നാലു തവണയായി പത്തു വർഷത്തോളം മുഖ്യമന്ത്രിയും നിരവധി തവണ പ്രതിപക്ഷ നേതാവും ഇടകാലത്തു കേന്ദ്ര ക്യാബിനറ്റ് മിനിസ്റ്ററും ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും ഏറ്റവും വിശ്വസ്തനും ഇന്ത്യൻ രാഷ്ട്രീയത്തിലെ എക്കാലത്തെയും ഭീഷ്മാചാര്യനും രാഷ്ട്രീയ ചാണക്യനും ആയിരുന്ന ലീഡർ കെ. കരുണാകരന്റെ ഏറ്റവും വലിയ ദൗർബല്യം മക്കൾ ആയിരുന്നു. വിദേശത്തെ ഉന്നത ഉദ്യോഗം വലിച്ചെറിഞ്ഞു രാഷ്ട്രീയത്തിൽ ഒരു കൈ പയറ്റുവാൻ എൺപതുകളുടെ മധ്യത്തിൽ ഇറങ്ങിപ്പുറപ്പെട്ട ലീഡറുടെ മൂത്ത പുത്രൻ കെ. മുരളീധരന് തുടക്കം അത്ര ഈസി ആയിരുന്നില്ല.
അക്കാലത്തു ലീഡറുടെ പല ഉന്നതരായ മനസ്സാക്ഷി സൂക്ഷിപ്പുകാരുടെയും എതിർപ്പിനെ അവഗണിച്ചു മുന്നോട്ടു പോകുവാൻ നന്നേ ബുദ്ധിമുട്ടിയ മുരളീധരന് ഒരു കച്ചിത്തുരുമ്പ് ആയത് എൺപത്തൊൻപതിലെ ലോക്സഭാ തെരഞ്ഞെടുപ്പാണ്.
തിരുവനന്തപുരത്തു ഇന്ദിരാഭവനിൽ സ്ഥാനാർഥി നിർണയ ചർച്ചകൾ പുരോഗമിക്കുമ്പോൾ ലീഡർക്കു മൂത്രശങ്ക വന്നതാണ് കെ. മുരളീധരന്റെ രാഷ്ട്രീയ ജീവിതം ശോഭനമാക്കിയത്.
ആ തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി കെ. മുരളീധരന്റെ പേര് എ.കെ. ആന്റണി എഴുതിച്ചേർത്തപ്പോൾ സ്ഥാനാർഥി നിർണയ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പലരുടെയും നെറ്റി ചുളുങ്ങിയെങ്കിലും ലീഡറോളം കരുത്തനായ ആന്റണി സാറിനെ ചോദ്യം ചെയ്യുവാൻ ആരും ധൈര്യം കാണിച്ചില്ല.
അക്കാലത്തു കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിലെ കരുത്തന്മാരിൽ ഒരാളായ ഇ.കെ. ഇമ്പിച്ചിബാവയെ കോഴിക്കോട് കടപ്പുറത്തേക്കു വാരിയെറിഞ്ഞു അട്ടിമറി വിജയം നേടി ഇന്ത്യൻ പാർലമെന്റിലേക്ക് ഇടത്തേ വാതിലിൽ കൂടി സ്വതസിദ്ധമായ കണ്ണിറുക്കി ചിരിച്ചു ഓടിക്കയറിയ സുമുഖനും സൗമ്യനുമായ മുരളിജി അതോടെ കേരള രാഷ്ട്രീയത്തിൽ തന്റേതായ ഒരു മേൽവിലാസവും വ്യക്തിത്വവും ഉണ്ടാക്കിയെടുത്തു.
ലീഡറുടെ ഇളയ മകൾ പദ്മജ വേണുഗോപാലിനെ കേരള ജനത ശ്രദ്ധിക്കുവാൻ തുടങ്ങിയത് കരുണാകരൻ തൊണ്ണൂറ്റിയൊന്നു മുതൽ തൊണ്ണൂറ്റിയഞ്ചു വരെ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ ആയിരുന്നു.
എറണാകുളത്തു അതിസമ്പന്നർ മാത്രം താമസിക്കുന്ന പനമ്പിള്ളി നഗറിലെ പദ്മജയുടെ വീട്ടിൽ, കേരളത്തിൽ കോൺഗ്രസ് ഗ്രൂപ്പ് തർക്കം കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലത്ത് ലീഡർ വടക്കോട്ട് എവിടെ യാത്ര പോയാലും വന്നു താമസിച്ചിരുന്നത് പനമ്പിള്ളി നഗറിൽ ആയിരുന്നു.
