മലേഷ്യൻ അന്താരാഷ്ട്ര ഹദീസ് സമ്മേളനത്തിൽ പ്രഭാഷണം നടത്തി ഡോ. അസ്ഹരി

മലേഷ്യൻ സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന അന്താരാഷ്ട്ര ഹദീസ് പാരായണ സംഗമത്തിൽ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി പ്രഭാഷണം നടത്തുന്നു

ക്വലാലംപൂർ: മലേഷ്യൻ ഭരണകൂടത്തിന്റെ കീഴിൽ നടക്കുന്ന അന്താരാഷ്ട്ര ഹദീസ്  ഹദീസ് പാരായണ സമ്മേളനത്തിൽ പങ്കെടുത്ത് പ്രഭാഷണം നടത്തി സുന്നി യുവജന സംഘം പ്രസിഡന്റും മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി. വിഖ്യാത ഹദീസ് ഗ്രന്ഥമായ ജാമിഉത്തിർമിദിയും ശമാഇലു മുഹമ്മദിയ്യയും പൂർണ്ണമായി വായിക്കുകയും പ്രഗത്ഭ ആഗോള പണ്ഡിതർ തങ്ങളുടെ വൈജ്ഞാനിക ശ്രേണി പരസ്പരം കൈമാറുകയും ചെയ്യുക എന്നതാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ മതകാര്യ വകുപ്പ് നേരിട്ടു മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഗമം പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒമ്പത് പ്രമുഖ ഹദീസ് പണ്ഡിതന്മാരിൽ ഒരാളായി ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഡോ. അസ്ഹരി അതിഥിയായി സംബന്ധിക്കുന്നത്.

ഭരണതലസ്ഥാനമായ പുത്രജയയിലെ മസ്ജിദ് പുത്രയിൽ ഈ മാസം 23 വരെ നടക്കുന്ന പാരായണ സമ്മേളനത്തിന്റെ ഇന്നലെ നടന്ന സദസ്സിൽ  ‘സോഷ്യൽ മീഡിയയിലെ മര്യാദകൾ: ധാർമ്മികത, ബഹുമാനത്തിന്റെയും മാനുഷിക മൂല്യങ്ങളുടെയും പ്രതിഫലനം’ എന്ന വിഷയത്തിലായിരുന്നു ഡോ. അസ്ഹരി പ്രഭാഷണം നടത്തിയത്. സമകാലിക സാഹചര്യത്തിൽ സാമൂഹിക മാധ്യമ ഇടപെടലുകളിൽ പാലിക്കേണ്ട ധാർമ്മികതയും മൂല്യങ്ങളും അദ്ദേഹം പ്രഭാഷണത്തിൽ വിശദീകരിച്ചു. മലേഷ്യൻ പ്രധാന മന്ത്രി അൻവർ ഇബ്റാഹീമും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും സമാപന ചടങ്ങിൽ അതിഥികളാകും. ഹദീസ് വിജ്ഞാന ശാഖയിലെ നിരവധി പണ്ഡിത പ്രതിഭകളും പരിപാടിയിൽ സംബന്ധിക്കും.

Leave a Comment

More News