിയ ഐഫോണുകൾ ഉപയോഗിക്കുന്നവരാണെന്നും പോലീസ് കണ്ടെത്തി. വടകരയിൽ കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത ആറു കേസുകളിലെ നാലു പ്രതികളും ഐഫോൺ ഉപയോഗിക്കുന്നവരാണ്. എന്നാൽ, വിലകൂടിയ ഫോൺ ഉപയോഗിക്കുന്നതുമാത്രം കുറ്റകൃത്യവുമായി ബന്ധമുണ്ടെന്നതിന് തെളിവല്ല. യുവാക്കളെ ആകർഷിക്കുന്ന ആഡംബര ജീവിതശൈലിയും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനായുള്ള ആഗ്രഹവുമാണ് തട്ടിപ്പുസംഘങ്ങൾ ചൂഷണം ചെയ്യുന്നതെന്നതാണ് അന്വേഷണങ്ങളിൽ ശ്രദ്ധേയമാകുന്നത്.
ബാങ്ക് അക്കൗണ്ടുകൾ തട്ടിപ്പുസംഘങ്ങൾക്ക് ലഭ്യമാക്കുന്നതിൽ പ്രാദേശിക ഇടനിലക്കാർ നിർണായക പങ്കുവഹിക്കുന്നുണ്ട്. അക്കൗണ്ട് ഉടമകളെ കണ്ടെത്തുന്നതുമുതൽ പണം പിൻവലിച്ച് കൈമാറുന്നതുവരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് ഇവരാണ്.
ഒരു ലക്ഷം രൂപ അക്കൗണ്ടിൽനിന്ന് പിൻവലിച്ച് കൈമാറിയാൽ 3,000 മുതൽ 6,000 രൂപ വരെ കമ്മിഷനായി നൽകുമെന്നാണ് വാഗ്ദാനം. വലിയ തുകയുടെ ഇടപാടുകൾ നടക്കുമ്പോൾ അതനുസരിച്ച് കൂടുതൽ പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയും യുവാക്കളെ ആകർഷിക്കുന്നു.
വടകരയിൽ അടുത്തിടെ രജിസ്റ്റർ ചെയ്ത ആറു കേസുകളിൽ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്തത് തിരുവള്ളൂർ സ്വദേശിയായ ഇടനിലക്കാരനാണെന്നാണ് പോലീസ് കണ്ടെത്തിയത്. പ്രാദേശികമായി പരിചയമുള്ളവരെ ഉപയോഗിച്ച് അക്കൗണ്ടുകൾ സംഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ പുറത്തുവന്നിരിക്കുന്നത്.
തട്ടിപ്പുസംഘങ്ങളുടെ പ്രവർത്തനം ആസൂത്രിതമാണെന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത്. ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുന്നതിന് മുമ്പുതന്നെ ഇടനിലക്കാരൻ അക്കൗണ്ട് ഉടമയെ ബന്ധപ്പെടും. എത്ര തുക എത്തുമെന്നും എപ്പോൾ ബാങ്കിലെത്തി പണം പിൻവലിക്കണമെന്നും നിർദേശിക്കും.
തുടർന്ന് നിശ്ചയിച്ച സമയത്ത് അക്കൗണ്ട് ഉടമ ബാങ്കിലെത്തി ചെക്കുപയോഗിച്ച് പണം പിൻവലിക്കണം. പിൻവലിച്ച തുക ഇടനിലക്കാരനോ അയാൾ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറുകയാണ് പതിവ്.
ബാങ്കിലെ നിരീക്ഷണ ക്യാമറകളിൽ മുഖം പതിയാതിരിക്കാനായി ഇടനിലക്കാർ നേരിട്ട് ബാങ്കിനുള്ളിൽ പ്രവേശിക്കാറില്ലെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി. പണം പിൻവലിക്കുന്ന നടപടികളിൽ അക്കൗണ്ട് ഉടമയെ മാത്രം മുന്നിൽനിർത്തുന്നതിലൂടെ ഇടനിലക്കാരുടെയും യഥാർഥ തട്ടിപ്പുസംഘങ്ങളുടെയും പങ്കാളിത്തം മറച്ചുവയ്ക്കാനാണ് ശ്രമം.
ഇതോടെ ബാങ്കിലെ രേഖകളിലും നിരീക്ഷണ ക്യാമറകളിലും പണം പിൻവലിച്ച അക്കൗണ്ട് ഉടമയുടെ വിവരങ്ങളാണ് പ്രധാനമായും പതിയുന്നത്. പണം പിന്നീട് ആരുടെ കൈകളിലെത്തിയെന്ന് കണ്ടെത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥർക്ക് കൂടുതൽ സങ്കീർണമാകുകയും ചെയ്യുന്നു.
ബാങ്ക് അക്കൗണ്ട് മറ്റൊരാൾക്ക് ഉപയോഗിക്കാൻ നൽകുന്നത് നിസ്സാരമായ ഇടപാടല്ല. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം അക്കൗണ്ടിലെത്തിയതായി കണ്ടെത്തിയാൽ അക്കൗണ്ട് മരവിപ്പിക്കൽ, ചോദ്യംചെയ്യൽ, അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ പരിശോധിക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടിവരാം. കുറ്റകൃത്യത്തിൽ അറിഞ്ഞുകൊണ്ടുള്ള പങ്കാളിത്തം തെളിഞ്ഞാൽ അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾക്കും സാധ്യതയുണ്ട്.
അക്കൗണ്ട് ഉപയോഗിച്ച ഇടപാടുകളുടെ സ്വഭാവം, അക്കൗണ്ട് ഉടമയുടെ അറിവും പങ്കാളിത്തവും, പണത്തിന്റെ ഉറവിടം തുടങ്ങിയ ഘടകങ്ങളാണ് നിയമപരമായ ഉത്തരവാദിത്വം നിർണയിക്കുന്നതിൽ പ്രധാനമാകുന്നത്. അപരിചിതർക്കോ ഇടനിലക്കാർക്കോ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡ്, പിൻ നമ്പർ, ഒടിപി, ഇന്റർനെറ്റ് ബാങ്കിങ് വിവരങ്ങൾ എന്നിവ കൈമാറരുത്. കമ്മിഷൻ വാഗ്ദാനം ചെയ്ത് അക്കൗണ്ടിലൂടെ പണം സ്വീകരിക്കാനോ പിൻവലിക്കാനോ ആവശ്യപ്പെടുന്നവരെക്കുറിച്ച് ജാഗ്രത പുലർത്തേണ്ടതുണ്ട്.
എളുപ്പത്തിൽ ലഭിക്കുന്ന ഏതാനും ആയിരം രൂപയ്ക്കുവേണ്ടി സ്വന്തം ബാങ്ക് അക്കൗണ്ട് വിട്ടുനൽകുന്നത് ജീവിതത്തെയും ഭാവിയെയും ബാധിക്കുന്ന ഗുരുതരമായ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്ന മുന്നറിയിപ്പാണ് വടകരയിലെയും കോഴിക്കോട് റൂറൽ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലെയും സൈബർ കേസുകൾ നൽകുന്നത്.