ലീഡർക്കൊപ്പം ഉള്ള ഐ ഗ്രൂപ്പിലെ എല്ലാ നേതാക്കളും ലീഡറെ കാണുവാനും രഹസ്യയോഗത്തിൽ സംബന്ധിക്കുവാനും പനമ്പിള്ളി നഗറിലെ പദ്മജയുടെ വീട്ടിൽ ഏത്തക്കുലയും പൂവൻപഴവും അടപ്രഥമൻ പായസവും കരിമീൻ പൊള്ളിച്ചതും തിരുത മപ്പാസും ടാക്സി വിളിച്ചു കൊണ്ടുവന്ന് മണിക്കൂറുകളോളം ക്യൂ നിന്നു.
ദൃശ്യമാധ്യമങ്ങൾ ഇല്ലാതിരുന്ന ആ സമയത്തു കേരളത്തിലെ ലീഡിങ് ന്യൂസ്പേപ്പറുകളിൽ പനമ്പിള്ളി നഗറും പദ്മജയും പദ്മജയുടെ വീടും ഫ്രണ്ട് പേജിൽ സ്ഥാനം പിടിച്ചു.
രണ്ടായിരത്തൊന്നിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ മത്സരിക്കുവാൻ ഇറങ്ങിയ കോൺഗ്രസും ഒപ്പം യു.ഡി.എഫും നൂറു സീറ്റിൽ അധികം നേടി അധികാരത്തിൽ എത്തിയെങ്കിലും അന്നും കേരളത്തിലെ ചാനലുകാർ മുഴുവൻ മൈക്കും ക്യാമറയുമായി വന്നു കാവൽ നിന്നത് പദ്മജയുടെ പനമ്പിള്ളി നഗറിലെ വീട്ടിൽ വിശ്രമിക്കുന്ന ലീഡറുടെ ഒരു വാക്ക് കേൾക്കാൻ ആയിരുന്നു.
രണ്ടായിരത്തൊന്നിൽ എ.കെ. ആന്റണി മുഖ്യമന്ത്രിയായ അതേ ദിവസം കെ. മുരളീധരനെ കെ.പി.സി.സി. പ്രസിഡന്റാക്കിയ ലീഡർ, രണ്ടായിരത്തി നാലിലെ ലോക്സഭാ പൊതുതെരഞ്ഞെടുപ്പിൽ പനമ്പിള്ളി നഗറിൽ വീടുള്ളതുകൊണ്ട് മാധ്യമശ്രദ്ധ നേടി പ്രശസ്തയായ പദ്മജയെ കോൺഗ്രസ് എന്നും ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ ജയിക്കുന്ന മുകുന്ദപുരം സീറ്റിൽ മത്സരിപ്പിച്ചു. ലക്ഷങ്ങളുടെ ഭൂരിപക്ഷത്തിൽ അത്ര ശക്തനല്ലാത്ത ലോനപ്പൻ നമ്പാടനോട് പരാജയപ്പെടുന്നത് കാണേണ്ടിവന്നു. ഒപ്പം കേരളത്തിൽ പത്തൊൻപതു സീറ്റിലും യു.ഡി.എഫ്. തോറ്റതിന്റെ പഴിയും കേട്ടു.
രണ്ടായിരത്തി പതിനാറിലും ഇരുപത്തൊന്നിലും ലീഡറുടെ തട്ടകമായ തൃശൂർ നിയമസഭാ മണ്ഡലത്തിൽ പോരാടുവാൻ സർവശക്തിയോടും തന്ത്രത്തോടും കൂടി ഇറങ്ങിയ പദ്മജയ്ക്കു പക്ഷേ വീണ്ടും കാലിടറി.
രണ്ടായിരത്തി ഇരുപത്തിനാലിലെ ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് സഹോദരൻ കെ. മുരളീധരന് എതിരെ മത്സരിച്ച സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് പിന്തുണ നൽകി ബി.ജെ.പിയിൽ ചേർന്ന പദ്മജ ആ ദൗത്യത്തിൽ വിജയിച്ചെങ്കിലും, ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. ടിക്കറ്റിൽ മത്സരിച്ചു തൃശൂർ ജയിച്ചു മുരളീധരനെപ്പോലെ സ്വന്തം വ്യക്തിത്വവും മേൽവിലാസവും ഉണ്ടാക്കിയെടുക്കാം എന്നു കരുതിയെങ്കിലും മൃഗീയ ഭൂരിപക്ഷത്തിന് കോൺഗ്രസ് സ്ഥാനാർഥി ജയിച്ചതോടെ ആ സ്വപ്നവും പൂവണിയാതെ പോയി.
കോൺഗ്രസ് പ്രവർത്തകരെ വെറുപ്പിച്ചു ബി.ജെ.പിയിൽ ചേക്കേറിയ പദ്മജ ഇക്കഴിഞ്ഞ ദിവസം അവിടെനിന്നു രാജിവച്ചതോടെ പദ്മവ്യൂഹത്തിൽ ആകുമോ?
