മോദിയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി; കുത്തകവൽക്കരണം തൊഴിലവസരങ്ങൾ ഇല്ലാതാക്കുന്നുവെന്ന് ആരോപണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക നയങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്.   വ്യാഴാഴ്ച നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വാർഷിക യോഗത്തിൽ പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങൾക്ക് മറുപടിയായി സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് രാഹുൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചത്.

നോട്ട് നിരോധനവും ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കിയ രീതിയും രാജ്യത്തെ ചെറുകിട, ഇടത്തരം വ്യാപാര-വ്യവസായ സ്ഥാപനങ്ങളെ തകർത്തതായി രാഹുൽ ആരോപിച്ചു. സത്യസന്ധമായും ആരോഗ്യകരമായ മത്സരത്തിലൂടെയും വളരാൻ ശ്രമിക്കുന്ന വൻകിട കമ്പനികളുടെ അവസരങ്ങൾ പോലും കേന്ദ്ര സർക്കാരിന്റെ നയങ്ങൾ ഇല്ലാതാക്കിയെന്നും തിരഞ്ഞെടുത്ത ഏതാനും വ്യവസായ സ്ഥാപനങ്ങൾക്ക് അനുകൂലമായി സാമ്പത്തിക മേഖലയിൽ കുത്തകകൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കുത്തക സ്ഥാപനങ്ങൾ രാജ്യത്ത് കാര്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും മറിച്ച് വിപണിയിലെ മത്സരം ഇല്ലാതാക്കി ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വില വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഇത്തരം സാമ്പത്തിക നയങ്ങളുടെ പ്രത്യാഘാതങ്ങൾ സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ഇടത്തരക്കാരെയും തൊഴിലന്വേഷകരായ യുവാക്കളെയുമാണ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫിക്കിയുടെ വാർഷിക യോഗത്തിൽ സംസാരിക്കവെ, രാജ്യത്തെ വ്യവസായ മേഖലയ്ക്ക് അനുകൂലമായ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ കേന്ദ്ര സർക്കാർ നടപ്പാക്കിയതായി പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. കോർപ്പറേറ്റ് നികുതി 30 ശതമാനത്തിൽനിന്ന് 22 ശതമാനമായി കുറച്ചതും പുതിയ ആദായനികുതി വ്യവസ്ഥയിൽ ഇളവിലൂടെ 12 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനത്തിന് ആദായനികുതി ബാധ്യത ഒഴിവാക്കിയതും പ്രധാനമന്ത്രി എടുത്തുപറഞ്ഞിരുന്നു.

എന്നാൽ, കോർപ്പറേറ്റ് നികുതിയിളവുകളുടെ പ്രയോജനം സാധാരണ തൊഴിലാളികളിലേക്ക് എത്തിയിട്ടുണ്ടോയെന്ന് രാഹുൽ ചോദിച്ചു. നികുതിയിളവുകൾ ലഭിച്ച കമ്പനികൾ ജീവനക്കാരുടെ ശമ്പളം ആനുപാതികമായി വർധിപ്പിച്ചിട്ടുണ്ടോ, കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകിയിട്ടുണ്ടോ, രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിന് ഈ നടപടികൾ എത്രത്തോളം സഹായകമായിട്ടുണ്ട് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉയർത്തി.

പ്രധാനമന്ത്രിയെയും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള വ്യവസായികളെയും ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ തുടർന്നുള്ള വിമർശനം. രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടുവെന്നും ജനങ്ങൾ അതിന് സാക്ഷികളാണെന്നും ആരോപിച്ച അദ്ദേഹം, വ്യവസായികളിൽനിന്ന് പ്രതീക്ഷിക്കുന്ന പ്രശംസ ലഭിക്കാത്തതിലുള്ള അസ്വസ്ഥതയാണോ പ്രധാനമന്ത്രിയുടെ പരാമർശങ്ങൾക്ക് പിന്നിലെന്നും പരിഹസിച്ചു.

വ്യവസായികളുടെ താൽപര്യങ്ങളെയും കൂടുതൽ വളർച്ച നേടാനുള്ള അഭിലാഷങ്ങളെയും സംബന്ധിച്ച പ്രധാനമന്ത്രിയുടെ പരാമർശങ്ങളെയും രാഹുൽ വിമർശിച്ചു. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഖനികൾ, വനവിഭവങ്ങൾ, വൈദ്യുതി, കൽക്കരി, റോഡുകൾ തുടങ്ങിയ സുപ്രധാന മേഖലകളിലെ അവസരങ്ങളും ആസ്തികളും തിരഞ്ഞെടുത്ത വ്യവസായ ഗ്രൂപ്പുകൾക്ക് കൈമാറിയതായി അദ്ദേഹം ആരോപിച്ചു. ഇതിലൂടെ രാജ്യത്ത് എത്ര പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടുവെന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ ഗാന്ധി തന്റെ കുറിപ്പിൽ ഏതെങ്കിലും വ്യവസായിയുടെയോ വ്യവസായ ഗ്രൂപ്പിന്റെയോ പേര് നേരിട്ട് പരാമർശിച്ചിട്ടില്ല. അതേസമയം, അദാനി, അംബാനി വ്യവസായ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടുള്ളതാണ് അദ്ദേഹത്തിന്റെ വിമർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ കാരണം പ്രധാനമന്ത്രിയെ പ്രശംസിക്കാൻ കഴിയുന്ന സാഹചര്യത്തിലല്ല രാജ്യത്തെ വിവിധ ജനവിഭാഗങ്ങളെന്നും രാഹുൽ ആരോപിച്ചു. ചെറുകിട വ്യാപാരികൾ, വ്യവസായികൾ, വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാർ, സാമ്പത്തിക സമ്മർദം നേരിടുന്ന ഇടത്തരക്കാർ, തൊഴിലില്ലാത്ത യുവാക്കൾ എന്നിവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളുടെ യഥാർഥ സാമ്പത്തിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനുപകരം സ്വന്തം നേട്ടങ്ങളെക്കുറിച്ച് പ്രശംസ കേൾക്കാനാണ് പ്രധാനമന്ത്രി താൽപര്യപ്പെടുന്നതെന്നും രാഹുൽ പരിഹസിച്ചു. ശേഷിക്കുന്ന പിന്തുണക്കാരെയെല്ലാം ഒരുമിച്ചുകൂട്ടി കൈയടിപ്പിക്കാനും സ്വയം പ്രശംസിപ്പിക്കാനും പ്രധാനമന്ത്രി ശ്രമിക്കട്ടെയെന്ന പരിഹാസത്തോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.

Leave a Comment

More News